കുറച്ച് വർഷങ്ങള്‍ക്ക മുന്‍പ്, ഇന്ദിരാ ഗാന്ധിക്ക് മുന്നില്‍ ലഘുലേഖയും വായിച്ച് നില്‍ക്കുന്ന യെച്ചൂരിയുടെ ഫോട്ടോ ഒരു വ്യാജ അടിക്കുറിപ്പോടെ സമൂഹമാധ്യമങ്ങളിലുടെ പ്രചരിച്ചിരുന്നു
ഇന്ദിരാ ഗാന്ധിയെപ്പോലും വിസ്മയിപ്പിച്ച വിപ്ലവകാരിയായിരുന്നു സീതാറാം യെച്ചൂരി. ഇന്ത്യയെന്നാൽ ഇന്ദിര,ഇന്ദിരയെന്നാൽ ഇന്ത്യ എന്ന തരത്തിൽ കോൺഗ്രസ് രാജ്യം ഭരിച്ചിരുന്ന കാലത്ത് ഇന്ദിരയുടെ മുഖത്ത് നോക്കി പ്രതിഷേധമറിയിച്ച അപൂർവം രാഷ്ട്രീയ നേതാക്കളിൽ ഒരാൾ.
കുറച്ച് വർഷങ്ങള്‍ക്ക മുന്‍പ്, ഇന്ദിരാ ഗാന്ധിക്ക് മുന്നില്‍ ലഘുലേഖയും വായിച്ച് നില്‍ക്കുന്ന യെച്ചൂരിയുടെ ഫോട്ടോ ഒരു വ്യാജ അടിക്കുറിപ്പോടെ സമൂഹമാധ്യമങ്ങളിലുടെ പ്രചരിച്ചിരുന്നു. ജെഎന്‍യുവിന്‍റെ കവാടത്തിനു മുന്നില്‍ നിന്ന് യെച്ചൂരി ഇന്ദിരയോടെ മാപ്പ് പറയുകയായിരുന്നു എന്നായിരുന്നു ഇവരുടെ വാദം. എന്നാല്‍ ആ ചരിത്ര നിമിഷത്തില്‍ സംഭവിച്ചത് ഒരു കുറ്റ വിചാരണയാണ്. ഇന്ദിരയുടെ വിചാരണ.
ALSO READ: സീതാറാം യെച്ചൂരി: ഇന്ത്യയുടെ മെയിന്‍സ്ട്രീം- ലിബറല്‍- റാഡിക്കല്‍ കമ്യൂണിസ്റ്റ്
രാജ്യം പ്രതിഷേധത്തീയിൽ ആർത്തലച്ച അടിയന്തരാവസ്ഥാക്കാലത്ത് വിദ്യാർഥികൾ ഡൽഹി തെരുവുകളിൽ ചോരചിന്തി. പലരെയും പൊലീസ് അറസ്റ്റ് ചെയ്തു. ജെഎന്‍യുവില്‍ നിന്നും കാണാതായവരും നിരവധിയാണ്. ജെഎൻയു വിദ്യാർഥിയായിരുന്ന സീതാറാം യെച്ചൂരി അടിയന്തരാവസ്ഥയ്ക്ക് പിന്നാലെ, 1977ല്‍ സർവകലാശാലയിലെ സ്റ്റുഡൻ്റ്സ് യൂണിയൻ പ്രസിഡൻ്റായി. അടിയന്തരാവസ്ഥാനന്തരം നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തോറ്റിട്ടും ഇന്ദിരഗാന്ധി ജെഎന്‍യു ചാന്‍സിലർ സ്ഥാനം ഒഴിഞ്ഞിരുന്നില്ല. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ നേരിട്ട് പ്രതിഷേധം അറിയിക്കാൻ വിദ്യാർത്ഥികൾ തീരുമാനിച്ചു. 1978ൽ ജെഎൻയു ചാൻസലർ കൂടിയായ പ്രധാനമന്ത്രിയ്ക്ക്, അവരുടെ വസതിക്ക് മുന്നില്‍വെച്ച്, സീതാറാം യെച്ചൂരിയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ കുറ്റപത്രം വായിച്ചുകേൾപ്പിച്ചു. അടിയന്തരാവസ്ഥയുടെ പേരിൽ ഒരുപക്ഷേ ഇന്ദിരാഗാന്ധി നേരിട്ട ഏറ്റവും വലിയ പ്രതിഷേധം.
ALSO READ: യെച്ചൂരി, കാരാട്ട്... ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അസാധാരണ 'കോമ്രേഡറി'
വിദ്യാർഥികളുടെ മർദകയായ ഒരാൾ ചാൻസലർ സ്ഥാനത്തിരിക്കാൻ യോഗ്യയല്ലെന്നും രാജിവെയ്ക്കണമെന്നും സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. യുവതയുടെ പ്രതിഷേധത്തെ മൗനമായി കൈയ്യുംകെട്ടി കേട്ടിരുന്നു ഇന്ദിരാഗാന്ധി. അന്ന് 26 വയസായിരുന്നു സീതാറാം യെച്ചൂരിയുടെ പ്രായം. ആറ് വർഷങ്ങൾക്കിപ്പുറം സിപിഎമ്മിൻ്റെ കേന്ദ്രകമ്മിറ്റിലെ പ്രായം കുറഞ്ഞ അംഗമായി യെച്ചൂരിയെത്തി. ഏറ്റവുമൊടുവിൽ ഇന്ദിരയുടെ പിൻഗാമിയെങ്കിലും സംഘപരിവാറിനെതിരായ പോരാട്ടത്തിൽ രാഹുൽ ഗാന്ധിക്കൊപ്പവും നിരവധി വേദികളിൽ വഴികാട്ടിയായി മാറി സീതാറാം യെച്ചൂരി. ഇന്ത്യ എന്ന ആശയത്തിൻ്റെ കാവലാൾ എന്നാണ് യെച്ചൂരിയുടെ വിയോഗവാർത്തയിൽ രാഹുൽ ഗാന്ധി കുറിച്ചതും. കോണ്‍ഗ്രസിനൊപ്പം യുപിഎ സര്‍ക്കാര്‍ രൂപീകരണത്തിലും, കോണ്‍ഗ്രസ്, സിപിഐ, ആം ആദ്മി പാര്‍ട്ടി, ഡിഎംകെ ഉള്‍പ്പെടെ പാര്‍ട്ടികള്‍ക്കൊപ്പം ഇന്ത്യാ സഖ്യം രൂപീകരിച്ചപ്പോഴുമെല്ലാം യെച്ചൂരിയുടെ നിലപാടുകള്‍ നിര്‍ണായകമായി. സഖ്യചര്‍ച്ചകളിലും രൂപീകരണത്തിലുമെല്ലാം സിപിഎമ്മിന്‍റെ മുഖമായിരുന്നു യെച്ചൂരി.