കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്തതില്‍ നിന്നും നിർണായകമായ വിവരങ്ങളാണ് പൊലീസിനു ലഭിച്ചത്
കുറുവാ സംഘത്തിന്‍റെ സാന്നിധ്യം എറണാകുളത്തും ആലപ്പുഴയിലും ഉണ്ടെന്ന് സ്ഥിരീകരിച്ചതോടെ ഭയത്തോടെയാണ് ജനങ്ങള്‍ രാത്രികള്‍ തള്ളിനീക്കുന്നത്. എവിടെ, എപ്പോൾ കള്ളൻ കയറുമെന്ന പേടിയോടെയാണ് ആളുകൾ കഴിയുന്നത്. കഴിഞ്ഞ മാസം 28ന് മണ്ണഞ്ചേരിയിൽ മോഷണ ശ്രമം നടത്തിയ സംഘം പിന്നീട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കവർച്ച നടത്തുകയും കഴിഞ്ഞ ദിവസം ഒരാളെ ആക്രമിക്കുകയും ചെയ്തിരുന്നു. ആലപ്പുഴ ഡിവൈഎസ്പി മധു ബാബുവിന്റെ നേതൃത്വത്തിൽ ഏഴംഗ സംഘം ഊർജിതമായ അന്വേഷണത്തിനൊടുവില്‍ കൊച്ചി കുണ്ടന്നൂരിൽ നിന്ന് രണ്ട് കുറുവാ സംഘാംഗങ്ങളെ കസ്റ്റഡിയിലെടുത്തു. സന്തോഷ് ശെൽവം, മണികണ്ഠൻ എന്നിവരാണ് പിടിയിലായത്. പക്ഷെ, പൊലീസിന്‍റെ കസ്റ്റഡിയില്‍ നിന്നു അതില്‍ ഒരാള്‍ അതിസാഹസികമായി ചാടിപ്പോയി.
സന്തോഷ് ശെല്‍വമാണ് കൈവിലങ്ങോടെ ചാടിപ്പോയത്. നാല് മണിക്കൂറിന് ശേഷമാണ് ഇയാളെ പൊലീസ് വീണ്ടും പിടികൂടിയത്. മണ്ണിൽ കുഴിയുണ്ടാക്കിയാണ് ഈ സമയം അത്രയും ഇയാൾ ഒളിച്ചിരുന്നത് എന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. അത്രമേല്‍ തന്ത്രപരമായാണ് ഇവർ ഒരോ ചുവടുംവയ്ക്കുന്നത്.
12 മുതല്‍ 14 വരെ ആളുകളുള്ള സംഘമാണ് കേരളത്തില്‍ എത്തിയത് എന്നാണ് പൊലീസിന്‍റെ അനുമാനം. സന്തോഷ് സെല്‍വത്തിന്‍റെ പേരില്‍ 18 കേസുകളാണ് തമിഴ്നാട്ടില്‍ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 30ഓളം കേസുകള്‍ ഉണ്ടെന്ന് പ്രതി തന്നെ കേരള പൊലീസിനോട് സമ്മതിച്ചു. രണ്ടാം പ്രതിയെ സംബന്ധിച്ചുള്ള വിവരങ്ങളും പൊലീസിനു ലഭിച്ചിട്ടുണ്ട്. കോമളപുരത്തും മഞ്ചേരിയിലും മോഷണം നടത്തിയത് സന്തോഷ് സെല്‍വമാണ്. ആലപ്പുഴയില്‍ വിവിധ ഭാഗങ്ങളില്‍ മോഷണം നടത്തിയത് ഇവരുള്‍പ്പെടുന്ന കുറുവ സംഘമാണെന്നാണ് പൊലീസിന്‍റെ നിഗമനം.
ശബരിമല സീസണുകളിലാണ് സംഘം പ്രധാനമായും കേരളത്തില്‍ എത്തുന്നത്. അന്യ സംസ്ഥാനത്ത് നിന്ന് എത്തുന്ന സ്വാമിമാരുടെ മറവിലാണ് സംഘം എത്തുക. പകല്‍ കത്തികള്‍ക്ക് മൂര്‍ച്ച കൂട്ടുന്നത് പോലെയുള്ള തൊഴിലുകള്‍ ചെയ്യും. ഇങ്ങനെ കണ്ട് വയ്ക്കുന്ന, തകര്‍ക്കാന്‍ കഴിയുന്ന വീടുകളില്‍ രാത്രിയില്‍ കയറി മോഷണം നടത്തും.
ആരാണ് കുറുവാ സംഘം? എന്താണ് ഇവരുടെ മോഷണരീതി?
തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിക്കടുത്ത് തിരുട്ടുഗ്രാമത്തിൽ നിന്നുള്ള മോഷ്ടാക്കളുടെ കൂട്ടമാണ് കുറുവാ സംഘം. തമിഴ്നാട് ഇൻ്റലിജൻസ് വിഭാഗമാണ് ഈ മോഷണ സംഘത്തിന് 'കുറുവ' എന്ന പേര് നൽകിയത്. ആയുധധാരികളായ സംഘമെന്ന് അർഥം. തമിഴ്നാട്ടിൽ 'നരിക്കുറുവ' എന്ന പേരിലും അറിയപ്പെടാറുണ്ട്. പാരമ്പര്യമായി കൈമാറിവന്ന മോഷണ തന്ത്രങ്ങളാണ് ഇവരുടെ കൈമുതൽ. ഇവരിൽ നിന്ന് കുറഞ്ഞത് മൂന്ന് പേരാകും ഒരിടത്ത് മോഷ്ടിക്കാൻ പോകുക.
തിരുട്ടുഗ്രാമമാണ് കുറുവാ സംഘത്തിന്റെ സ്വന്തം നാടെങ്കിലും ഇപ്പോഴത്തെ കുറുവാ സംഘത്തിലുള്ളവരെല്ലാം ഒരേ ഗ്രാമത്തിൽ നിന്നുള്ളവരല്ല. ചെറിയ ജോലികളുമായി പകൽ ചുറ്റിക്കറങ്ങുകയും രാത്രി മോഷണം നടത്തുകയും ചെയ്യുന്ന കുറുവാ സംഘം തമ്പടിക്കുന്നത് കേരള തമിഴ്നാട് അതിർത്തിയിലാണ്.
Also Read: മോഷ്ടാക്കൾ കുറുവാസംഘത്തിലേത് തന്നെ; നിർണായകമായത് പ്രതിയുടെ നെഞ്ചിലെ ടാറ്റൂ
മോഷണം ഈ വിധം...
പിടിക്കപ്പെട്ടാൽ വഴുതിരക്ഷപെടാനായി ദേഹം മുഴുവൻ എണ്ണയും കരിയും തേച്ച് പിടിപ്പിക്കും. അർധനഗ്നരായി, മുഖം മറച്ചാകും ഇവർ മോഷ്ടിക്കാനിറങ്ങുക. ഷർട്ടും മുണ്ടും അരയിൽ തിരുകി ഒരു നിക്കറിടും. ഇത് മാത്രമാണ് മോഷണത്തിനിറങ്ങുമ്പോഴുള്ള വേഷം. രാത്രി വീടിനുപുറത്തെ പൈപ്പ് തുറന്നിട്ടോ കുട്ടികളുടേത് പോലെയുള്ള ശബ്ദമുണ്ടാക്കിയോ വീട്ടുകാരെ ഉണർത്തും. വീട്ടുകാർ വാതിൽ തുറക്കുന്നതും ഇവർ ആക്രമിച്ച് അകത്തുകയറി സ്വർണം, പണം എന്നിവയുൾപ്പെടെ മോഷ്ടിക്കും.
ഏതിരുട്ടിലും പതുങ്ങിയെത്തുന്ന ഇവരെ സംബന്ധിച്ച് പേടി എന്നൊന്നില്ല. മോഷണത്തിനായി കൊല്ലാൻ പോലും മടിയുമില്ല. മോഷണം തൊഴിലും ലഹരിയുമാണിവർക്ക്. കേരളത്തിൽ സ്ത്രീകൾ സ്വർണം ധരിക്കുന്നത് കൂടുതലായതിനാലാണ് കുറുവാ സംഘം മോഷണത്തിനായി ഇവിടം തെരഞ്ഞെടുക്കുന്നതെന്നാണ് പൊലീസ് പറയുന്നത്. ഭൂരിഭാഗം വീടുകൾക്കും പുറംഭാഗത്ത് താരതമ്യേന ബലം കുറഞ്ഞ വാതിലുകളാകും. അതുകൊണ്ടുതന്നെ അടുക്കള ഭാഗമാണ് വീടിനകത്ത് കയറാൻ മോഷ്ടാക്കള്‍ തെരഞ്ഞെടുക്കുന്നത്.
ശബരിമല സീസൺ മുതലെടുത്താണ് ഇപ്പോഴത്തെ മോഷണമെന്നാണ് ആലപ്പുഴ ഡിവൈഎസ്പി മധു ബാബു പറയുന്നത്. വേഷം മാറുന്നതിനടക്കം ഇതൊരു സൗകര്യമായിയാണ് മോഷ്ടാക്കള്‍ കണക്കാക്കുന്നത്. എളുപ്പത്തിൽ നാടുവിടാൻ വേണ്ടി താമസിക്കാൻ തെരഞ്ഞെടുക്കുന്നതാകട്ടെ റെയിൽവേ സ്റ്റേഷനുകളോട് ചേർന്ന സ്ഥലങ്ങളും.
Also Read: പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ കുറുവ സംഘാംഗം പിടിയിൽ
ജാഗ്രത! അത് ആവശ്യമാണ്
കുറുവാ സംഘത്തെ നേരിടാൻ തികഞ്ഞ ജാഗ്രതയാണ് ആവശ്യം. രാത്രി കാലങ്ങളിൽ വീടും പരിസരവും ശ്രദ്ധയോടെ നിരീക്ഷിക്കണം. വാതിലും ജനലുകളും അടച്ചെന്ന് ഉറപ്പുവരുത്തണം. അസാധാരണ ചലനങ്ങളോ ശബ്ദങ്ങളോ കേട്ടാൽ നാട്ടുകാരെയോ പൊലീസിനെയോ വിളിക്കാം. രാത്രിയിൽ ഹെഡ്സെറ്റോ മറ്റോ വച്ച് പാട്ടുകേട്ട് അശ്രദ്ധമായി ഇരിക്കരുത്. പകൽസമയത്ത് വീട്ടുപരിസരത്ത് അപരിചിതരെ കണ്ടാൽ അതും ശ്രദ്ധിക്കണം. കള്ളന് പൊലീസ് മാത്രമല്ല ജനങ്ങളുടെ ജാഗ്രത കൂടിയാണ് പ്രതിവിധി.