ഈ ബിൽ സമാനമായ ആൻ്റി റേപ്പ് ബില്ലുകളുടെ "കോപ്പി-പേസ്റ്റാണെന്ന" ആരോപണവുമായി ഗവർണർ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
പശ്ചിമ ബംഗാൾ നിയമസഭ പാസാക്കിയ ആന്റി റേപ്പ് ബില്ലായ 'അപരാജിത ബിൽ' പ്രസിഡൻ്റ് ദ്രൗപതി മുർമുവിന് അയച്ച് ഗവർണർ സി വി ആനന്ദ ബോസ്. ബില്ലിൽ ഗവർണർ ഒപ്പിട്ടില്ലെങ്കിൽ രാജ് ഭവന് മുൻപിൽ സമരം ചെയ്യുമെന്ന് മുഖ്യമന്ത്രി മമതാ ബാനർജി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നലെയാണ് ഗവർണറുടെ നടപടി. പുതിയ ബിൽ സമാനമായ ആൻ്റി റേപ്പ് ബില്ലുകളുടെ "കോപ്പി-പേസ്റ്റാണെന്ന" ആരോപണവുമായി ഗവർണർ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള കുറ്റകൃത്യങ്ങളിൽ ക്രിമിനൽ നിയമ ഭേദഗതി ചെയ്ത ബിൽ കഴിഞ്ഞ ദിവസമാണ് പശ്ചിമ ബംഗാൾ നിയമസഭ ഏകകണ്ഠമായി പാസാക്കിയത്. എന്നാൽ ഈ ബിൽ ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങൾ പാസാക്കിയ സമാന ബില്ലുകളുടെ കോപ്പി-പേസ്റ്റാണെന്നായിരുന്നു ഗവര്‍ണറുടെ വിമര്‍ശനം. നിയമസഭ പാസാക്കിയ അപരാജിത ബില്ലിനൊപ്പം സാങ്കേതിക റിപ്പോർട്ട് അറ്റാച്ച് ചെയ്യുന്നതിൽ പരാജയപ്പെട്ടതും മമത സർക്കാരിനെതിരായ വിമർശനങ്ങൾക്ക് വഴിയൊരുക്കി. എന്നാൽ ബില്ല് പാസാക്കിയില്ലെങ്കിൽ സമരം ചെയ്യുമെന്ന മമത സർക്കാരിൻ്റെ സമ്മർദത്തിന് ഗവർണർ വഴങ്ങുകയായിരുന്നു.
ALSO READ:മമത സര്‍ക്കാരിന്റെ അപരാജിത ബില്‍ 'കോപ്പി-പേസ്റ്റ്': വിമര്‍ശിച്ച് ഗവര്‍ണര്‍ ആനന്ദബോസ്
ബലാത്സംഗത്തിൽ കൊല്ലപ്പെടുകയോ, കിടപ്പിലാകുകയോ ചെയ്താൽ വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെടുന്ന 'അപരാജിത വുമൺ ആൻഡ് ചൈൽഡ് ബിൽ 2024' (പശ്ചിമ ബംഗാൾ ക്രിമിനൽ നിയമങ്ങളും ഭേദഗതിയും) സെപ്റ്റംബർ മൂന്നിനാണ് ബംഗാൾ നിയമസഭ ഏകകണ്ഠമായി പാസാക്കിയത്. മറ്റു കുറ്റവാളികൾക്ക് പരോളില്ലാതെ ജീവപര്യന്തം തടവും ബില്ലിൽ ശുപാർശ ചെയ്യുന്നു. പ്രാഥമിക റിപ്പോർട്ട് ലഭിച്ച് 21 ദിവസത്തിനുള്ളിൽ ബലാത്സംഗക്കേസുകളുടെ അന്വേഷണം പൂർത്തിയാക്കുക, അന്വേഷണത്തിനുള്ള സമയ പരിധി രണ്ട് മാസത്തില്‍ നിന്ന് കുറയ്ക്കുക, വനിതാ ഉദ്യോഗസ്ഥർ അന്വേഷണത്തിന് നേതൃത്വം നൽകുന്ന പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുക എന്നിവയാണ് ബില്ലിലെ നിര്‍ദേശങ്ങള്‍.
ഓഗസ്റ്റ് ഒന്‍പതിന് കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ രണ്ടാം വര്‍ഷ മെഡിക്കല്‍ പിജി വിദ്യാര്‍ഥിനി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ടതിനു പിന്നാലെ, സംസ്ഥാനത്തിനകത്തും പുറത്തും പ്രതിഷേധം വ്യാപകമായിരുന്നു. ആഭ്യന്തര വകുപ്പിന്റെയും പൊലീസിന്റെയും വീഴ്ചയ്ക്ക് മമത ബാനര്‍ജി സര്‍ക്കാര്‍ കടുത്ത വിമര്‍ശനങ്ങളും കേള്‍ക്കേണ്ടിവന്നിരുന്നു. ഇതിനിടെ, സംസ്ഥാനത്ത് റാലി നടത്തിയ മുഖ്യമന്ത്രി മമത ബലാത്സംഗക്കൊലയിലെ പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ്, നിമയസഭയില്‍ നിയമഭേദഗതി ബില്‍ അവതരിപ്പിച്ചത്.