ദേശീയ ജേഴ്സിയില്‍ സഞ്ജു കരിയറിലെ ആദ്യ സെഞ്ചുറി നേടുമ്പോള്‍ അതിന് ഒരുപിടി പ്രത്യേകതകള്‍ കൂടിയുണ്ട്
ഇന്നലത്തെ ദിവസം സഞ്ജുവിനെ പോലെ സമ്മർദത്തിലായിരുന്ന ഒരു മനുഷ്യന്‍ വേറെയുണ്ടാകില്ല. അയാള്‍ക്ക് അതൊരു ടി20 സീരീസിലെ അവസാന മത്സരം മാത്രമായിരുന്നില്ല. ഈ കളിയില്‍ പിഴച്ചാല്‍ പിന്നെ ദേശീയ ടീമിലേക്ക് ഒരു തിരിച്ചുവരവ് അസാധ്യമായേക്കാം എന്ന തിരിച്ചറിവോടെയാണ് സഞ്ജു ക്രീസിലേക്കെത്തിയത്. പക്ഷേ ആ സമ്മർദം അയാളുടെ ചലനങ്ങളില്‍ ഉണ്ടായിരുന്നില്ല. അടിച്ചുകളിക്കുകയെന്ന സ്വതസിദ്ധമായ ശൈലി തന്നെയാണ് ഇന്ത്യന്‍ ഓപ്പണർ പിന്തുടർന്നത്. പക്ഷേ, അതില്‍ ക്ലാസ് എന്ന ഒരു ചേരുവ കൂടി സഞ്ജു കൂട്ടിച്ചേർത്തു. ബംഗ്ലാ കടുവകള്‍ ഇന്നലെ സാക്ഷിയായത് ഇന്ത്യയുടെ അടുത്ത തലമുറയില 'ബ്ലാസ്റ്റർ' ആകാന്‍ സാധിക്കുന്ന കളിക്കാരന്‍റെ മാസ്റ്റർ ക്ലാസായിരുന്നു. 47 പന്തുകളില്‍ 111 റണ്‍സുകള്‍. അതും എട്ട് സിക്സിൻ്റേയും 11 ഫോറുകളുടെയും അകമ്പടികളോടെ.
ദേശീയ ജേഴ്സിയില്‍ സഞ്ജു കരിയറിലെ ആദ്യ സെഞ്ചുറി നേടുമ്പോള്‍ അതിനു ഒരുപിടി പ്രത്യേകതകള്‍ കൂടിയുണ്ട്. ഒരു ഇന്ത്യന്‍ താരത്തിന്‍റെ വേഗതയേറിയ രണ്ടാമത്തെ സെഞ്ചുറി, ഒപ്പം ബംഗ്ലാദേശിനെതിരെ ഒരു ഇന്ത്യക്കാരന്‍റെ വേഗതയേറിയ അര്‍ധസെഞ്ചുറിയെന്ന റെക്കോർഡും. ഫിഫ്റ്റി നേടാന്‍ സഞ്ജുവിന് കേവലം 22 പന്തുകള്‍ മാത്രമാണ് വേണ്ടിയിരുന്നത്. പേസർ എന്നോ സ്പിന്നർ എന്നോ ഭേദമില്ലാതെ എല്ലാ ബംഗ്ലാ ബൗളർമാരെയും സഞ്ജു കണക്കിന് പ്രഹരിച്ചു. സഞ്ജുവിന്‍റെ നൂറിന്‍റെ പവറിലാണ് ഇന്ത്യ 20 ഓവറിൽ 297/6 എന്ന കൂറ്റന്‍ സ്കോർ പടുത്തുയർത്തിയത്.
Also Read: IND Vs BAN | ഹൈവോള്‍ട്ട് സഞ്ജു! 40 പന്തില്‍ സെഞ്ച്വറി അടിച്ച് സഞ്ജു സാംസണ്‍
"ഞാൻ നന്നായി കളിച്ചതില്‍ ഇന്ത്യന്‍ ടീം ഒന്നടങ്കം സന്തുഷ്ടരാണെന്നതിൽ ഞാൻ വളരെ സന്തോഷവാനാണ്. എനിക്ക് കൂടുതൽ നന്നായി ചെയ്യാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നു", ഇന്ത്യയുടെ 133 റണ്‍സ് വിജയത്തിന് ശേഷം പുരസ്കാര ദാനച്ചടങ്ങിൽ സഞ്ജു പറഞ്ഞു.
തുടർച്ചയായ നിരാശജനകമായ പ്രകടനങ്ങളെ പാഠമായിട്ടാണ് സഞ്ജു കാണുന്നത്. പരാജയങ്ങളില്‍ നിന്നും പുതിയ പാഠങ്ങള്‍ പഠിക്കുകയാണ് ഈ ഇന്ത്യന്‍ താരം. സമ്മർദങ്ങളെ അതിജീവിക്കാന്‍ സഞ്ജുവിനു സഹായകമായത് കഴിഞ്ഞ മത്സരങ്ങളിലെ പാളിച്ചകളാണ്. ബംഗ്ലാദേശിനെതിരായ സീരീസിലെ ആദ്യ മത്സരത്തില്‍ 29 റണ്‍സിനും രണ്ടാം മത്സരത്തില്‍ 10 റണ്‍സിനുമാണ് സഞ്ജു പുറത്തായത്. തുടക്കത്തിലെ തന്നെ അടിച്ചുകളിച്ച്, സ്ഥിരത കണ്ടെത്തും മുന്‍പ് തന്നെ സഞ്ജു പുറത്താകുന്നതായിരുന്നു ആരാധകർ അടുത്തിടെയായി കണ്ടുകൊണ്ടിരുന്നത്. ഇന്നലത്തെ ദിവസം അതെല്ലാം മാറി. ക്രീസില്‍ നിലയുറപ്പിക്കുകയും, അതേസമയം സ്കോറിങ് വേഗത ഉയർത്തുകയും ചെയ്തുകൊണ്ടാണ് സഞ്ജു കളിച്ചത്.
"ഒരുപാട് ഗെയിമുകൾ കളിച്ചതുകൊണ്ട് തന്നെ സമ്മർദത്തെയും പരാജയങ്ങളെയും എങ്ങനെ നേരിടണമെന്ന് എനിക്ക് മനസിലായി. കാരണം ഞാൻ ഒരുപാട് പരാജയപ്പെട്ടു. പ്രോസസില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, നിങ്ങൾക്ക് നന്നായി കളിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുക. പിന്നെ, രാജ്യത്തിനു വേണ്ടി കളിക്കുന്നതിന്‍റെ സമ്മർദമുണ്ടാകും. പക്ഷെ എനിക്ക് പെർഫോം ചെയ്ത് കാണിക്കണമായിരുന്നു. ഞാന്‍ അടിസ്ഥാനകാര്യങ്ങളിലാണ് ഉറച്ചുനിന്നത്. ഒരു സമയത്ത് ഒരു ബോള്‍," സഞ്ജു പറഞ്ഞു.
നിർണായകമായ അവസരങ്ങളില്‍ ഇന്ത്യന്‍ ടീം നേതൃത്വം സഞ്ജുവിന് ഒപ്പം നിന്നു. "എന്തൊക്കെ സംഭവിച്ചാലും ഒപ്പം കാണുമെന്ന് ടീം ലീഡർഷിപ് എനിക്ക് ഉറപ്പ് നല്‍കി. പറച്ചിലില്‍ മാത്രമല്ല പ്രവൃത്തിയിലും. കഴിഞ്ഞ സീരീസില്‍ രണ്ടു തവണ ഡക്കായി കേരളത്തിലേക്ക് മടങ്ങുമ്പോള്‍ ഇനി എന്താകും എന്ന് ഞാന്‍ ആലോചിച്ചിരുന്നു. പക്ഷെ ഞാന്‍ ഇവിടെയുണ്ട്", സഞ്ജു പറഞ്ഞു.
Also Read: IND Vs BAN | സമ്പൂർണ വിജയം, മൂന്നാം ടി20യും ഇങ്ങെടുത്തു; ഇന്ത്യക്ക് 133 റണ്‍സ് വിജയം
ബംഗ്ലാദേശിനെതിരായ മൂന്ന് കളികളുള്ള പരമ്പരയില്‍ മൂന്നും വിജയിച്ച് പരമ്പര തൂത്തുവാരിയാണ് ഇന്ത്യ കരുത്തുകാട്ടിയത്. ഇന്ത്യയുടെ യുവനിരയുടെ പോരാട്ട വീര്യം നിറഞ്ഞ മത്സരങ്ങളായിരുന്നു ഓരോന്നും. ഹാർദിക് പാണ്ഡ്യയാണ് മാന്‍ ഓഫ് ദ സീരീസ്. ഇന്ത്യന്‍ സ്പിന്നർ രവി ബിഷ്ണോയ് ടി20യില്‍ 50 വിക്കറ്റുകള്‍ പൂർത്തിയാക്കിയതും ഈ സീരീസില്‍ തന്നെയാണ്. എല്ലാത്തിലും ഉപരിയായി സഞ്ജു തന്‍റെ കളിമികവ് ഒന്നുകൂടി തെളിയിച്ചതും ഈ സീരീസിലാണ്. സ്ഥിരതയോടെ പ്രകടനം കാഴ്ചവെക്കുകയാണ് ഇനി സഞ്ജുവിന്‍റെ മുന്നിലുള്ള വെല്ലുവിളി. അതിന് സാധിച്ചാല്‍ ഈ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന്‍ ഇന്ത്യന്‍ ടീമിന്‍റെ ഒഴിച്ചുനിർത്താന്‍ സാധിക്കാത്ത വിജയഘടകമാകും.