കുറച്ചു നാൾ കഴിഞ്ഞാൽ പണവും കൈക്കലാക്കി സ്ത്രീകൾ സ്ഥലം വിടും. അല്ലെങ്കിൽ വിവാഹമോചനത്തിലേക്ക് നയിക്കുന്ന ചെറിയ സംഘർഷങ്ങൾ ഉണ്ടാക്കും.
ആശിച്ചു മോഹിച്ചു വിവാഹം കഴിച്ചിട്ട്, പെണ്ണ് ഓടിപോയാൽ എങ്ങനെ ഇരിക്കും ? അതാണ് ഇപ്പോൾ ചൈനയിലെ വിവാഹിതരായ പുരുഷന്മാരുടെ അവസ്ഥ. ഓൺലൈൻ ഡേറ്റിംഗിന്റെയും , മാച്ച് മേക്കിങ് ഏജൻസികളുടെയും വരവോടെ വിവാഹം എന്നത് സാമൂഹികമായ ചടങ്ങിൽ നിന്നും ഒരു ചതിക്കുഴിയായി മാറിയിരിക്കുകയാണ് ചൈനയിൽ. 2014 ലെ കണക്കുകളനുസരിച്ചു ചൈനയിൽ സ്ത്രീകളെക്കാൾ 33 മില്യണിലധികം പുരുഷന്മാരാണുള്ളത് . 2050 ഓടെ 35 -59 വയസ്സുകൾക്കിടയിലുള്ള അവിവാഹിതരായ ചൈനീസ് പുരുഷന്മാരുടെ എണ്ണം 15 മില്യണിൽ നിന്നും 30 മില്യണിലേക്കു ഉയരുമെന്നാണ് മറ്റൊരു റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഇങ്ങനെ ജീവിതപങ്കാളിയെ കിട്ടാതെ സമ്മർദ്ദത്തിൽ കഴിയുന്ന പുരുഷന്മാരെയാണ് ഫ്ലാഷ് വെഡിങ്സ് എന്ന വഴിയിലൂടെ കെണിയിൽ പെടുത്തുന്നത്.
എന്താണ് ഫ്ലാഷ് വെഡിങ്സ്?
മാച്ച് മേക്കിങ് ബിസിനസിലെ പുതിയ തട്ടിപ്പ്- അതാണ് ഫ്ലാഷ് വെഡിങ്സ്. ഏജൻസികൾ വഴി പുരുഷന്മാർ സ്ത്രീകളെ പരിചയപ്പെടുന്നു. ചെറിയ കാലയളവിലെ പരിചയത്തിനുള്ളിൽ തന്നെ സ്ത്രീകളെ വധുവായി സ്വീകരിക്കുവാൻ ഏജൻസികളുടെ നിർബന്ധം മൂലം വഴങ്ങുന്നു. തുടർന്ന് വിവാഹശേഷം ഒരു ഗണ്യമായ തുക പുരുഷന്മാർ ഏജൻസികൾക്കു നൽകുന്നു. ഇനിയാണ് ട്വിസ്റ്റ് . ഈ വിവാഹം അധികകാലം നീണ്ടുനിൽക്കില്ല. കുറച്ചു നാൾ കഴിഞ്ഞാൽ പണവും കൈക്കലാക്കി സ്ത്രീകൾ സ്ഥലം വിടും. അല്ലെങ്കിൽ വിവാഹമോചനത്തിലേക്ക് നയിക്കുന്ന ചെറിയ സംഘർഷങ്ങൾ ഉണ്ടാക്കും.
പേര് പോലെ തന്നെ ധൃതിയിൽ അല്ലെങ്കിൽ വേഗത്തിലാണ് ഫ്ലാഷ് വെഡിങ്സ് നടക്കുന്നത്. മാത്രവുമല്ല ഇവരുടെ ദാമ്പത്യജീവിതം സുഖകരമായിരിക്കില്ല . തങ്ങളുടെ സാമ്പത്തിക ആവശ്യങ്ങൾക്കായി ഇവർ ഭർത്താക്കന്മാരെ ഉപയോഗിക്കും .കുറച്ചു നാളുകൾക്കുള്ളിൽ തന്നെ ഭർത്താവിൽ നിന്നും സ്ത്രീകൾ വിവാഹമോചനം ആവശ്യപ്പെടും. ഇങ്ങനെ കബളിക്കപെടുന്നുണ്ടെങ്കിലും, വധുവിനെ അന്വേഷിച്ചുള്ള ഏജൻസിയിലേക്കുള്ള പുരുഷന്മാരുടെ ഒഴുക്കിന് കുറവൊന്നുമുണ്ടായിട്ടില്ല എന്നാണ് ഏജൻസി നടത്തിപ്പുകാർ പറയുന്നത്. ഈ തട്ടിപ്പിലൂടെ മൂന്ന് മാസം കൊണ്ട് 35 ലക്ഷം രൂപ വരെയാണ് ഒരു യുവതി കൈക്കലാക്കിയത്. . സൗത്ത് മോർണിംഗ് പോസ്റ്റ് എന്ന വാർത്ത പ്ലാറ്റഫോം നൽകുന്ന വിവരങ്ങൾ അനുസരിച്ച് ചൈനയിലെ തെക്കു പടിഞ്ഞാറൻ ഭാഗങ്ങളിൽ ഇത്തരം തട്ടിപ്പുകാരെ പിടിക്കൂടുവാനുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ഫ്ലാഷ് വെഡിങ്സിലൂടെ വഞ്ചിക്കപ്പെടുന്ന പുരുഷൻമാർ
ചൈനയിലെ ലിയാവോ എന്ന ചെറുപ്പക്കാരൻ തനിക്ക് യോജിച്ച ജീവിതപങ്കാളിയെ തേടിയാണ് ഏജൻസിയെ സമീപിച്ചത്. പക്ഷെ വഞ്ചിക്കപെടുമെന്ന കാര്യം അയാൾ തിരിച്ചറിഞ്ഞില്ല. ഏജൻസിയുടെ സഹായത്തോടെ പരിചയപ്പെട്ട പെൺകുട്ടിയെ വിവാഹം ചെയ്യാമെന്ന് രജിസ്റ്ററിൽ ഒപ്പു വെച്ച ലിയാവോ വധുവീട്ടുകാർക്ക് വേണ്ടി 118000 യുവാനാണ് ചിലവഴിച്ചത്. കല്യാണത്തിന് രണ്ടു മാസം ശേഷിക്കെയാണ് , തനിക്ക് കാറും വീടും വാങ്ങിച്ചു തരുന്നില്ല എന്ന കാരണത്തെ ചൊല്ലി യുവതി ഇയാളുമായി പിണങ്ങുന്നത്. യുവതിയെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോഴാണ് തനിക്ക് സംഭവിച്ച അബദ്ധം ലിയാവോയ്ക്ക് മനസിലായത്. യുവതിക്ക് മറ്റൊരു ബന്ധത്തിൽ കുട്ടികളുണ്ടായിരുന്നു എന്ന വസ്തുത മറച്ചു വെച്ചാണ് ലിയാവോയുമായിട്ടുള്ള വിവാഹത്തിന് തയ്യാറായത്. എങ്കിൽ നഷ്ടപെട്ട പണം ഏജൻസിയോട് ചോദിക്കാമെന്ന് വിചാരിച്ചപ്പോൾ പൊലീസ് അന്വേഷണത്തിനെ തുടർന്ന് സ്ഥാപനം പൂട്ടിയിരുന്നു, ഇത് ലിയാവോയുടെ മാത്രം അനുഭവമല്ല മറിച്ചു ചൈനയിലെ ഒരു പറ്റം അവിവാഹിതരായ യുവാക്കൾ ഈ കെണിയിൽ അകപ്പെട്ടിട്ടുണ്ട്.
ALSO READ: പണം ലാഭിക്കൽ മാത്രമല്ല, പ്രകൃതി സംരക്ഷണത്തിനും മാർഗം; സുസ്ഥിര ഭാവിക്കൊരു പുത്തൻ പാത 'ത്രിഫ്റ്റിങ്ങ്'
ചൈനയിലെ തെക്ക് പടിഞ്ഞാറൻ ഭാഗങ്ങളിലുള്ള പുരുഷന്മാരാണ് ഫ്ലാഷ് വെഡിങ് തട്ടിപ്പുകാരുടെ സ്ഥിരം വേട്ട മൃഗങ്ങൾ. ഗുയ്‌ഷൗ പ്രവിശ്യയിലെ ഹുവാഗുവാൻ പൊലീസ് സ്റ്റേഷനിൽ മാത്രം 180 പരാതികളാണ് കഴിഞ്ഞ വർഷം മാർച്ച് മുതൽ ഫ്ലാഷ് വെഡിങ്ങിൽ കബളിക്കപെട്ട പുരുഷന്മാർ നൽകിയത്. ഈയടുത്തു ചൈനയിൽ നടന്ന ഒരു ഫ്ലാഷ് വെഡിങ് തട്ടിപ്പിൽ വിവാഹമോചനത്തിന് ശേഷം ഭാര്യ ഭർത്താവിന്റെ കാറും വസ്തുവകകളും സ്വന്തം പേരിലാക്കിയിരുന്നു. ഈ വിവാഹബന്ധത്തിൽ നിന്നും വേർപെടുന്ന യുവതികൾ മറ്റൊരു ചെറുപ്പക്കാരനെ വരുതിയിലാക്കുവാനുള്ള ശ്രമങ്ങൾ ആരംഭിക്കും.
ഇങ്ങനെയുള്ള ഏജൻസികളുടെ പ്രവർത്തനരീതിയും വേറിട്ടതാണ്. അവിവാഹിതരും ധനികരുമായ പുരുഷന്മാർക്ക് ഈ യുവതികളൊടുള്ള വിശ്വാസം വർധിപ്പിക്കുവാൻ വേണ്ടി പ്രദേശത്തെ ഏതെങ്കിലുമൊരു ഓഫീസ് മുറി ഇവർ വാടകക്കെടുക്കുന്നു. ഏജൻസിയിലെ കുറച്ചു ഉദ്യോഗസ്ഥർ അവിവാഹിതരായ ചെറുപ്പക്കാരെ അന്വേഷിച്ചു പോവുമ്പോൾ മറ്റൊരു വിഭാഗം ജീവനക്കാർ തട്ടിപ്പിൽ ഭാഗമാവേണ്ട സ്ത്രീകൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടങ്ങും. ഏജൻസിയുടെ പൊള്ളയായ വാക്കുകളിൽ മയങ്ങി ചെറുപ്പക്കാർ തങ്ങളുടെ പ്രതിശ്രുത വധുവിനെ കാണുവാൻ വരും. പരസ്പരം ഇഷ്ടപെട്ടാൽ, കല്യാണവുമായി മുന്നോട്ടു പോകുവാൻ തീരുമാനിക്കും . തുടർന്ന്, ഏജൻസിയുമായി ഒരു കരാറിൽ ഒപ്പിടുവാനും അവർക്ക് നല്ലൊരു തുക നൽകുവാനും ചെറുപ്പക്കാർ നിർബന്ധിതരാകും.