പ്രസിഡന്‍റ് പദവിയിലെത്താൻ 10 ദിവസം മാത്രം ശേഷിക്കവെയാണ് കേസിൽ നിർണായക വിധി വന്നത്
ഹഷ് മണി കേസിൽ നിയുക്ത യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് കുറ്റക്കാരൻ ആണെന്നും, എന്നാൽ ജയില്‍ ശിക്ഷയോ പിഴയോ വേണ്ടെന്നും ശിക്ഷാവിധി. ന്യൂയോർക്ക് മാന്‍ഹാട്ടന്‍ സ്റ്റേറ്റ് കോടതിയുടെ വിധി ട്രംപ് ഓണ്‍ലൈനിലൂടെയാണ് കേട്ടത്. പ്രസിഡന്‍റ് പദവിയിലെത്താൻ 10 ദിവസം മാത്രം ശേഷിക്കവെയാണ് കേസിൽ നിർണായക വിധി വന്നത്.
2024 മെയ് 30 നാണ് ബിസിനസ് രേഖകളില്‍ തിരിമറി നടത്തിയെന്ന പേരില്‍ 34 കേസുകളില്‍ ട്രംപ് കുറ്റക്കാരനാണെന്ന് ന്യൂയോര്‍ക്ക് സ്റ്റേറ്റ് ജൂറി കണ്ടെത്തിയത്. 2006ല്‍ ട്രംപുമായി ഉഭയ സമ്മത പ്രകാരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും 2016ല്‍ ട്രംപ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി മത്സരിച്ചപ്പോള്‍ ഇത് പുറത്തു പറയാതെ നിശബ്ദത പാലിക്കുവാന്‍ 130,000 ഡോളര്‍ പണം സ്റ്റോമി ഡാനിയല്‍സിനു നല്‍കിയെന്നും വാള്‍സ്ട്രീറ്റ് ജേര്‍ണലാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ട്രംപിന്‍റെ മുന്‍ അഭിഭാഷകന്‍ മൈക്കിള്‍ കൊഹേനാണ് ഈ പണം സ്റ്റോമിക്ക് നല്‍കിയത്. ഈ പണം കൊഹേന് ട്രംപ് തിരികെ നല്‍കിയെങ്കിലും അതിന് കൃത്യമായ രേഖകളില്ലായിരുന്നു. ഇതാണ് പിന്നീട് ഹഷ് മണി കേസ് എന്ന് അറിയപ്പെട്ടത്.
ALSO READ: ആരോഗ്യമുള്ള കുഞ്ഞുങ്ങളെ പ്രസവിക്കണം; റഷ്യയിൽ 25 വയസിൽ താഴെയുള്ള വിദ്യാർഥിനികൾക്ക് ധനസഹായം
2023-ൽ മറ്റ് മൂന്ന് സ്റ്റേറ്റുകളിലും ഫെഡറൽ ക്രിമിനൽ കേസുകളിൽ ട്രംപിനെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. പ്രസിഡന്‍റിന്‍റെ ഓഫീസ് വിട്ട ശേഷവും രഹസ്യരേഖകൾ സൂക്ഷിച്ചതിനാണ് ഒരു കേസ്. 2020 ലെ തെരഞ്ഞെടുപ്പ് തോൽവി മറികടക്കാനുള്ള ശ്രമങ്ങൾ നടത്തിയതിനാണ് മറ്റ് രണ്ട് കേസുകൾ. എന്നാൽ, മൂന്ന് കേസുകളിലും ട്രംപ് കുറ്റം നിഷേധിച്ചിരുന്നു.