യുവാവിനെ മഞ്ചേരി മെഡിക്കൽ കോളേജിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. നിലവിൽ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്
കേരളത്തിലും മങ്കിപോക്സ് ബാധയെന്ന് സംശയം. മലപ്പുറത്ത് മങ്കി പോക്സ് ലക്ഷണവുമായി യുവാവ് ചികിത്സ തേടി.യുവാവിനെ മഞ്ചേരി മെഡിക്കൽ കോളേജിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. നിലവിൽ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. യുവാവ് ഒരാഴ്ച മുമ്പാണ് ദുബായിൽ നിന്ന് വന്നത്.
എടവണ്ണ സ്വദേശിയായ 38 കാരനെയാണ് മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. തൊലിപ്പുറത്ത് തടിപ്പും, പനിയും ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങൾ കണ്ടതോടെയാണ് യുവാവിനെ മഞ്ചേരി മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലാക്കിയത്. യുവാവിൻ്റെ സ്രവ സാമ്പിൾ പരിശോധനയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജ് ലാബിലേക്ക് അയച്ചിട്ടുണ്ട്. ഫലം ഇന്ന് വൈകീട്ടോടെ ലഭ്യമാകുമെന്നാണ് റിപ്പോർട്ട്.
നേരത്തെ സെപ്റ്റംബർ 9ന് ഡൽഹിയിലും കേന്ദ്ര ആരോഗ്യമന്ത്രാലയം എംപോക്സ് സ്ഥിരീകരിച്ചിരുന്നു. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന റിപ്പോർട്ടുകളാണ് പിന്നീട് പുറത്തുവന്നത്.
എംപോക്സ് ലക്ഷണങ്ങൾ എന്തെല്ലാമാണ്?
ലൈംഗികാവയവങ്ങളിലെ ചുണങ്ങു പോലെയുള്ള പാടുകളാണ് എംപോക്സിൻ്റെ പ്രധാന ലക്ഷണമെന്ന് ലോകാരാഗ്യ സംഘടനയെ ഉദ്ധരിച്ച് കേന്ദ്ര സർക്കാർ പറയുന്നു. 18-44 വയസ് പ്രായമുള്ള യുവതീ യുവാക്കൾക്ക് ഇടയിലാണ് എംപോക്സ് കേസുകൾ കൂടുതലായി കാണപ്പെടുന്നത്. എംപോക്സ് പ്രധാനമായും ലൈംഗിക ബന്ധത്തിലൂടെയും, രോഗബാധിതരുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയുമാണ് മറ്റൊരാളിലേക്ക് പടരുക. എംപോക്സിൻ്റെ ഇൻകുബേഷൻ കാലയളവ് 6 മുതൽ 13 ദിവസം വരെയാണ്.
ചിലപ്പോൾ ഇത് 5 മുതൽ 21 ദിവസം വരെ നീളാം. രണ്ട് മുതൽ നാല് ആഴ്ച വരെ ലക്ഷണങ്ങൾ നീണ്ടുനിൽക്കാം. മരണ നിരക്ക് പൊതുവെ കുറവാണ്. പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശിവേദന, ഊർജ്ജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. പനി വന്ന് 13 ദിവസത്തിനകം കുമിളകൾ ദേഹത്ത് പ്രത്യക്ഷപ്പെടാൻ തുടങ്ങും. മുഖത്തും കൈകാലുകളിലുമാണ് കൂടുതൽ കുമിളകൾ കാണപ്പെടുക. ഇതിന് പുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കൺജങ്ക്ടീവ, കോർണിയ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെട്ടേക്കാം.
READ MORE: ഇന്ത്യയിൽ എംപോക്സ്; രോഗം സ്ഥിരീകരിച്ചത് ഡൽഹിയിൽ
സമ്പർക്ക വ്യാപന രീതി
രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം, ശരീര സ്രവങ്ങൾ എന്നിവ വഴി നേരിട്ടുള്ള സമ്പർക്കത്തിലൂടെ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് എംപോക്സ് പകരാം. അണ്ണാൻ, എലികൾ, വിവിധ ഇനം കുരങ്ങുകൾ എന്നിവ ഉൾപ്പെടെ നിരവധി മൃഗങ്ങളിൽ എംപോക്സ് വൈറസ് അണുബാധയുടെ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക്, രോഗബാധിതനായ ഒരാളുടെ ശ്വാസകോശ സ്രവങ്ങളുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയാണ് രോഗം പകരുന്നത്.
ക്ഷതങ്ങൾ, ശരീര സ്രവങ്ങൾ, ശ്വസനത്തുള്ളികൾ, കിടക്ക പോലുള്ള വസ്തുക്കൾ എന്നിവയുമായുള്ള അടുത്ത സമ്പർക്കം, രോഗിയുമായുള്ള ലൈംഗിക ബന്ധം എന്നിവയിലൂടെ എംപോക്സ് പകരാം. പ്ലാസൻ്റ് വഴി അമ്മയിൽ നിന്ന് കുഞ്ഞിലേക്കോ, അല്ലെങ്കിൽ ജനനസമയത്തോ അതിന് ശേഷമോ കുഞ്ഞുമായുള്ള അടുത്ത സമ്പർക്കത്തിലൂടെ രോഗം പടരാം. ലോകവ്യാപകമായി വസൂരിക്കായുള്ള വാക്സിനേഷൻ നിർത്തലാക്കിയതോടെ എംപോക്സിനെതിരായ പ്രതിരോധ ശേഷി കുറയ്ക്കുന്നതിന് കാരണമായി.
READ MORE: എംപോക്സ് ലക്ഷണങ്ങൾ എന്തെല്ലാമാണ്? ഏത് പ്രായക്കാരാണ് കൂടുതൽ കരുതിയിരിക്കേണ്ടത്? അറിയേണ്ടതെല്ലാം