സുനിത വില്യംസിനെ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാൻ എത്രയും പെട്ടന്നു തന്നെ നാസ അന്തിമ തീരുമാനം കൈക്കൊള്ളുമെന്ന് യുഎസ് ബഹിരാകാശ ഏജൻസി അറിയിച്ചു
സുനിത വില്യംസും സഹയാത്രികരും ജൂൺ 6 മുതൽ ബഹിരാകാശത്ത് കുടുങ്ങിക്കിടക്കുകയാണ്. മടങ്ങി വരവിൻ്റെ സമയം അതിക്രമിച്ചിട്ടും അടുത്ത കുറച്ച് ദിവസത്തേക്ക് കൂടി ബഹിരാകാശത്ത് ചെലവഴിക്കേണ്ടിവരുമെന്ന് നാസ പറയുന്നത്. ബോയിങ്ങിൻ്റെ സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിലോ സ്‌പേസ് എക്‌സിൻ്റെ ഡ്രാഗൺ ക്യാപ്‌സ്യൂളിലോ സുനിത വില്യംസിനെ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാൻ എത്രയും പെട്ടന്നു തന്നെ നാസ അന്തിമ തീരുമാനം കൈക്കൊള്ളുമെന്ന് യുഎസ് ബഹിരാകാശ ഏജൻസി അറിയിച്ചു.
സുനിത വില്യംസും ബുച്ച് വില്‍മോറും മടക്കയാത്രയ്ക്ക് സ്റ്റാര്‍ലൈനര്‍ പേടകം തന്നെ ഉപയോഗിച്ചാല്‍ നിരവധി വെല്ലുവിളികളെ അതിജീവിക്കേണ്ടിവരും എന്നാണ് അമേരിക്കൻ ശാസ്ത്രജ്ഞർമാർ പറയുന്നത്. 96 മണിക്കൂര്‍ നേരത്തേക്കുള്ള ഓക്‌സിജനെ സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ അവശേഷിക്കുന്നുള്ളൂവെന്നും റിപ്പോർട്ടുകളുണ്ട്. എട്ട് ദിവസത്തേക്ക് നിശ്ചയിച്ചിരുന്ന ബഹിരാകാശ ദൗത്യം പേടകത്തിൻ്റെ ക്യാപ്‌സൂൾ ചോർന്നതോടെ അനന്തമായി നീളുകയായിരുന്നു.
സുനിത വില്യംസിൻ്റെ മൂന്നാമത്തെ ബഹിരാകാശനിലയ സന്ദർശനവും ബോയിങ് സ്റ്റാർലൈനറിന്റെ കന്നിയാത്രയുമായിരുന്നു ഇത്. തുടർച്ചയായി പ്രതിസന്ധികൾ നേരിട്ട ഈ ദൗത്യത്തിന്റെ വിക്ഷേപണം രണ്ടു തവണയാണ് മാറ്റി വെക്കേണ്ടി വന്നത്. ജൂൺ ആദ്യമുണ്ടായ ഹീലിയം ചോർച്ചയും അതിൻ്റെ ഫലമായി പേടകത്തിൻ്റെ റിയാക്ഷൻ കൺട്രോൾ സിസ്റ്റത്തിന്റെ 28 ത്രസ്റ്ററുകളിൽ 5 എണ്ണം ഉപയോഗശൂന്യമായതായി കണ്ടെത്തിയിരുന്നു. ഇതാണ് മടങ്ങി വരവിൽ അനിശ്ചിതത്വം സൃഷ്ടിക്കുന്ന പ്രധാന കാരണം.