ശനിയാഴ്ചത്തെ ഫൈനലിൽ ഇന്ത്യയുടെ നവദീപ് ജെയ്ൻ കരിയറിലെ മിന്നും പ്രകടനവുമായി മത്സരത്തിൽ രണ്ടാമനായാണ് ഫിനിഷ് ചെയ്തത്
പാരിസ് ഒളിംപിക്സിൽ ഇക്കുറി നീരജ് ചോപ്രയിലൂടെ സ്വർണം നേടാനായില്ലെന്ന സങ്കടം രാജ്യത്തെ 140 കോടി ജനതയ്ക്കും മനസിലൊരു നീറ്റലായി അവശേഷിക്കുന്നുണ്ട്. 1984ന് ശേഷം പാകിസ്ഥാനിലേക്ക് ആദ്യ ഒളിംപിക് സ്വർണമെത്തിച്ച അർഷാദ് നദീമാണ് ഇന്ത്യക്കാരെ കരയിച്ചത്. 90 മീറ്ററിന് മുകളിൽ ജാവലിൻ പായിച്ച അർഷാദിൻ്റെ പ്രകടനം നീരജിനെ കടുത്ത സമ്മർദ്ദത്തിലേക്ക് തള്ളിവിടുന്നതാണ് കണ്ടത്. ഒളിംപിക് വേദിയിൽ ഫൈനലിൽ അഞ്ച് ശ്രമങ്ങളും ഫൗളാക്കിയാണ് നീരജ് രണ്ടാമനായത്.
എന്നാൽ, കഴിഞ്ഞ ദിവസം പാരിസ് പാരാംലിംപിക്സിൽ നിന്ന് വരുന്നൊരു വാർത്ത ഇന്ത്യയിലെ കായിക പ്രേമികൾക്ക് ആവേശം പകരുന്നതായിരുന്നു. ശനിയാഴ്ചത്തെ ഫൈനലിൽ ഇന്ത്യയുടെ നവദീപ് ജെയ്ൻ കരിയറിലെ മിന്നും പ്രകടനവുമായി മത്സരത്തിൽ രണ്ടാമനായാണ് ഫിനിഷ് ചെയ്തത്. 47.32 മീറ്റർ ദൂരമാണ് അദ്ദേഹത്തിന് കണ്ടെത്താനായത്.
READ MORE: പാരാലിംപിക്സിൽ ഇന്ത്യക്ക് 'ആറാം തങ്കം'! പുരുഷന്‍മാരുടെ ഹൈജംപിൽ പ്രവീണ്‍ കുമാറിന് സ്വർണം
മത്സരത്തിൽ സ്വർണ്ണം നേടിയത് ഇറാനിൽ നിന്നുള്ള സദേഗ് ബെയ്ഗ് സയാഹ് ആയിരുന്നു. 47.64 മീറ്ററാണ് സദേഗ് ജാവലിൻ പറപ്പിച്ചത്. എന്നാൽ മത്സരത്തിന് ശേഷമുള്ള റിവ്യൂവിൽ ഇറാൻ താരത്തെ അയോഗ്യനാക്കി ഒളിംപിക്സ് കമ്മിറ്റി തീരുമാനം പ്രഖ്യാപിച്ചു. താരത്തിൻ്റെ സ്വഭാവ ദൂഷ്യത്തിൻ്റെ പേരിലാണ് നടപടിയെടുത്തത്. ഇതോടെ രണ്ടാമനായ ഇന്ത്യൻ താരം നവദീപ് ജെയ്നിന് സ്വർണ മെഡൽ ലഭിക്കുകയായിരുന്നു.