തമിഴ്‌നാട്ടിലെ സ്വകാര്യ എഞ്ചിനീയറിങ് കോളേജിലെ ബിരുദദാന ചടങ്ങിനിടെയായിരുന്നു അശ്വിന്റെ പരാമര്‍ശം
ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കുന്നതിനെതിരെ ദക്ഷിണേന്ത്യയില്‍ പ്രത്യേകിച്ച് തമിഴ്‌നാട്ടില്‍ വലിയ ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ആര്‍. അശ്വിന്റെ പരാമര്‍ശവും എത്തുന്നത്. ഹിന്ദി നമ്മുടെ ദേശീയ ഭാഷയല്ല, ഔദ്യോഗിക ഭാഷ മാത്രമാണെന്നായിരുന്നു അശ്വിന്റെ പ്രതികരണം.
തമിഴ്‌നാട്ടിലെ സ്വകാര്യ എഞ്ചിനീയറിങ് കോളേജിലെ ബിരുദദാന ചടങ്ങിനിടെയായിരുന്നു അശ്വിന്റെ പരാമര്‍ശം. ചടങ്ങില്‍ വിദ്യാര്‍ഥികളുമായി സംസാരിക്കുന്നതിനിടയില്‍ ഇംഗ്ലീഷ് അറിയുന്നവര്‍ ആരൊക്കെയാണെന്ന് വിദ്യാര്‍ഥികളോട് ചോദിച്ചപ്പോള്‍ സദസ്സിലുണ്ടായിരുന്ന കുട്ടികളില്‍ പലരും ശബ്ദമുണ്ടാക്കി. തമിഴ് അറിയുന്നവര്‍ ആരൊക്കെയാണെന്ന ചോദ്യത്തിന് സദസ്സിലെ ഭൂരിഭാഗം കുട്ടികളും ശബ്ദമുണ്ടാക്കി. ഒടുവില്‍ ആര്‍ക്കൊക്കെ ഹിന്ദി അറിയാമെന്ന ചോദ്യത്തിന് സമ്പൂര്‍ണ നിശബ്ദതയായിരുന്നു വിദ്യാര്‍ഥികളില്‍ നിന്നുണ്ടായത്. ഇംഗ്ലീഷോ തമിഴോ സംസാരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഹിന്ദിയില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ തയ്യാറാണോ എന്നായിരുന്നു അശ്വിന്റെ ചോദ്യം. വിദ്യാര്‍ഥികളുടെ പ്രതികരണം കേട്ട അശ്വിന്‍ ഹിന്ദി നമ്മുടെ ദേശീയ ഭാഷയല്ലെന്നും ഔദ്യോഗിക ഭാഷ മാത്രമാണെന്നും വ്യക്തമാക്കി.
ALSO READ: ഗൗരി ലങ്കേഷ് വധക്കേസ്: അവസാന പ്രതിക്കും ജാമ്യം; മുഴുവന്‍ പ്രതികളും പുറത്ത്
അശ്വിന്റെ വാക്കുകള്‍ തമിഴ്‌നാട്ടില്‍ വീണ്ടും ഹിന്ദി വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കുന്നതിനെ നിരന്തരം വിമര്‍ശിച്ചു കൊണ്ടിരിക്കുന്ന ഡിഎംകെ അശ്വിനെ പിന്തുണച്ചപ്പോള്‍ മുന്‍ ക്രിക്കറ്റ് താരത്തിനെതിരെ ബിജെപിയും രംഗത്തെത്തി. അശ്വിന്‍ തമിഴ്‌നാടിന്റെ താരമല്ല, ഇന്ത്യയുടെ താരമാണെന്നായിരുന്നു ബിജെപിയുടെ പ്രതികരണം.
'ഡിഎംകെ അശ്വിനെ പ്രോത്സാഹിപ്പിക്കുന്നതില്‍ അത്ഭുതമൊന്നുമില്ല. എന്നാല്‍ അശ്വിന്‍ ദേശീയ ക്രിക്കറ്റ് താരമാണോ, അതോ തമിഴ്‌നാട് ക്രിക്കറ്റ് താരമാണോ എന്നത് അറിയാന്‍ താല്‍പര്യമുണ്ട്'. എന്നായിരുന്നു ബിജെപി നേതാവ് ഉമ ആനന്ദിന്റെ പ്രതികരണം.