കോഴിക്കോട് ജീരകപ്പാറയിൽ 270 ഏക്കർ ഭൂമിയാണ് ഇഎഫ്എൽ ൽ ഉൾപ്പെടുത്തി വനം വകുപ്പ് പിടിച്ചെടുത്തത്
സംസ്ഥാനത്ത് ഇക്കോളജിക്കൽ ഫ്രജൈൽ ലാന്റ് അഥവാ ഇഎഫ്എൽ നിയമം നിലവിൽ വന്ന് 25 വർഷങ്ങൾ പിന്നിടുമ്പോഴും ഭൂമി നഷ്ടമായവർക്ക് പുനരധിവാസവും നഷ്ടപരിഹാരവുമില്ല. 20,000 ഹെക്ടറോളം ഭൂമിയാണ് ഇഎഫ്എൽ നിയമത്തിൽ ഉൾപ്പെടുത്തി വനംവകുപ്പ് ജനങ്ങളിൽ നിന്ന് പിടിച്ചെടുത്തത്. എന്നാൽ മാറിമാറി വരുന്ന സർക്കാറുകൾ ഭൂമി നഷ്ടമായവരെ പരിഗണിക്കുന്നില്ലെന്നാണ് ആക്ഷേപം
കോഴിക്കോട് ജീരകപ്പാറയിൽ 270 ഏക്കർ ഭൂമിയാണ് ഇഎഫ്എല്ലിൽ ഉൾപ്പെടുത്തി വനം വകുപ്പ് പിടിച്ചെടുത്തത്. കേരള സർക്കാരിൻറെ ഇഎഫ്എൽ വന ഓർഡിനൻസ് പ്രകാരം 2000 ത്തിലാണ് ജീരകപ്പാറ സ്വദേശികളായ ജിജിക്കും സെബാസ്റ്റ്യനും വനം വകുപ്പ് നോട്ടീസ് അയക്കുന്നത്. തങ്ങളുടെ ഭൂമി ഇഎഫ്എൽ നിയമ പ്രകാരം വനവകുപ്പ് ഏറ്റെടുത്തിരിക്കുന്നുവെന്നും 30 ദിവസത്തിനുള്ളിൽ ഇറങ്ങണമെന്നുമാണ് നോട്ടീസിൽ പറഞ്ഞിരുന്നതെന്ന് ജീരകപാറ സ്വദേശി സെബാസ്റ്റ്യൻ പറയുന്നത്.
ALSO READ: 12 ലക്ഷം വരെ നികുതിയില്ല, വാഹനവില 4% വരെ വർധിക്കും; പുതിയ സാമ്പത്തിക വർഷത്തിന് ഇന്ന് തുടക്കമാകും
ഒരു മാനദണ്ഡവും പാലിക്കാതെയാണ് കുടിയിറക്കിയതെന്നും തങ്ങൾക്ക് നഷ്ടപരിഹാരവും കൃഷിഭൂമിയും നൽകണമെന്ന് ആവശ്യപ്പെട്ട് പലരും കേസിനു പോയെങ്കിലും കേസ് നടത്താനുള്ള പണവും ബുദ്ധിമുട്ടുകളും കാരണം പലരും പാതിവഴിയിൽ കേസ് അവസാനിപ്പിക്കുകയായിരുന്നു.
സർക്കാർ നിയോഗിച്ച കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസുമായി മുന്നോട്ടുപോയ പത്തോളം പേർക്ക് അനുകൂലമായി ഹൈക്കോടതി വിധി വന്നപ്പോൾ വനംവകുപ്പ് സുപ്രീംകോടതിയെ സമീപിച്ചു. എന്നാൽ സുപ്രീംകോടതി കേസ് തള്ളിയത്തോടെ ഹൈക്കോടതി വിധിയിൽ 10 പേർക്ക് ഭൂമി തിരികെ ലഭിച്ചു.
സംസ്ഥാനത്ത് പരിസ്ഥിതി ദുർബല പ്രദേശങ്ങൾ ഏറ്റെടുക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി നിലവിൽ വന്നതാണ് ഇഎഫ്എൽ നിയമം. ഇഎഫ്എൽ സെക്ഷൻ മൂന്നും, നാലും സർക്കാരിൽ നിക്ഷിപ്തമായ എല്ലാ ഭൂമിയും 1961ലെ കേരള വന നിയമം പ്രകാരം സംരക്ഷിത വനങ്ങളായി കണക്കാക്കും. സെക്ഷൻ മൂന്ന് പ്രകാരം വനം വകുപ്പ് ഏറ്റെടുത്ത ഭൂമിക്ക് നഷ്ട്ടപരിഹാരം നൽകാൻ സാധിക്കില്ല. എന്നാൽ നഷ്ടപരിഹാരം നൽകാൻ സാധിക്കുന്ന സെക്ഷൻ നാല് പ്രകാരം ഇതുവരെ ഒരു ഭൂമിയും വനം വകുപ്പ് ഇഎഫ്എൽ ആയി പ്രഖ്യാപിച്ചിട്ടില്ല.
ALSO READ: ഓടെറിഞ്ഞ് ആക്രമണം; ഒറ്റപ്പാലത്ത് എസ്ഐയ്ക്കും യുവാവിനും പരിക്ക്; പ്രതികൾ പിടിയിൽ
സംസ്ഥാനത്തുടനീളം നിരവധി പേർക്കാണ് ഇഎഫ്എൽ നിയമത്തിൽപ്പെട്ട് തങ്ങളുടെ വീടും കൃഷി ഭൂമിയും നഷ്ടമായി പെരുവഴിയിലും വാടക വീടുകളിലും കഴിയുന്നത്. മറ്റുചിലർ ഹൈക്കോടതി നൽകിയ സ്റ്റേയുടെ ബലത്തിൽ അതേ സ്ഥലങ്ങളിൽ തുടരുന്നു. പണ്ട് കുടുംബമായി താമസിച്ചിരുന്ന പലസ്ഥലങ്ങളിലും ഇന്ന് കാടിറങ്ങുന്ന വന്യജീവികൾ വിലസുകയാണ്. 25 വർഷങ്ങൾക്കിപ്പുറം പലയിടത്തും അവശേഷിക്കുന്നത് വീടിന്റെ അവശിഷ്ടങ്ങളും കാടുമൂടിയ കൃഷി ഭൂമിയും മാത്രമാണ്.