നീലഗിരി താറുകളുടെ പ്രജനനകാലത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന ഇരവികുളം ദേശീയോദ്യാനം ഇന്ന് വീണ്ടും തുറക്കും. വരയാടുകളുടെ പ്രജനന കാലത്ത് രണ്ട് മാസത്തേക്കായിരുന്നു സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. മധ്യവേനലവധി ആരംഭിച്ചതോടെ മൂന്നാറിലേക്കെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ വര്‍ധനവുണ്ട്. ഉദ്യാനം തുറക്കുന്നതോടെ സഞ്ചാരികളുടെ തിരക്ക് വരും ദിവസങ്ങളിലും വർധിക്കും.
വരയാടുകളുടെ പ്രജനന കാലവുമായി ബന്ധപ്പെട്ട് രണ്ട് മാസങ്ങള്‍ക്ക് മുമ്പ് അടച്ച ഇരവികുളം ദേശിയോദ്യാനം വീണ്ടും സന്ദര്‍ശകര്‍ക്കായി തുറക്കുകയാണ്. ഇന്ന് മുതല്‍ ഉദ്യാനത്തില്‍ സന്ദര്‍ശകരെ പ്രവേശിപ്പിച്ച് തുടങ്ങും. രാവിലെ 8 മുതല്‍ വൈകിട്ട് 4 വരെയാണ് സന്ദര്‍ശകര്‍ക്കുള്ള പ്രവേശന സമയം. ജനുവരി 31-നാണ് ഉദ്യാനം അടച്ചത്.
പുതുതായി പിറക്കുന്ന കുഞ്ഞുങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതോടൊപ്പം വരയാടുകളുടെ പ്രജനനം സുഗമമായി നടക്കുന്നതിനുമായാണ് എല്ലാ വര്‍ഷവും ഇക്കാലയളവിൽ പാര്‍ക്ക് അടയ്ക്കുക .
Also Read; ശബരിമലയിൽ ഇനി ഉത്സവക്കാലം; ഇന്ന് നട തുറക്കും, പൈങ്കുനി ഉത്രം ഉത്സവത്തിന് നാളെ കൊടിയേറും
ഈ സീസണില്‍ ഇതുവരെ എണ്‍പതിലധികം വരയാടിന്‍ കുഞ്ഞുങ്ങള്‍ പിറന്നതായാണ് അനൗദ്യോഗിക കണക്ക്. ഏപ്രില്‍ 20 ന് ശേഷം ഇത്തവണത്തെ വരയാട് സെന്‍സസ് നടത്തുമെന്ന് വനംവകുപ്പ് അറിയിച്ചു. കണക്കെടുപ്പ് പൂര്‍ത്തിയാകുന്ന മുറക്ക് മാത്രമേ പുതിയതായി പിറന്ന വരയാടിന്‍ കുഞ്ഞുങ്ങളുടെ എണ്ണം സംബന്ധിച്ച ക്യത്യമായ വിവരം ലഭിക്കുകയുള്ളു.
മധ്യവേനലവധി ആരംഭിച്ചതോടെ മൂന്നാറിലേക്കെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഇരവികുളം ദേശീയോദ്യാനം തുറക്കുക കൂടി ചെയ്യുന്നതോടെ സഞ്ചാരികളുടെ തിരക്ക് വര്‍ധിക്കും. ഇരവികുളം തുറക്കുന്നതോടെ ഉത്തരേന്ത്യയിലെ വിനോദ സഞ്ചാരികളെയും വനം, ടൂറിസം വകുപ്പുകൾ പ്രതീക്ഷിക്കുന്നുണ്ട് .