മുൻ വൈരാഗ്യത്തെ തുടർന്ന് തൻ്റെ ശരീരത്തിൽ കയറി പിടിച്ചെന്നും വസ്ത്രം വലിച്ചുകീറാൻ ശ്രമിച്ചുവെന്നുമാണ് ഡെയ്സി തോമസിന്റെ പരാതി
തൃശൂരിൽ വനിത ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് നേരെ കയ്യേറ്റ ശ്രമം. പൊയ്യ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡെയ്സി തോമസിനെയാണ് മടത്തുംപടി സ്വദേശിയായ മാളിയേക്കൽ ജോസ് എന്ന വ്യക്തി പഞ്ചായത്ത് ഓഫീസിൽ കയറി ആക്രമിച്ചത്. സംഭവത്തിൽ മാള പൊലീസ് ജോസിനെ കസ്റ്റഡിയിൽ എടുത്തു.
Also Read: അക്രമത്തിൽ ഷഹബാസിന്റെ തലയോട്ടി തകർന്നു; പോസ്റ്റ്‌മോർട്ടത്തിന്റെ പ്രാഥമിക വിവരം പുറത്ത്
ഇന്ന് രാവിലെ 11 മണിയോടെ പഞ്ചായത്ത് ഓഫീസിലേക്ക് എത്തിയപ്പോൾ മുൻ വൈരാഗ്യത്തെ തുടർന്ന് ജോസ് തൻ്റെ ശരീരത്തിൽ കയറിപിടിച്ചെന്നും വസ്ത്രം വലിച്ചുകീറാൻ ശ്രമിച്ചുവെന്നുമാണ് ഡെയ്സി തോമസിന്റെ പരാതി. മുൻപ് ഇയാൾ തന്നെ വാഹനം ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായി കാട്ടി പൊലീസിൽ പരാതി നൽകിയിരുന്നതായും ഡെയ്സി പറഞ്ഞു. ആക്രമണത്തിൽ പരിക്കേറ്റ ഇവർ മാളയിലെ ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്. സംഭവത്തിൽ മാള പൊലീസ് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി. പ്രസിഡന്റിനെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് പൊയ്യ പഞ്ചായത്തിൽ കോൺഗ്രസ് ഇന്ന് ഹർത്താൽ പ്രഖ്യാപിച്ചു. കോൺഗ്രസ് മണ്ഡലം കമ്മിറ്റിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്.