മൂന്നു പതിറ്റാണ്ടു മുൻപ് എൻ എസ് മാധവൻ പ്രവചനാത്കമായി എഴുതിയ ചെറുകഥയാണ് തിരുത്ത്. ബാബറി മസ്ജിദ് തകർത്തു എന്ന വാർത്തയെ തർക്കമന്ദിരം തകർക്കപ്പെട്ടു എന്നു തിരുത്തേണ്ടി വരുന്ന വാർത്താമുറിയുടെ സംഘർഷമാണ് ആ കഥ. ഇപ്പോൾ എൻസിഇആർടി പാഠപുസ്തകത്തിൽ ഒന്നല്ല, പല തിരുത്തുകളാണ് വരുത്തിയിരിക്കുന്നത്.
ടോക്സിക് പോസിറ്റിവിറ്റി എന്നൊരു സംഗതിയുണ്ട്. വിഷലിപ്തമായ സത്ചിന്ത എന്നു മലയാളത്തിൽ പറയാം. ലോകത്തു നടക്കുന്ന തിന്മകൾക്കും അനീതികൾക്കും നേരേ കണ്ണടയ്ക്കുകയും സംഭവിക്കുന്നതെല്ലാം നല്ലതിനാണ് എന്ന് വിശ്വസിക്കുകയും ചെയ്യുന്നതിനെയാണ് ടോക്സിക് പോസിറ്റിവിറ്റി എന്നുവിളിക്കുന്നത്. ബാബറി മസ്ജിദ് തകർത്തതും ഗുജറാത്ത് കലാപവും ഒക്കെ പാഠപുസ്തകത്തിൽ നിന്നു നീക്കിയ ശേഷം എൻസിഇആർടി ഡയറക്ടർ ദിനേശ് പ്രസാദ് സക്ലാനി പറഞ്ഞതും അതാണെന്നാണ് പ്രതിപക്ഷ നേതാക്കൾ ആരോപിക്കുന്നത്. പോസിറ്റീവ് ആയി ചിന്തിക്കുന്ന കുട്ടികളെ സൃഷ്ടിക്കാനാണ് നെഗറ്റീവ് ആയ കാര്യങ്ങൾ നീക്കം ചെയ്തത് എന്നാണ് വിശദീകരണം. മറച്ചുവച്ചും ഒളിച്ചുവച്ചും എങ്ങനെയാണ് ലോകത്തെക്കുറിച്ച് ധാരണയുള്ള തലമുറയെ സൃഷ്ടിക്കുക?
മൂന്ന് പതിറ്റാണ്ടു മുൻപ് എൻ.എസ് മാധവൻ പ്രവചനാത്മകമായി എഴുതിയ ചെറുകഥയാണ് തിരുത്ത്. ബാബറി മസ്ജിദ് തകർത്തു എന്ന വാർത്തയെ തർക്കമന്ദിരം തകർക്കപ്പെട്ടു എന്നു തിരുത്തേണ്ടി വരുന്ന വാർത്താമുറിയുടെ സംഘർഷമാണ് ആ കഥ. ഇപ്പോൾ എൻസിഇആർടി പാഠപുസ്തകത്തിൽ ഒന്നല്ല, പല തിരുത്തുകളാണ് വരുത്തിയിരിക്കുന്നത്. പന്ത്രണ്ടാം ക്ലാസിലെ പുതിയ പാഠപുസ്തകം ബാബറി മസ്ജിദിനെ വിശേഷിപ്പിക്കുന്നത് മൂന്നു താഴികക്കുടങ്ങളുള്ള കെട്ടിടം എന്നാണ്. വിശേഷണം അങ്ങനെ മാറ്റിയതിലൂടെ എന്ത് അറിവാണ് കുട്ടികൾക്കു നൽകുന്നത് എന്നാണ് ഉയരുന്ന ചോദ്യം.
മാപ്പ് പറഞ്ഞതു മറയ്ക്കുമ്പോൾ
സോമനാഥിൽ നിന്ന് അയോധ്യയിലേക്കു ബിജെപി നടത്തിയ രഥയാത്ര. കർസേവകരുടെ ഇടപെടൽ. ബിജെപി ഭരിച്ചിരുന്ന സംസ്ഥാനങ്ങളിൽ ഏർപ്പെടുത്തിയ രാഷ്ട്രപതി ഭരണം. ഇതെല്ലാം കഴിഞ്ഞവർഷം വരെ പഠിച്ച കുട്ടികൾ അറിഞ്ഞു. ഈ വർഷം മുതൽ പുസ്തകത്തിൽ ഇതൊന്നുമില്ല. ഇതു മാത്രമല്ല. അയോധ്യയിലെ സംഭവങ്ങളിൽ ബിജെപി മാപ്പു പറഞ്ഞത് കഴിഞ്ഞവർഷം വരെയുള്ള പുസ്തകത്തിൽ ഉണ്ടായിരുന്നു. ഈ വർഷം മുതൽ അതും ഇല്ല. ഇതൊന്നുമില്ലാത്ത പാഠപുസ്തകത്തിൽ ആകെ ഉള്ളത് മൂന്നു താഴികക്കുടങ്ങളുള്ള ഒരു കെട്ടിടം തകർത്ത വാർത്തയാണ്. അതിൽ നിന്ന് കുട്ടികൾ എന്താണ് മനസ്സിലാക്കേണ്ടത്? മുക്കാൽ സത്യവും മൂടിവച്ചാൽ കുട്ടികൾ കൂടുതൽ സംശയാലുക്കളാകുകയല്ലേ ചെയ്യുക? ഇതാണ് ഒരു വിഭാഗം വിദ്യാഭ്യാസ വിദഗ്ധർ ഉയർത്തുന്ന ചോദ്യം.
കഥ മാറുമോ വായടപ്പിച്ചാൽ?
രാമജന്മ ഭൂമിക്ക് അനുകൂലമായി സുപ്രീം കോടതി വിധി വന്നു. ആ സാഹചര്യത്തിൽ അതിനു മുൻപു നടന്നതിനൊന്നും പ്രസക്തിയില്ല. ഇതാണ് എൻസിഇആർടി ഡയറക്ടർ പറയുന്നത്. ആറ്റൻബറോ 1982ൽ സിനിമ പുറത്തിറക്കിയ ശേഷമാണ് ഗാന്ധിജിയെ ലോകം അറിഞ്ഞത് എന്നു പറയുന്നതുപോലൊരു സംഭവമല്ലേ ഈ വാദവും എന്ന് കോൺഗ്രസ് ചോദിക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കം മുതൽ ലോകമെങ്ങും നിറഞ്ഞു നിന്ന ഗാന്ധിജിയുടെ ജീവിതം കേൾക്കുന്നവർക്കു മുന്നിൽ അതോടെ റദ്ദാക്കപ്പെടുകയാണ്. മൂന്നു താഴികക്കുടങ്ങളുള്ള ആ കെട്ടിടത്തിൽ അതിനു മുൻപ് എന്താണ് നടന്നത് എന്ന സ്വാഭാവിക സംശയം കുട്ടികൾ ചോദിക്കില്ലേ? അവരോട് ക്ലാസ് മുറികളിൽ അധ്യാപകർ എന്തുപറഞ്ഞുകൊടുക്കണം? അതൊന്നും നിങ്ങൾ അറിയേണ്ട കാര്യമല്ല എന്നു പറഞ്ഞ് വായടപ്പിക്കുകയാണോ വേണ്ടത്?
രാമജന്മഭൂമി പ്രസ്ഥാന പാരമ്പര്യം?
അശ്ലീല പുസ്തകങ്ങൾ വിലക്കുന്നതുപോലെ ചരിത്രസത്യങ്ങൾ മറയ്ക്കാൻ കഴിയുമോ? കഴിഞ്ഞവർഷം വരെ പഠിച്ച കുട്ടികൾ വായിച്ച തലക്കെട്ട് ഇങ്ങനെയാണ്: രാഷ്ട്രീയ ശാക്തീകരണത്തിന് രാമജന്മഭൂമി പ്രസ്ഥാനവും അയോധ്യയിലെ നശീകരണവും എങ്ങനെ ഉപയോഗിച്ചു? ആ തലക്കെട്ടിനെ ഇപ്പോൾ "എന്താണ് രാമജന്മഭൂമി പ്രസ്ഥാനത്തിന്‍റെ പാരമ്പര്യം" എന്നു മാത്രമാക്കി ചുരുക്കി. പോസിറ്റീവ് ചിന്ത കൊണ്ടുവരാനായി നശീകരണം ഒഴിവാക്കി എന്നാണ് വിശദീകരണം. ഇവിടെ സംഭവിച്ചത് എന്താണ്? ഒരു വിഭാഗത്തെ വേദനിപ്പിച്ച നശീകരണം ഒഴിവാക്കുക. ശേഷം മറുവിഭാഗത്തെ ആവേശം കൊള്ളിച്ച പ്രസ്ഥാനത്തെക്കുറിച്ചു മാത്രം പറയുക. ഇന്ത്യയിൽ ഇരുവിഭാഗത്തിനും പ്രത്യേക ക്ലാസ് മുറികളല്ല, വെവ്വേറെ സിലബസുകളുമല്ല. എല്ലാവരും പഠിക്കേണ്ടത് ഒരേ പാഠമാണ്. അവിടെ ആരുടെ പോസിറ്റിവിറ്റിയെക്കുറിച്ചാണ് എൻസിഇആർടി ഡയറക്ടർ ചോദിക്കുന്നത് എന്ന ചോദ്യമാണ് വിദ്യാഭ്യാസ വിദഗ്ധർ ഉയർത്തുന്നത്?
ഗോധ്രയിൽ കൊല്ലപ്പെട്ടവർ?
കഴിഞ്ഞവർഷം വരെ പഠിച്ചവരുടെ പുസ്തകത്തിൽ മറ്റൊരുഭാഗവും ഉണ്ടായിരുന്നു. പതിനൊന്നാം ക്ലാസിലെ പൊളിറ്റിക്കൽ തിയറി പുസ്തകത്തിൽ പേജ് 112. "2002ലെ ഗുജറാത്തിലെ ഗോധ്ര അനന്തര കലാപത്തിൽ ആയിരത്തിലേറെപ്പേർ കൊല്ലപ്പെട്ടു.കൊല്ലപ്പെട്ടവരിൽ ഏറെയും മുസ്ലിംകളായിരുന്നു". ഇങ്ങനെയായിരുന്നു ഇതുവരെയുണ്ടായിരുന്ന പാഠഭാഗം. അതു പുതിയ പുസ്തകത്തിൽ നിന്നു പൂർണമായും ഇല്ലാതായി. ആയിരം പേർ കൊല്ലപ്പെട്ട ഒരു കലാപത്തെക്കുറിച്ച് അറിയാതെ സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രം എങ്ങിനെയാണ് പഠിക്കുക? മറച്ചുവച്ചതുകൊണ്ട് ഇല്ലാതാകുമോ വംശഹത്യകളുടെ വേദന?
എന്തുകൊണ്ട് വസ്തുനിഷ്ഠ ചരിത്രം?
ബ്രിട്ടീഷുകാർ ഇന്ത്യയിൽ നടത്തിയ ആക്രമണങ്ങളും കൊലപാതകങ്ങളും കൊള്ളയും പഠിച്ചുതന്നെ വളർന്നുവന്ന തലമുറയാണ് നമ്മുടേത്. അതിന്‍റെ പേരിൽ നാം ബ്രിട്ടന് അയിത്തം കൽപിക്കുന്നില്ല. ഇന്ത്യയിലെ യുവജനത ഇന്നും കടന്നു ചെല്ലാൻ മോഹിക്കുന്ന തുരുത്താണ് ലണ്ടൻ. ചരിത്രത്തിന്‍റെ ഒരു പ്രത്യേക ഘട്ടത്തിൽ അധിനിവേശങ്ങളും ആക്രമണങ്ങളും നടന്നിട്ടുണ്ടാകും. അത് ആ കാലഘട്ടത്തിലെ ആ തലമുറ നടത്തുന്ന തെറ്റാണ്. ആ തെറ്റ് എന്താണ് എന്ന് പഠിക്കുന്നത് വരും തലമുറകൾ അത് ആവർത്തിക്കാതിരിക്കുന്നതിനാണ്. അങ്ങനെയാണ് പോസിറ്റീവായി ചിന്തിക്കുന്ന തലമുറകളെ സൃഷ്ടിക്കുന്നത്. തമസ്കരണം കൊണ്ട് ആരും സത്മാർഗത്തിൽ സഞ്ചരിക്കുകയില്ല. ഇന്നത്തെ സ്പോട്ട്ലൈറ്റ് പൂർണമാകുന്നു. നാളെ മറ്റൊരു വിഷയവുമായി വീണ്ടും കാണാം. നമസ്കാരം.