fbwpx
സ്വകാര്യത മൗലിക അവകാശമാണെന്ന സുപ്രധാന വിധി; എന്താണ് ജസ്റ്റിസ് കെ.എസ്. പുട്ടസ്വാമി വേഴ്‌സസ് യൂണിയന്‍ ഓഫ് ഇന്ത്യ കേസ്?
logo

കവിത രേണുക

Posted : 29 Oct, 2024 06:40 PM

ആധാര്‍ സ്‌കീമിന്റെ നിയമസാധുതയെ ചോദ്യം ചെയ്തുകൊണ്ട് കര്‍ണാടക ഹൈക്കോടതിയിലെ റിട്ടയഡ് ചീഫ് ജസ്റ്റിസ് പുട്ടസ്വാമി 2012ലാണ് സുപ്രീം കോടതിയെ സമീപിക്കുന്നത്.

NATIONAL


സ്വകാര്യത മൗലിക അവകാശമാണെന്ന സുപ്രീം കോടതി വിധി ചരിത്രത്തിലെ നാഴികക്കല്ലായിരുന്നു. ഈ വിധിയിലേക്ക് നയിച്ച ജസ്റ്റിസ് കെ.എസ്. പുട്ടസ്വാമി കഴിഞ്ഞ ദിവസം അന്തരിച്ചു. പുട്ടസ്വാമിയുടെ വിയോഗത്തിന് പിന്നാലെ സ്വകാര്യത മൗലിക അവകാശമാണെന്ന സുപ്രധാന വിധി വീണ്ടും ചര്‍ച്ച ചെയ്യപ്പെടുകയാണ്. എന്തായിരുന്നു ജസ്റ്റിസ് പുട്ടസ്വാമി കേസിനാധാരം?


ലോകത്തെ തന്നെ ഏറ്റവും വലിയ ബയോമെട്രിക് ഐഡി സംവിധാനമാണ് ആധാര്‍. യുപിഎ സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്ന കാലത്താണ് 2006ല്‍ കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന് കീഴിലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിഭാഗം ബിപിഎല്‍ കുടുംബങ്ങള്‍ക്ക് യുണീക്ക് ഐഡന്റിഫിക്കേഷന്‍ എന്ന പ്രൊജക്ടിന് അനുമതി നല്‍കിയത്. തുടര്‍ന്ന് 2009 ജനുവരി തൊട്ട് അന്നത്തെ ആസൂത്രണ കമ്മീഷന്റെ (ഇന്നത്തെ നിതി ആയോഗ്) ഭാഗമായി യുഐഡിഎഐ (UIDAI) എന്ന രൂപത്തില്‍ യുണീക്ക് ഐഡന്റിഫിക്കേഷന്‍ എന്ന പ്രൊജക്ട് പ്രവര്‍ത്തിച്ചു വരുന്നുണ്ടായിരുന്നു. 2016 മാര്‍ച്ച് മൂന്നിന് ആധാറിന് നിയമപരമായ പിന്തുണ നല്‍കുന്നതിനായി മണി ബില്ലും അവതരിപ്പിച്ചു. 2016 മാര്‍ച്ച് 11ന് ലോക്‌സഭയില്‍ ആധാര്‍ ആക്ടും പാസ് ചെയ്തു.


ജസ്റ്റിസ് കെ.എസ്. പുട്ടസ്വാമി വേഴ്‌സസ് യൂണിയന്‍ ഓഫ് ഇന്ത്യ കേസ്


ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ഏറ്റവും വലിയ ആശങ്ക അതിന്റെ സുരക്ഷയെ സംബന്ധിച്ചുള്ളതായിരുന്നു. ആധാര്‍ നിര്‍ബന്ധമാക്കുന്നതോടു കൂടി ഇതില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളുടെയും ബയോമെട്രിക് വിവരങ്ങള്‍ സര്‍ക്കാരിന്‍റെ പക്കലുണ്ടാകുമെങ്കിലും ഇത് എത്രത്തോളം സംരക്ഷിക്കപ്പെടുമെന്ന ചോദ്യവും ഉയര്‍ന്നു. അത് ജനങ്ങള്‍ക്കിടയില്‍ വലിയ ആശങ്ക ഉയര്‍ത്തുകയും ചെയ്തു. ഈ ഘട്ടത്തിലാണ് ആധാര്‍ സ്‌കീമിന്റെ നിയമസാധുതയെ ചോദ്യം ചെയ്തുകൊണ്ട് കര്‍ണാടക ഹൈക്കോടതിയിലെ റിട്ടയഡ് ചീഫ് ജസ്റ്റിസ് പുട്ടസ്വാമി 2012ല്‍ സുപ്രീം കോടതിയെ സമീപിക്കുന്നത്.

ALSO READ: യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ എന്താണ് കമല ഹാരിസിൻ്റെയും ഡൊണാള്‍ഡ് ട്രംപിൻ്റെയും നയങ്ങൾ?



സ്വകാര്യത മൗലിക അവകാശമെന്ന വിധി


കേസില്‍ 2017 ഓഗസ്റ്റ് 24ന് സുപ്രീം കോടതി സ്വകാര്യത സംബന്ധിച്ച ചരിത്രപരമായ വിധി പ്രസ്താവിച്ചു. മനുഷ്യന്റെ സ്വകാര്യതയും ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 ന് കീഴില്‍ വരുന്ന ജീവിക്കാനുള്ള മൗലികാവകാശത്തിന് കീഴില്‍ വരുമെന്നായിരുന്നു സുപ്രീം കോടതിയുടെ വിധി. ആധാര്‍ സ്‌കീമിനെ റദ്ദാക്കാതെയായിരുന്നു സ്വകാര്യത മൗലിക അവകാശമാണെന്ന വിധി പ്രസ്താവിക്കുന്നത്. 


അന്നത്തെ ചീഫ് ജസ്റ്റിസ് ഖേഹാര്‍, ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അടക്കം ഒന്‍പതംഗ ബെഞ്ചായിരുന്നു കേസില്‍ ഏകകണ്ഠമായി വിധി പറഞ്ഞത്. വിധി ഏകകണ്ഠമായിരുന്നെങ്കിലും എന്തുകൊണ്ട് സ്വകാര്യത മൗലിക അവകാശമാണ് എന്ന് വ്യക്തമാക്കുന്ന ആറ് വ്യത്യസ്ത അഭിപ്രായങ്ങള്‍ വിധി പകര്‍പ്പിലുണ്ടായി.


ജസ്റ്റിസ് ചന്ദ്രചൂഢ്, ജസ്റ്റിസ് ഖേഹാര്‍, ജസ്റ്റിസ് ആര്‍കെ അഗര്‍വാള്‍, അബ്ദുള്‍ നസീര്‍ എന്നിവര്‍ ഒപ്പുവെച്ച വിധി ജസ്റ്റിസ് ചന്ദ്രചൂഢ് വ്യക്തമാക്കിയപ്പോള്‍, ഒന്‍പതംഗ ബെഞ്ചിലെ ബാക്കി അഞ്ചുപേര്‍ വ്യത്യസ്ത വിധിപകര്‍പ്പുകളിലൂടെയാണ് സ്വകാര്യത മൗലിക അവകാശമാണെന്ന് വ്യക്തമാക്കിയത്.


വിധിന്യായത്തിലെ പ്രസ്‌ക്ത ഭാഗങ്ങള്‍


* ഒഴിക്കാനാകാത്ത സന്ദര്‍ഭങ്ങളില്‍, നിയമാനുസൃത മാര്‍ഗങ്ങളിലൂടെ മാത്രമേ വ്യക്തികളുടെ സ്വകാര്യതയില്‍ സര്‍ക്കാര്‍ ഇടപെടാവൂ എന്ന് വിധിന്യായത്തില്‍ പറയുന്നു


*ആധാറില്‍ രേഖപ്പെടുത്തുന്ന വ്യക്തികളുടെ ബയോമെട്രിക് രേഖകള്‍ അടങ്ങുന്ന സ്വകാര്യ വിവരങ്ങള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം ഉറപ്പാക്കണം


*ലൈംഗിക ന്യൂനപക്ഷങ്ങള്‍, മതപരമായ വിശ്വാസങ്ങള്‍, രാഷ്ട്രീയ താത്പര്യങ്ങള്‍, എന്തു വായിക്കണമെന്ന സ്വാതന്ത്ര്യം, ഗര്‍ഭം അലസിപ്പിക്കാനുള്ള സ്ത്രീകളുടെ സ്വാതന്ത്ര്യം എന്നിവയും വ്യക്തികളുടെ സ്വകാര്യതയുടെ ഭാഗമാണെന്നും വിധിയില്‍ പറയുന്നു.


കേന്ദ്ര സര്‍ക്കാരിന് വലിയ തിരിച്ചടിയായിരുന്നു ഈ വിധി. സ്വകാര്യത മൗലിക അവകാശമല്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാരും ബിജെപി ഭരണത്തിലിരിക്കുന്ന സംസ്ഥാനങ്ങളും വാദിച്ചത്. ഈ വാദങ്ങള്‍ കോടതി തള്ളുകയും ചെയ്തു. അന്ന് കേരളം, പശ്ചിമ ബംഗാള്‍, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങള്‍ വ്യക്തികളുടെ സ്വകാര്യത ന്യായമായ നിയന്ത്രണങ്ങളോടെ മൗലിക അവകാശമായി സംരക്ഷിക്കപ്പെടണമെന്ന് വാദിച്ചു. നേരത്തെ സ്വകാര്യതയെ മൗലിക അവകാശമായി കണക്കാക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി പുറപ്പെടുവിച്ച സുപ്രീം കോടതി വിധികളെ തിരുത്തുന്ന വിധി കൂടിയായിരുന്നു ഇത്. ഇതിലൂടെ സ്വകാര്യത ലംഘിക്കപ്പെടുന്നു എന്നു കണ്ടാല്‍ വ്യക്തികള്‍ക്ക് മൗലിക അവകാശം ലംഘിക്കപ്പെട്ടതായി ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാനും സാധിക്കും.



NATIONAL
ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിക്കുന്നു; കോൺഗ്രസിനെ സഖ്യത്തിൽ നിന്ന് പുറത്താക്കാൻ ഇന്‍ഡ്യാ ബ്ലോക്കിനോട് ആവശ്യപ്പെടുമെന്ന് എഎപി
Also Read
user
Share This

Popular

KERALA
KERALA
മലയാളത്തിന്റെ മഞ്ഞ് കാലം മാഞ്ഞു; എംടിയെ യാത്രയാക്കി കേരളം