നേരത്തെ ഇടങ്കയ്യൻ പേസർ അശ്വനി കുമാറിൻ്റേയും ദീപക് ചഹാറിൻ്റേയും തീപാറും പന്തുകളാണ് കൂറ്റനടിക്കാരായ കെകെആറിൻ്റെ കണക്കു കൂട്ടലുകൾ തെറ്റിച്ചത്.
വാംഖഡെയിലെ ഹോം ഗ്രൗണ്ടിൽ നാട്ടുകാരെ സാക്ഷിയാക്കി നിലവിലെ ചാംപ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ എട്ട് വിക്കറ്റിന് തകർത്ത് മുംബൈ ഇന്ത്യൻസ്. അരങ്ങേറ്റക്കാരനായ അശ്വനി കുമാറിൻ്റെ നാലു വിക്കറ്റ് പ്രകടനവും ഓപ്പണർ റയാൻ റിക്കെൽട്ടണിൻ്റെ (41 പന്തിൽ 62) കന്നി അർധസെഞ്ചുറി പ്രകടനവുമാണ് മുംബൈയ്ക്ക് 43 പന്തുകൾ ശേഷിക്കെ ജയം സമ്മാനിച്ചത്.
കൊൽക്കത്ത ഉയർത്തിയ 117 റൺസ് വിജയലക്ഷ്യം 12.5 ഓവറിൽ മുംബൈ മറികടന്നു. സൂര്യകുമാർ യാദവും (9 പന്തിൽ 27) മത്സരത്തിൽ തിളങ്ങി. കെകെആറിനായി ആന്ദ്രെ റസൽ രണ്ട് വിക്കറ്റെടുത്തു. രോഹിത് ശർമ (13), വിൽ ജാക്സ് (16) എന്നിവരും ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്.
നേരത്തെ കൊൽക്കത്തയുടെ കരുത്തുറ്റ ബാറ്റിങ് നിരയുടെ മുട്ടിടിപ്പിക്കുന്ന ബൗളിങ് മികവാണ് മുംബൈ ഇന്ത്യൻസ് പുറത്തെടുത്തത്. 16.2 ഓവറിൽ 116 റൺസിന് കൊൽക്കത്തയുടെ ബാറ്റർമാരെല്ലാം പുറത്തായി. 26 റൺസെടുത്ത അംഗ്രിഷ് രഘുവംശിയാണ് കൊൽക്കത്തയുടെ ടോപ് സ്കോറർ. ഇടങ്കയ്യൻ പേസർ അശ്വനി കുമാറിൻ്റേയും ദീപക് ചഹാറിൻ്റേയും തീപാറും പന്തുകളാണ് കൂറ്റനടിക്കാരായ കെകെആറിൻ്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചത്.
ടോസ് നേടി കൊൽക്കത്തയെ ആദ്യം ബാറ്റിങ്ങിനയച്ച മുംബൈ നായകൻ ഹാർദിക് പാണ്ഡ്യയുടെ പ്രതീക്ഷകൾക്കൊത്ത് ഉയർന്ന മുംബൈ ബൗളർമാർ ഒരിക്കൽ പോലും കൊൽക്കത്തയുടെ ബാറ്റർമാരെ നിലം തൊടീച്ചില്ല. സ്കോർ ബോർഡിൽ രണ്ട് റൺസെത്തുമ്പോഴേക്കും ഓപ്പണർമാരായ ക്വിൻ്റൺ ഡീക്കോക്കിനേയും (1) സുനിൽ നരേയ്നേയും (0) കൂടാരം കയറ്റി ദീപക് ചഹാറും ട്രെൻ്റ് ബോൾട്ടും മിന്നും തുടക്കമാണ് മുംബൈയ്ക്ക് സമ്മാനിച്ചത്.
പിന്നീടായിരുന്നു അശ്വനി കുമാറിൻ്റെ അഴിഞ്ഞാട്ടം. ആദ്യ മൂന്നോവറിൽ നാലു വിക്കറ്റുമായി അശ്വനി കുമാർ കൊൽക്കത്ത ടീമിൻ്റെ കാറ്റഴിച്ചുവിട്ടു. അജിൻക്യ രഹാനെ (11), റിങ്കു സിങ് (17), മനീഷ് പാണ്ഡെ (19), ആന്ദ്രെ റസ്സൽ (5) എന്നിവരെയാണ് അശ്വനി കുമാർ പുറത്താക്കിയത്. ദീപക് ചഹാർ രണ്ട് വിക്കറ്റും വീഴ്ത്തി. മലയാളി താരം വിഘ്നേഷ് പുത്തൂർ ഒരു വിക്കറ്റ് വീഴ്ത്തി.