ആകാശത്തേക്ക് കണ്ണും നട്ട്, ഇരു കൈകളും മുകളിലേക്ക് ഉയർത്തി നിങ്ങൾ നിൽക്കുന്ന കാഴ്ച്ച ഇനിയും ഒരായിരം തവണ മാലോകര്‍ കാണട്ടെ. ആ ഇടം കാലിൽ നിന്നും വശ്യതയാർന്ന മഴവില്ലുകൾ ഇനിയും പിറക്കട്ടെ. എല്ലാം കൈപ്പിടിയിലൊതുക്കിയവന്‍റെ ആയാസത്തില്‍, ഒരിക്കല്‍ കൂടി, ആ അവസാനത്തെ ആട്ടം കാണാന്‍ ഫുട്ബോള്‍ ലോകം കണ്‍ചിമ്മാതെ നോക്കിയിരിക്കുകയാണ്
2006 ലോകകപ്പിലെ അർജന്റീന - സെർബിയ മത്സരത്തിന്റെ എഴുപത്തിനാലാം മിനിറ്റ്. ആ സമയം, ജർമ്മനിയിലെ അരീന ഓഫ്ഷാൽക്കെയിൽ തിങ്ങിക്കൂടിയിരുന്ന 52000ത്തിൽ പരം കാണികൾ ഒന്നടങ്കം വല്ലാതെ ആര്‍പ്പു വിളിക്കുന്നുണ്ടായിരുന്നു. ഗാലറിയിലിരുന്ന് ഫുട്ബോൾ ദൈവം മറഡോണ, തന്റെ ഇരുകൈകളും നെഞ്ചിനോട് ചേർത്ത് വെച്ച് പ്രാർത്ഥിക്കുന്നു. അതൊരു ഗോൾ സെലിബ്രേഷനോ വിജയാഹ്ളാദമോ ഒന്നും ആയിരുന്നില്ല. മെലിഞ്ഞ്, ഉയരം കുറഞ്ഞ ഒരു നീളൻ മുടിക്കാരൻ അർജന്റീനയ്ക്കായി പന്തുതട്ടാൻ മൈതാനത്ത് എത്തിയതിന്റെ ആവേശമായിരുന്നു. അവന്റെ ആദ്യ ലോകകപ്പ് മത്സരമായിരുന്നു അത്. ആ രാജകീയ വരവ് ഒരുപാട് കഥകളുടെ തുടക്കമായിരുന്നു. പിന്നീടുള്ള യാത്രയിൽ പലതും അവൻ സ്വന്തം കൈപ്പിടിയിലാക്കി. ലോകത്തെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാൾ എന്ന ഖ്യാതി നേടിയെടുത്തു. എങ്കിലും, ഒരു സമയം വരെ അന്താരാഷ്ട്ര കിരീടമെന്നത് അയാളുടെ കൈ അകലെ മാറി നിന്നു. പക്ഷെ, എല്ലാം ഒരു സ്വപ്നം പോലെ അയാളിലേക്ക് വന്ന് ചേരുകയായിരുന്നു. മാരക്കാനയിലെ കോപ്പയിൽ അയാൾ വിജയവീഞ്ഞ് നുണഞ്ഞു. ലുസൈൽ സ്റ്റേഡിയത്തിൽ തങ്ക അങ്കിയാൽ മൂടപ്പെട്ട അയാൾ ലോകകിരീടം ഒരു കുഞ്ഞിനെയെന്ന പോലെ സ്വന്തം കൈകളിൽ ഏറ്റുവാങ്ങി. അങ്ങനെ അയാൾ പൂർണനായി. എല്ലാം നേടിയെടുത്ത, ഫുട്ബോൾ ലോകത്തിന്റെ മിശിഹയായി. അതെ, അയാളുടെ പേര് ലയണൽ ആന്ദ്രേസ് മെസി എന്നാകുന്നു.
റൊസാരിയോ തെരുവിലൂടെ പന്ത് തട്ടി നടന്നിരുന്ന ആ കൊച്ചു പയ്യന്റെ കഥ നിങ്ങൾക്ക് അറിയുമായിരിക്കാം. എന്നാൽ, അവന്റെ കാലുകളിലേക്ക് ആ തുകൽ പന്ത് വന്നതിന് പിന്നിലും ഒരു കഥയുണ്ട്. 1990കളാണ് കാലഘട്ടം. അന്ന് 'മെസി കുടുംബത്തിന്റെ' ഒരു ഗെറ്റ് ടുഗദർ ആയിരുന്നു. സഹോദരങ്ങളായ റോഡ്രിഗോയ്ക്കും മറ്റിയാസിനും മറ്റ് കസിൻസിനുമൊപ്പം ഫുട്ബോൾ കളിക്കുകയായിരുന്നു കുഞ്ഞ് ലിയോ. പക്ഷെ, പ്രായത്തിൽ ചെറുതായതുകൊണ്ടുതന്നെ അവന് അധികമൊന്നും ആ പന്ത് കൈവശപ്പെടുത്താൻ സാധിച്ചിരുന്നില്ല. തനിക്കും ഫുട്ബോൾ വേണമെന്ന് പറഞ്ഞ് അവൻ വാശി പിടിച്ച് കരഞ്ഞു. സഹോദരങ്ങൾ അവനത് കൊടുത്തതുമില്ല. ലിയോയോട് ഒരു പ്രത്യേക ഇഷ്ടമുണ്ടായിരുന്ന അവന്റെ മുത്തശ്ശി വൈകാതെ ഒരു ഫുട്ബോൾ അവന് സമ്മാനമായി കൊടുത്തു. 'ഉറങ്ങുമ്പോൾ പോലും ആ പന്ത് അവൻ താഴെ വച്ചിരുന്നില്ല' എന്ന് പല അഭിമുഖങ്ങളിലും ലിയോയുടെ സഹോദരങ്ങൾ പറഞ്ഞിട്ടുണ്ട്. അങ്ങനെ മുത്തശ്ശി വാങ്ങിക്കൊടുത്ത പന്തും തട്ടി ലയണൽ മെസി റൊസാരിയോ തെരുവിലൂടെ നടന്നു. കാലം ആ പ്രതിഭയെ മൈതാനത്തേക്ക് എത്തിച്ചപ്പോൾ, ലോകമെങ്ങുമുള്ള തുകൽപന്തുകൾ അവന്റെ ഇടം കാലിന്റെ ചൂടറിഞ്ഞു. എതിരാളിയുടെ ഗോള്‍വലയിലേക്ക് ആ പന്തിനെ തൊടുത്തു വിടുമ്പോഴെല്ലാം ആഹ്ളാദ പ്രകടനമെന്നോണം അയാൾ ഇരു കൈകളും മുകളിലേക്കുയർത്തി ആകാശത്തേക്ക് നോക്കും. അത് അയാളുടെ മുത്തശ്ശിക്കുള്ള ആദരവും പ്രാർത്ഥനയുമാണ്.
നന്നേ ചെറുപ്പത്തിൽ തന്നെ മൈതാനത്ത് ലിയോ മായാജാലങ്ങൾ സൃഷ്ടിച്ചിരുന്നു. ആറാം വയസിൽ കളി തുടങ്ങിയ ന്യുവെൽസ് ഓൾഡ് ബോയ്സ് ക്ലബിനായി അഞ്ഞൂറോളം ഗോളുകളാണ് ആ ചെറിയ പയ്യൻ ആറ് വർഷം കൊണ്ട് അടിച്ചു കൂട്ടിയത്. ദി മഷീൻ ഓഫ് '87 എന്നാണ് അന്ന് ക്ലബിലുള്ളവരെല്ലാം അവനെ വിളിച്ചിരുന്നത്. അങ്ങനെ, തുരുതുരാ ഗോളുകൾ വർഷിക്കുന്ന കുട്ടി ഫുട്ബോളറുടെ കഥകൾ അവിടുത്തെ ലോക്കൽ ന്യൂസ് ചാനലിലുമെത്തി. അന്ന്, പരിചിതമല്ലാത്ത ആ ക്യാമറ കണ്ണുകളെ നോക്കി അവന്റെ ഏറ്റവും വലിയ ആഗ്രഹം ലിയോ പങ്കുവച്ചു. 'ബാഴ്സലോണയ്ക്കായി കളിക്കണം.' ആ ആഗ്രഹമായിരുന്നു അവനെ കാറ്റിലോണിയയിലേക്ക് എത്തിച്ചതും. പത്താം വയസിൽ തനിക്ക് പിടിപെട്ട, ലക്ഷത്തിൽ ഒരാൾക്ക് മാത്രം കണ്ടുവരുന്ന വളർച്ചാ ഹോർമോണിന്റെ കുറവ് പോലും അവനെ ബാധിച്ചിരുന്നില്ല. ഫുട്ബോളും കൊണ്ട് ആ കാലുകൾ മൈതാനത്തിലൂടെ പായുന്നതിലെ മാന്ത്രികത മനസിലാക്കിയതു കൊണ്ടാകണം, 2000 ഡിസംബർ 14ന് സ്പെയിനിലെ ഒരു ടെന്നീസ് ക്ലബിൽ വച്ച്, അച്ഛൻ ജോർജ്ജ് മെസിയെയും ഏജന്റ് ജോസഫ് മരിയ മിങ്ക്വേലയെയും സാക്ഷിയാക്കി അന്നത്തെ ബാഴ്സ ഡയറക്ടർ ചാൾസ് റെക്സാഷ്, കയ്യിലുണ്ടായിരുന്ന നാപ്കിൻ പേപ്പറിൽ അവന് വേണ്ടിയുള്ള സൈനിങ് നടത്തിയത്. അങ്ങിനെ അവൻ ബാഴ്സലോണയുടെ ട്രെയിനിങ് ക്യാമ്പിലെത്തി. ലാ മാസിയ അവനെ ഇരു കൈകളും നീട്ടി സ്വാഗതം ചെയ്തു. മെസി ക്യാംപ് നോവിന്റെ ദത്തു പുത്രനായി മാറി.
അന്ന് തുടങ്ങി ബാഴ്സയിൽ ചിലവഴിച്ച 20 വർഷത്തിനിടെ ലയണൽ മെസി എത്തിപ്പിടിച്ച ഉയരങ്ങൾ ചെറുതൊന്നും ആയിരുന്നില്ല. ഓരോ വർഷം കഴിയുന്തോറും റെക്കോർഡുകളും അയാൾക്കൊപ്പം യാത്ര ചെയ്തു. ബാഴ്സയ്ക്കായി അഞ്ച് തവണ ചാമ്പ്യൻസ് ലീഗ് നേടിയതും 10 തവണ ലാ ലീഗ കിരീടം സ്വന്തമാക്കിയതും അയാൾ ബാഴ്സ ജേഴ്സിയിൽ തീർത്ത മായാജാലങ്ങളിൽ ചിലത് മാത്രമായിരുന്നു. കോപ ഡെൽ റേ, ക്ലബ് വേൾഡ് കപ്പ്, യൂറോപ്പിയൻ സൂപ്പർ കപ്പ്, സൂപ്പർ കോപ ഡേ എസ്പാന, അങ്ങിനെ പ്രൗഡ ഗംഭീരമായ ട്രോഫികളത്രയും ഒന്നിലധികം തവണ ലിയോ ക്യാംപ് നോവിൽ എത്തിച്ചു. ഒടുവിൽ, 2021ൽ, അന്ന് സൈൻ ചെയ്ത നാപ്കിൻ പേപ്പർ പോലെ മറ്റൊന്നുകൊണ്ട് കണ്ണുകൾ തുടച്ച് അയാൾ ബാഴ്സയിൽ നിന്നും പടിയിറങ്ങി. ആ ദിവസം ഒരു വേദനോയോടെയല്ലാതെ ഏതൊരു കറ്റാലൻ ആരാധകനും ഓർക്കാൻ ഇടയില്ല.
തന്റെ ഫുട്ബോൾ കരിയറിൽ മെസി സ്വന്തമാക്കാത്ത വ്യക്തിഗത നേട്ടങ്ങൾ ഒന്നും തന്നെയില്ല. ലോകത്താരും നേടാത്തത്രയും തവണ ബാലൻ ഡിയോർ പുരസ്കാരങ്ങൾ, ചാമ്പ്യൻസ് ടോപ് സ്കോറർ, മെൻസ് പ്ലെയർ ഓഫ് ദി ഇയർ അവാർഡുകൾ, പിന്നെയും ഒരുപാട് ഒരുപാട് നേട്ടങ്ങൾ. ഇതെല്ലാം സ്വന്തം പേരിൽ ഉണ്ടായിരുന്നിട്ടും അർജന്റീനിയൻ ജേഴ്സിയിൽ ഒരു മേജർ ട്രോഫി പോലും സ്വന്തമാക്കിയിട്ടില്ല എന്നത് മെസി എന്ന ഇതിഹാസത്തിന് എന്നുമൊരു കളങ്കമായിരുന്നു. 2005ൽ അണ്ടർ 20 ലോകകപ്പ് കിരീടവും 2008ൽ ബീജിങ് ഒളിംപിക്‌സ് കിരീടവും നേടിയിട്ടുണ്ടെങ്കിലും അർജന്റീന സീനിയർ ടീമിനായി ഒന്നും തന്നെ നേടാനാകാത്തവൻ എന്ന പഴി അയാളെ വേട്ടയാടിക്കൊണ്ടിരുന്നു. കപ്പിനും ചുണ്ടിനും ഇടയിൽ പല ഫൈനലുകളും മെസിയെ കയ്യൊഴിഞ്ഞു. ഗോൾ അടിച്ചു കൂട്ടുന്ന ഒരു യന്ത്രമായി മാത്രം അയാൾ കണക്കാക്കപ്പെട്ടു. 2014ലെ ലോകകപ്പ് ഫൈനലും 2016ലെ അടക്കം മൂന്ന് കോപ അമേരിക്ക ഫൈനലുകളും മെസിക്ക് വേദന മാത്രം സമ്മാനിച്ചു. 2016ൽ, കളമൊഴിഞ്ഞ് പോകാൻ വരെ അയാൾ തീരുമാനമെടുത്തു. പക്ഷെ, അയാളുടെ ഇടം കാലിൽ ഇനിയും പല അങ്കങ്ങൾക്കുള്ള ബാല്യം ബാക്കിയുണ്ടായിരുന്നു. അയാളെ ഫുട്ബോൾ ലോകം വീണ്ടും അർജന്റീനിയൻ ജേഴ്സിയിൽ മൈതാനത്ത് എത്തിച്ചു. തിരിച്ചുവരവിൽ പക്ഷെ പോരാട്ട വീര്യം അൽപ്പം കൂടുതൽ തന്നെയായിരുന്നു. പിന്നീട് ലോകം കണ്ടത് മിശിഹായുടെ ഉയിർത്തെഴുന്നേൽപ്പായിരുന്നു.
2021ലെ കോപ അമേരിക്കയായിരുന്നു തുടക്കം. ഫൈനലിൽ ബ്രസീലിനെ അവരുടെ സ്വന്തം കോട്ടയായ മാരക്കാനയിൽ വെച്ച് മുട്ട് കുത്തിച്ച് കോപ്പ അമേരിക്ക കിരീടം അയാൾ അർജന്റീനയിലെത്തിച്ചു. 1993ന് ശേഷം അർജന്റീന നേടുന്ന ആദ്യത്തെ മേജർ ചാമ്പ്യൻഷിപ്പ്. ലോകകപ്പ് പ്രതീക്ഷകൾക്ക് ചിറക് മുളപ്പിച്ചുകൊണ്ട് 2022ലെ ഫൈനലിസ്മ കിരീടവും മെസിയും സംഘവും സ്വന്തമാക്കി. വെംബ്ലിയിൽ യൂറോപ്യൻ ചാമ്പ്യന്മാരെ മെസിയും കൂട്ടരും അടിയറവ് പറയിക്കുമ്പോൾ മാധ്യമങ്ങൾ പറഞ്ഞത് ഇപ്രകാരമായിരുന്നു. 'ഈ ടീമിനെ സൂക്ഷിക്കണം. ലയണൽ സ്‌കലോണിയുടെ തന്ത്രങ്ങൾക്കൊപ്പം മെസി കുതിപ്പ് തുടർന്നാൽ ഖത്തറിൽ പുതിയ രാജാക്കന്മാർ പിറക്കില്ല. ആ ആഘോഷരാവ് മെസിക്കും അർജന്റീനയ്ക്കും ഉള്ളതായിരിക്കും'.
പ്രതീക്ഷകളത്രയും ചുമലിലേറ്റി ഫുട്ബോളിന്റെ മിശിഹ ഖത്തറിലേക്ക് വണ്ടി കയറുമ്പോൾ, അയാളുടെ മനസിൽ ലോകകപ്പ് നേടുക എന്ന ലക്ഷ്യമല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നിരിക്കില്ല. ഒടുവിൽ, തീ പാറുന്ന പോരാട്ടത്തിൽ ഫ്രാൻസിനെ അടിയറവ് പറയിച്ച് സ്വന്തം രാജ്യത്തിനായി മെസി ലോക കിരീടം സ്വന്തമാക്കി. കുറച്ച് കാലങ്ങൾക്ക് മുമ്പ് വരെ തനിക്കേറ്റ വിമർശനങ്ങൾക്കെല്ലാം കാലത്തിന്റെ കാവ്യനീതിയെന്നോണം അയാൾ എണ്ണി എണ്ണി പകരം ചോദിച്ചു. കണക്ക് പുസ്തകങ്ങൾ അത്രയും മൂടപ്പെട്ട ആ സന്തോഷ രാവിൽ, മിശിഹായുടെ പരിവാരങ്ങൾ അയാളെ തങ്ങളുടെ കൈകളിൽ പൊക്കിയെടുത്ത് ആനന്ദ നൃത്തമാടി. എല്ലാം നേടിയവന്റെ പുഞ്ചിരി ലോകം നിറ കണ്ണുകളോടെ നോക്കി നിന്ന നിമിഷം.
ലയണൽ മെസി... അതിരുകൾ ഭേദിച്ചും വേലികൾ തകർത്തെറിഞ്ഞും മുന്നേറുന്ന കളിയാണ് ഫുട്ബോൾ. നിങ്ങൾ അതിൽ ഒരു അതികായനാണ്. ഫുട്ബോളിന്റെ ഹൃദയഭാഗത്ത് നിങ്ങൾക്കായൊരു സിംഹാസനം എന്നും ഒഴിഞ്ഞിരിപ്പുണ്ടാകും. ആകാശത്തേക്ക് കണ്ണും നട്ട്, ഇരു കൈകളും മുകളിലേക്ക് ഉയർത്തി നിങ്ങൾ നിൽക്കുന്ന കാഴ്ച്ച ഇനിയും ഒരായിരം തവണ മാലോകര്‍ കാണട്ടെ. ആ ഇടം കാലിൽ നിന്നും വശ്യതയാർന്ന മഴവില്ലുകൾ ഇനിയും പിറക്കട്ടെ. എല്ലാം കൈപ്പിടിയിലൊതുക്കിയവന്‍റെ ആയാസത്തില്‍, ഒരിക്കല്‍ കൂടി, ആ അവസാനത്തെ ആട്ടം കാണാന്‍ ഫുട്ബോള്‍ ലോകം കണ്‍ചിമ്മാതെ നോക്കിയിരിക്കുകയാണ്...