തിരുവനന്തപുരം പാലോട് അടിപ്പറമ്പ് വനത്തില്‍ അമ്പതുകാരന്‍ കൊല്ലപ്പെട്ട വാര്‍ത്തയാണ് ഏറ്റവും ഒടുവിലായി വന്നത്.
കേരളത്തില്‍ വിവിധ ജില്ലകളില്‍ കാട്ടാനക്കലിയില്‍ പൊലിഞ്ഞത് മൂന്ന് ജീവന്‍. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായാണ് മൂന്ന് പേര്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. തിരുവനന്തപുരം പാലോട് അടിപ്പറമ്പ് വനത്തില്‍ അമ്പതുകാരന്‍ കൊല്ലപ്പെട്ട വാര്‍ത്തയാണ് ഏറ്റവും ഒടുവിലായി വന്നത്.
പാലോട് അടിപ്പറമ്പ് വനത്തില്‍ ഇന്നലെയാണ് മൃതദേഹം കണ്ടെത്തിയത്. മടത്തറ വലിയ പുതുക്കോട് സ്വദേശി ബാബുവാണ് കൊല്ലപ്പെട്ടത്. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ ബാബുവിനെ കാട്ടാന ആക്രമിച്ചുവെന്നാണ് കരുതുന്നത്. തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് പരിസരവാസികള്‍ മൃതദേഹം കണ്ടെത്തിയത്.
നാല് ദിവസം മുമ്പാണ് ബാബുവിനെ കാണാതായത്. കുളത്തൂപ്പുഴ വനംപരിധിയില്‍പ്പെട്ട അടിപറമ്പ് ശാസ്താംനട കാട്ടുപാതയ്ക്കു സമീപം ഇദ്ദേഹത്തിന്റെ വസ്ത്രങ്ങള്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും നടത്തിയ അന്വേഷണത്തിലാണ് നിര്‍ച്ചാലിനു സമീപത്തായി ആന ചവിട്ടിക്കൊന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഇന്നു തന്നെ മൃതദേഹം വീണ്ടെടുത്ത് നടപടികള്‍ സ്വീകരിക്കുമെന്ന് ഗ്രാമപ്പഞ്ചായത്ത് ഉദ്യോഗസ്ഥരും വനംവകുപ്പും അറിയിച്ചു. പ്രധാന പാതയില്‍ നിന്നും എട്ട് കിലോമീറ്റര്‍ ഉള്ളില്‍ വനത്തിലാണ് മൃതദേഹം.
വയനാടും കാട്ടാനക്കലിയില്‍ ഒരു ജീവന്‍ പൊലിഞ്ഞു. നൂല്‍പ്പുഴ കാപ്പാട് ഉന്നതിയിലെ മാനു ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ടാണ് മാനുവിനും ഭാര്യയ്ക്കും നേരെ കാട്ടാന ആക്രമണമുണ്ടായത്. കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി മടങ്ങുകയായിരുന്ന ദമ്പതികളെ കാട്ടാന ആക്രമിക്കുകയായിരുന്നു. മാനുവിന്റെ ഭാര്യയെ കാണാനില്ലെന്ന് നാട്ടുകാര്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പേടിച്ചുവിറച്ച നിലയില്‍ ഒളിച്ചിരിക്കുകയായിരുന്നു സ്ത്രീയെ നാട്ടുകാര്‍ കണ്ടെത്തി.
ഇന്നലെയാണ് ഇടുക്കി പെരുവന്താനം കൊമ്പന്‍പാറയില്‍ ടിആര്‍ ആന്‍ഡ് ടി എസ്റ്റേറ്റില്‍ കാട്ടാന ആക്രമണത്തില്‍ സോഫിയ ഇസ്മായില്‍ എന്ന സ്ത്രീ കൊല്ലപ്പെട്ടത്. വീട്ടില്‍ നിന്ന് സമീപത്തെ അരുവിയിലേക്ക് കുളിക്കാന്‍ പോയതായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും തിരികെ വരാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് സോഫിയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
നേരത്തേയും സ്ഥലത്ത് കാട്ടാനക്കൂട്ടം എത്തിയിരുന്നുവെന്നും കഷ്ടിച്ച് രക്ഷപ്പെട്ടതിനെ കുറിച്ചുമെല്ലാം സോഫിയയും കുടുംബവും വിവരിക്കുന്ന ദൃശ്യങ്ങള്‍ ന്യൂസ് മലയാളത്തിന് ലഭിച്ചിരുന്നു. വനാതിര്‍ത്തിയോട് ചേര്‍ന്ന സ്ഥലത്താണ് സോഫിയയുടെ കുടുംബം താമസിക്കുന്നത്.
സോഫിയയുടെ ഖബറടക്കം ഇന്ന് നടക്കും. കുടുംബത്തിന് ഇന്നു തന്നെ പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും മകള്‍ക്ക് സര്‍ക്കാര്‍ ജോലിക്ക് ശുപാര്‍ശ നല്‍കുമെന്നും ജില്ലാ കളക്ടര്‍ വി. വിഘ്‌നേശ്വരി അറിയിച്ചു.