ഒട്ടുമിക്ക സ്ഥലങ്ങളിലും എൽജിബിടിക്യു+ കമ്മ്യൂണിറ്റിയിൽ ഉൾപ്പെടുന്നവർക്ക് അവരുടെ അവകാശങ്ങളും അവസരങ്ങളും ലഭിക്കുന്നില്ല എന്നത് വസ്തുതയാണ്
ഇത് പ്രൈഡ് സീസൺ ആണെങ്കിലും നമ്മുടെ ലോകത്ത് പല രാജ്യങ്ങളും ഇപ്പോഴും എൽജിബിടിക്യു+ സൗഹൃദമല്ല. ഒട്ടുമിക്ക സ്ഥലങ്ങളിലും ഈ കമ്മ്യൂണിറ്റിയിൽ ഉൾപ്പെടുന്നവർക്ക് അവരുടെ അവകാശങ്ങളും അവസരങ്ങളും പോലും ലഭിക്കുന്നില്ല എന്നത് വസ്തുതയാണ്. ചില രാജ്യങ്ങളുടെ വിശ്വാസങ്ങൾ, ആചാരങ്ങൾ, സാംസ്‌കാരിക മാനദണ്ഡങ്ങൾ എല്ലാം പലപ്പോഴും ഇവർക്ക് ഭീഷണിയായി മാറാറുണ്ട്. എന്നാൽ എൽജിബിടിക്യു+ കമ്മ്യൂണിറ്റി സൗഹൃദ രാജ്യങ്ങളും ലോകത്തുണ്ട്. ILGA-യൂറോപ്പ് റെയിൻബോ ഇൻഡക്സ് തയ്യാറിക്കിയ റിപ്പോർട്ട് പ്രകാരം എൽജിബിടിക്യു+ കമ്മ്യൂണിറ്റിക്കാർക്ക് സുരക്ഷിതമായി യാത്രചെയ്യാൻ കഴിയുന്ന ആറ് രാജ്യങ്ങൾ ഇതാ.
കാനഡ
1969-ൽ സ്വവർഗരതിയും 2005-ൽ സ്വവർഗ വിവാഹവും കുറ്റകരമല്ലാതാക്കിയ കാനഡ തന്നെയാണ് ഇതിൽ ഏറ്റവും പ്രധാനി. കാനഡയിലെ തന്നെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ ടൊറൻ്റോ ആണ് ലോകത്തിലെ ഏറ്റവും വലിയ പ്രൈഡ് ആഘോഷങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നത്. കൂടാതെ വടക്കേ അമേരിക്കയിലെ ആദ്യത്തെ ക്വീർ മാസിക പ്രസിദ്ധീകരിച്ച മോൺട്രിയലും കാനഡയിലെ മറ്റൊരു എൽജിബിടിക്യു+ കമ്മ്യൂണിറ്റി സൗഹൃദ ഇടമാണ്.
ബാങ്കോക്ക്
എൽജിബിടിക്യു+ കമ്മ്യൂണിറ്റി സൗഹൃദ രാജ്യങ്ങളിൽ എടുത്ത് പറയേണ്ട ഒന്നാണ് തായ്‌ലൻഡ്. 1956-ൽ ആണ് സ്വവർഗ്ഗരതിയെ തായ്‌ലൻഡ് നിയമവിധേയമാക്കുന്നത്. കൂടാതെ, ലിംഗ വ്യക്തിത്വത്തിനും ലൈംഗിക ആഭിമുഖ്യത്തിനും മേലുള്ള വിവേചനം നിരോധിക്കുന്ന നിയമങ്ങളും ഇവിടെയുണ്ട്. സ്വവർഗ വിവാഹ ബിൽ കഴിഞ്ഞയാഴ്ചയാണ് തായ്‌ലൻഡ് പാസാക്കുന്നത്. സ്വവർഗ യൂണിയനുകളെ അംഗീകരിക്കുന്ന ഏക തെക്കുകിഴക്കൻ ഏഷ്യൻ രാജ്യം കൂടിയാണ് തായ്‌ലൻഡ്. അതേസമയം, തായ്‌ലൻഡിലെ ബാങ്കോക്കിലാണ് ഏഷ്യയിലെ ഏറ്റവും വലിയ സ്വവർഗ്ഗാനുരാഗ നൃത്തോത്സവം നടക്കുന്നത്. കൂടാതെ ഇവർക്കായി ഡിജെ സ്റ്റേഷൻ, ജി ബാങ്കോക്ക്, ദി സ്‌ട്രേഞ്ചർ ബാർ തുടങ്ങിയവും എൽജിബിടിക്യു+ കമ്മ്യൂണിറ്റിക്കായി ഇവിടെ ഉണ്ട്.
ബ്രസ്സൽസ്
1795-ൽ സ്വവർഗരതി നിയമവിധേയമാക്കിയ ബ്രസ്സൽസാണ് മറ്റൊരു രാജ്യം. നെതർലാൻഡ്‌സിന് ശേഷം 2003-ൽ സ്വവർഗ വിവാഹം നിയമവിധേയമാക്കിയ ലോകത്തിലെ രണ്ടാമത്തെ രാജ്യം കൂടിയാണ് ബ്രസ്സൽസ്. ക്വിയർ പാരൻ്റ്ഹുഡ്, ട്രാൻസ്-ഐഡൻ്റിറ്റി തുടങ്ങിയ എൽജിബിടിക്യു+ അവകാശങ്ങളുടെ കാര്യത്തിലും വളരെ മുന്നിലാണ് ബ്രസ്സൽസ്.
പ്യൂർട്ടോ വല്ലാർട്ട
മെക്‌സിക്കോയിലെ എൽജിബിടിക്യു+ കമ്മ്യൂണിറ്റി സൗഹൃദ രാജ്യമാണ് പ്യൂർട്ടോ വല്ലാർട്ട. 2010-ൽ മെക്‌സിക്കോ സിറ്റി സ്വവർഗ വിവാഹങ്ങൾ നിയമവിധേയമാക്കിയെങ്കിലും പല കാരണങ്ങളാലും രാജ്യത്ത് ചിലയിടങ്ങളിൽ ഇപ്പോഴും കുറ്റകൃത്യങ്ങൾ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ പസഫിക് തീരത്തെ റിസോർട്ട് പട്ടണമായ പ്യൂർട്ടോ വല്ലാർട്ട ഏറ്റവും മികച്ച എൽജിബിടിക്യു+ കമ്മ്യൂണിറ്റി സൗഹൃദ സ്പോട് ആണ്. സാൻ ഫ്രാൻസിസ്കോ ഓഫ് മെക്സിക്കോ എന്ന് വിളിക്കുന്ന പ്യൂർട്ടോ വല്ലാർട്ടയിൽ എത്തുന്ന വിനോദസഞ്ചാരികളിൽ ഏകദേശം മൂന്നിലൊന്ന് ശതമാനവും എൽജിബിടിക്യു+ കമ്മ്യൂണിറ്റിയിലെ അംഗങ്ങളാണ് എന്നത് എടുത്ത് പറയേണ്ട കാര്യമാണ്. ഇത്തരം കമ്മ്യൂണിറ്റിക്കാർക്ക് മാത്രമായി ഏകദേശം 40-ലധികം ബാറുകളും ഹോട്ടലുകളും ഇവിടെയുണ്ട്.
മെൽബൺ
ഓസ്‌ട്രേലിയയിലെ മെൽബണിൽ സ്ഥിതി ചെയ്യുന്ന വിക്ടോറിയ പ്രൈഡ് സെന്റർ ആണ് മറ്റൊരു എൽജിബിടിക്യു+ കമ്മ്യൂണിറ്റി സൗഹൃദ സ്പോട്. ഓസ്‌ട്രേലിയയിൽ തന്നെ ആദ്യമായി ക്വീർ പൊളിറ്റിക്കൽ ഓർഗനൈസേഷൻസ് രൂപീകരിക്കപ്പെടുന്നതും ഇവിടെയാണ്. കൂടാതെ, ഇവിടെയുള്ള വിൻഡ്‌സർ, ഫിറ്റ്‌സ്‌റോയ്, സെൻ്റ് കിൽഡ തുടങ്ങിയ പ്രദേശങ്ങളെല്ലാം എൽജിബിടിക്യു+ ഹബ്ബുകളാണ്. മിഡ്‌സുമ്മ ഫെസ്റ്റിവൽ, മെൽബൺ ക്വീർ ഫിലിം ഫെസ്റ്റിവൽ തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന വാർഷിക പരിപാടികൾ.
സാവോ പോളോ
2019 ൽ ലൈംഗിക താല്പര്യങ്ങളുടെയും ലിംഗ വ്യക്തിത്വത്തിൻ്റെയും അടിസ്ഥാനത്തിൽ വിവേചനം നിരോധിക്കുന്ന നിയമങ്ങൾ പാസാക്കിയ ബ്രസീലാണ് ഏറ്റവും അവസാനമായി. ബ്രസീലിൽ തന്നെ ലോകത്തെ ഏറ്റവും വലിയ പ്രൈഡ് ഫെസ്റ്റിവൽ നടക്കുന്ന സാവോ പോളോ ആണ് എൽജിബിടിക്യു+ കമ്മ്യൂണിറ്റി സൗഹൃദത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത്.
ലോകത്തെ എല്ലാ ഇടങ്ങളും എല്ലാ മനുഷ്യർക്കുമുള്ളതാണ്. എന്തെന്നാൽ എല്ലാ മനുഷ്യരും ഒരുപോലെയാണ്. ക്വീർ കമ്മ്യൂണിറ്റിയിലുള്ളവർ ഉറക്കെ പറയുന്ന ഒരു വാചകം പറഞ്ഞ് നിർത്തട്ടെ... ലവ് ഈസ് ലവ്