ഐസിസി ടെസ്റ്റ് ബൗളര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ബുംറ 907 റേറ്റിങ് പോയിന്റാണ് നേടിയത്
ജസ്പ്രീത് ബുംറ
ഇന്ത്യ കണ്ട ഏറ്റവും മികച്ച പേസ് ബൗളർമാരിൽ ഒരാളായ ജസ്പ്രീത് ബുംറയ്ക്ക് രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റ് റാങ്കിങ്ങില്‍ ചരിത്ര നേട്ടം. 2024-ൽ ടെസ്റ്റ് ക്രിക്കറ്റില്‍ 71 വിക്കറ്റ് നേടിയ ബുംറ ഇപ്പോൾ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. ഒരു ഇന്ത്യൻ താരം നേടുന്ന ഏറ്റവും ഉയർന്ന പോയിന്റുകൾ നേടിയാണ് പട്ടികയിലെ തന്റെ സ്ഥാനം ഇന്ത്യൻ പേസ് ഐക്കൺ നിലനിർത്തിയിരിക്കുന്നത്. ബൗളർമാർക്കുള്ള ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിന്റെ റെക്കോഡ് മറികടന്നാണ് ബുംറയുടെ ഈ നേട്ടം.
ഐസിസി ടെസ്റ്റ് ബൗളര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ബുംറ 907 റേറ്റിങ് പോയിന്റാണ് നേടിയത്. ഇതിനു മുൻപ് അശ്വിന്റേതായിരുന്നു ഏറ്റവും ഉയർന്ന റേറ്റിങ് പോയിന്റ്. 904 പോയിന്റായിരുന്നു അശ്വിൻ നേടിയിരുന്നത്.
Also Read: ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ലോക ടെസ്റ്റ് ഇലവനില്‍ നായകന്‍ ബുംറ; ഓപ്പണറായി ഇന്ത്യന്‍ യുവതാരവും
എക്കാലത്തെയും മികച്ച ടെസ്റ്റ് ബൗളർമാരുടെ പട്ടികയിൽ ഇംഗ്ലണ്ടിന്റെ മുൻ സ്പിന്നർ ഡെറക് അണ്ടർവുഡിനൊപ്പം 17-ാം സ്ഥാനത്താണ് ബുംറ. ഇംഗ്ലണ്ട് സീമർമാരായിരുന്ന സിഡ്നി ബാൺസ് (932), ജോർജ്ജ് ലോഹ്മാൻ (931) എന്നിങ്ങനെ ഒരു നൂറ്റാണ്ട് മുമ്പ് കളിച്ചിരുന്നവരാണ് പട്ടികയിൽ ഒന്നും രണ്ടും സ്ഥാനത്ത്. പാകിസ്ഥാൻ താരം ഇമ്രാൻ ഖാൻ (922), ശ്രീലങ്കൻ സ്പിന്നർ മുത്തയ്യ മുരളീധരൻ (920) എന്നിവർ മൂന്നും നാലും സ്ഥാനത്താണ്. സർ ഗാർഫീൽഡ് സോബേഴ്‌സ് ട്രോഫിക്കുള്ള ഐസിസി പുരുഷ ക്രിക്കറ്റർ ഓഫ് ദ ഇയർ അവാർഡിനും ഐസിസി പുരുഷ ടെസ്റ്റ് ക്രിക്കറ്റർ ഓഫ് ദ ഇയർ അവാർഡിനുമുള്ള ചുരുക്കപ്പട്ടികയില്‍ ബുംറ നാമനിർദേശം ചെയ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ഇന്ത്യയ്‌ക്കെതിരായ മെൽബണിലെ വിജയത്തോടെ ലോകത്തിലെ എക്കാലത്തെയും മികച്ച ടെസ്റ്റ് ബൗളർമാരുടെ പട്ടികയിൽ ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനും നേട്ടമുണ്ടാക്കാൻ സാധിച്ചു. 914 റേറ്റിങ് പോയിൻ്റുമായി ഗ്ലെൻ മഗ്രാത്തിനൊപ്പം അഞ്ചാം സ്ഥാനത്താണ് പട്ടികയിൽ കമ്മിൻസ്. ടെസ്റ്റ് ഓൾറൗണ്ടർ റാങ്കിങ്ങിൽ മൂന്നാം സ്ഥാനവും കമ്മിൻസിനാണ്. ബുംറയെ കൂടാതെ പട്ടികയിൽ ഉൾപ്പെട്ട മറ്റൊരു ഇന്ത്യൻ താരം രവീന്ദ്ര ജഡേജയാണ്. പത്താം സ്ഥാനത്താണ് റാങ്കിങ്ങില്‍ ജഡേജ.
Also Read: വിരമിക്കാൻ തയ്യാറെടുത്ത് രോഹിത് ശർമ; കോഹ്‌ലിക്കും എക്സിറ്റ് പ്ലാൻ ഒരുക്കണമെന്ന് മുൻ താരം
ബോക്‌സിംഗ് ഡേ ടെസ്റ്റിൽ 82 റൺസിന് ഒന്നാം ഇന്നിംഗ്‌സിൽ പുറത്തായ ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്‌സ്വാൾ 854 റേറ്റിംഗ് പോയിൻ്റുമായി കരിയറിലെ തന്റെ ഏറ്റവും മികച്ച നാലാമത്തെ റേറ്റിങ് പോയിന്റ് സ്വന്തമാക്കി. കന്നി ടെസ്റ്റ് സെഞ്ച്വറി നേടിയ നിതീഷ് കുമാർ റെഡ്ഡി ടെസ്റ്റ് ബാറ്റിങ് റാങ്കിംഗിൽ 20 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 53-ാം സ്ഥാനത്തെത്തി.