ഇംഗ്ലീഷ്, ചൈനീസ്, സ്പാനിഷ്, കൊറിയൻ, ബംഗാളി എന്നീ അഞ്ച് ഭാഷകളാണ് യുഎസ് ബാലറ്റ് ബോക്സിൽ ഇടം നേടിയവയെന്ന് ന്യൂയോർക്ക് തെരഞ്ഞെടുപ്പ് ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ, മൈക്കൽ ജെ. റയാൻ അറിയിച്ചു
നഗര ആസൂത്രണ വിഭാഗത്തിൻ്റെ കണക്കനുസരിച്ച് ഇരുനൂറോളം ഭാഷകൾ സംസാരിക്കുന്ന ആളുകളുള്ള നഗരമാണ് ന്യൂയോർക്ക്. എന്നാൽ, ഇംഗ്ലീഷ് ഭാഷ അല്ലാതെ, മറ്റ് നാല് ഭാഷകൾ മാത്രമാണ് യുഎസ് 47-ാമത് പ്രസിഡൻ്റിനെ തെരഞ്ഞെടുക്കുന്ന ഘട്ടത്തിൽ ബാലറ്റ് പേപ്പറിൽ ഇടംപിടിച്ചത്. അതിൽ, ഇന്ത്യൻ ഭാഷയായി ഇടംപിടിച്ചത് ബംഗാളി ഭാഷയാണ്.
ഇംഗ്ലീഷ്, ചൈനീസ്, സ്പാനിഷ്, കൊറിയൻ, ബംഗാളി എന്നീ അഞ്ച് ഭാഷകളാണ് യുഎസ് ബാലറ്റ് പേപ്പറിൽ ഇടം നേടിയവയെന്ന് ന്യൂയോർക്ക് തെരഞ്ഞെടുപ്പ് ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ, മൈക്കൽ ജെ. റയാൻ അറിയിച്ചു. ഇംഗ്ലീഷിന് പുറമെ മറ്റ് നാല് ഭാഷകളിൽ കൂടി ഞങ്ങൾ സേവനം നൽകേണ്ടതുണ്ടെന്നും, അതുകൊണ്ടാണ് ബംഗാളി അടക്കമുള്ള ഭാഷകൾ കൂടി ഉൾപെടുത്തിയതെന്നും അദ്ദേഹം അറിയിച്ചു.
ALSO READ: ആര് തൊടും ആ മാന്ത്രിക സംഖ്യ? 270 ഉറപ്പിക്കാന്‍ കമലയ്ക്ക് വേണ്ടത് 44 വോട്ടുകള്‍, ട്രംപിന് 51
1965ലെ വോട്ടിങ്ങ് അവകാശ നിയമത്തിൻ്റെ വ്യവസ്ഥപ്രകാരം, ദക്ഷിണേഷ്യൻ ന്യൂനപക്ഷങ്ങൾക്ക് ഭാഷാ സഹായം നൽകാൻ ഫെഡറൽ ഗവൺമെന്റ് ഉത്തരവിട്ടിരുന്നു. ബാലറ്റിൽ ബംഗാളി ഭാഷ ഇടം പിടിച്ചത് അതിന് രണ്ട് വർഷത്തിന് ശേഷമാണ്. ന്യൂയോർക്കിലെ ക്വീൻസ് പ്രദേശത്തെ ദക്ഷിണേഷ്യൻ വിഭാഗക്കാർ, ബംഗാളി ബാലറ്റുകൾ കാണുന്നത് 2013ലാണ്. ഇന്ത്യ, ബംഗ്ലാദേശ് തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരെ കൂടി പരിഗണിക്കുന്നതിനായാണ് ബംഗാളി ഭാഷ ഉൾപ്പെടുത്തിയത്. മുഴുവൻ ഭാഷകളും ഉൾക്കൊള്ളുന്നില്ലെങ്കിലും, ബംഗാളി ചേർക്കുന്നത് ഈ വിഭാഗത്തിലെ വോട്ടർമാർക്ക് പ്രചോദനമായേക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
അമേരിക്കൻ ജനത ഇന്ന് വിധിയെഴുതും. ഇന്ത്യൻ സമയം ഇന്നു വൈകിട്ട് നാലരയ്ക്ക് ചില സ്റ്റേറ്റുകളിൽ പോളിങ് ആരംഭിക്കും. ചില സ്റ്റേറ്റുകളിൽ നാളെ പുലർച്ചെ ആറര വരെ വോട്ടെടുപ്പ് തുടരും. പോളിങ് പൂർത്തിയാകുന്നതിന് പിന്നാലെ വോട്ടെണ്ണലും, അതത് സ്റ്റേറ്റുകളിൽ ആരംഭിക്കും. ഫലമറിയാൻ മൂന്നു മുതൽ 15 ദിവസം വരെ നീണ്ടുപോകാൻ സാധ്യതയുണ്ട്.
ALSO READ: എന്താണ് സങ്കീർണമായ അമേരിക്കൻ തെരഞ്ഞെടുപ്പ്? എന്താണ് ഇന്ത്യയിൽ ഇല്ലാത്ത ഇലക്ടറൽ കോളേജ്?