fbwpx
തലവന്‍ മുതല്‍ കിഷ്‌കിന്ധാ കാണ്ഡം വരെ; ഇത് ആസിഫ് എന്ന നടന്റെ വര്‍ഷം

ആസിഫ് എന്ന നടന്‍ 2024 തൂത്തുവാരി കൊണ്ടുപോയിരിക്കുകയാണ്

CINEMA IN 2024


ആസിഫ് അലി എന്ന നടന്‍ തന്റെ അഭിനയ മികവ് തെളിയിച്ച വര്‍ഷമായിരുന്നു 2024. നാല് സിനിമകള്‍... നാല് വ്യത്യസ്ത കഥാപാത്രങ്ങള്‍... തലവനിലെ പൊലീസുകാരനായും, ലെവല്‍ ക്രോസിലെ രഘുവായും, അഡിയോസ് അമീഗോയിലെ പ്രിന്‍സായും, കിഷ്‌കിന്ധാ കാണ്ഡത്തിലെ അജയനായും ആസിഫ് അലി സ്‌ക്രീനില്‍ പകര്‍ന്നാടിയ വര്‍ഷം. ഓരോ കഥാപാത്രവും ഒന്നില്‍ നിന്ന് വ്യത്യസ്തം.

'നമ്മള്‍ ജീവിതത്തില്‍ പല ഘട്ടത്തിലൂടെയും കടന്ന് പോകും, അതിലൂടെ എനിക്ക് ഒരുപാട് വളരാന്‍ സാധിച്ചു', 2023ല്‍ ഇന്ത്യന്‍ എക്‌സ്പ്രസിന് ആസിഫ് അലി നല്‍കിയ അഭിമുഖത്തിലെ വാക്കുകളാണിത്. ഒരു നടന്‍ എന്ന നിലയില്‍ അദ്ദേഹം വളര്‍ന്ന് കഴിഞ്ഞുവെന്ന്, 2024ല്‍ വെറും നാല് സിനിമകള്‍ കൊണ്ട് ആസിഫ് തെളിയിച്ചിരിക്കുകയാണ്. മികച്ച പ്രേക്ഷക-നിരൂപക പ്രശംസ പിടിച്ചുപറ്റിയ സിനിമകളുടെയും ബോക്‌സ് ഓഫീസില്‍ വിജയമായ സിനിമകളുടെയും ഭാഗമാകാന്‍ ആസിഫിന് ഈ വര്‍ഷം സാധിച്ചു.

ഈ വര്‍ഷം ആസിഫ് അലി എന്ന നടന്‍ തുടങ്ങുന്നത് ജിസ് ജോയ് സംവിധാനം ചെയ്ത തലവനില്‍ നിന്നാണ്. 2024 മെയ് 24നാണ് തലവന്‍ തിയേറ്ററിലെത്തുന്നത്. കാര്‍ത്തിക് വാസുദേവന്‍ എന്ന എസ്‌ഐയുടെ വേഷമാണ് ആസിഫ് ചിത്രത്തില്‍ അവതരിപ്പിച്ചത്. ബിജു മേനോന്‍ ആയിരുന്നു ചിത്രത്തില്‍ ആസിഫിന് ഒപ്പം പ്രധാന കഥാപാത്രമായി എത്തിയത്. ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറായ ചിത്രത്തില്‍ പൊലീസുകാര്‍ക്കിടയില്‍ ഉണ്ടാകുന്ന ഈഗോ ക്ലാഷിനെ കുറിച്ചും സംസാരിച്ചിട്ടുണ്ട്. ആസിഫിന്റെ കാര്‍ത്തിക് കര്‍മ്മനിരതനായ പൊലീസ് ഓഫീസറാണ്. എങ്കിലും തന്റെ മേല്‍ഉദ്യോഗസ്ഥരില്‍ നിന്നും കാര്‍ത്തിക്കിന് പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട്. പൊലീസ് സേനയിലുള്ള അധികാരക്രമത്തെ കുറിച്ചും സിനിമ പറഞ്ഞുവെക്കുന്നുണ്ട്. ആ അധികാരക്രമം കാരണം താഴെ തട്ടിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളും എല്ലാം സിനിമയിലൂടെ പറഞ്ഞു പോകുന്നുണ്ട്.


ആസിഫിന്റെ കാര്‍ത്തിക് ഭയങ്കര ടഫ് ആണ്. ഒരു തരത്തിലുമുള്ള വിട്ടുവീഴ്ചയ്ക്ക് അയാള്‍ തയ്യാറല്ല. തന്റെ മേലുദ്യോഗസ്ഥനുമായി വ്യക്തിപരമായി പ്രശ്‌നമുണ്ടെങ്കിലും, ജയശങ്കര്‍...... കുറ്റാരോപിതനാകുമ്പോള്‍ അദ്ദേഹത്തിന്റെ നിരപരാധിത്വം തെളിയിക്കാനാണ് കാര്‍ത്തിക് ശ്രമിക്കുന്നത്. കുറ്റവും ശിക്ഷയിലും കൂമനിലുമാണ് ആസിഫ് ഇതിന് മുന്‍പ് പൊലീസ് വേഷത്തില്‍ എത്തിയിട്ടുള്ളത്. അതിന് മുന്‍പ് ഉണ്ടയില്‍ അതിഥി വേഷത്തില്‍ എത്തിയിരുന്നു. ആ കഥാപാത്രങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായ പൊലീസ് കഥാപാത്രത്തെയാണ് തലവനിലൂടെ ആസിഫ് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിച്ചത്.

തലവനില്‍ നിന്ന് നേരെ ആസിഫ് എത്തിയത് ലെവല്‍ ക്രോസിലേക്കാണ്. സിനിമയില്‍ വളരെ വ്യത്യസ്തമായൊരു കഥാപാത്രമാണ് ആസിഫ് അവതരിപ്പിച്ചിരിക്കുന്നത്. തന്റെ കരിയറില്‍ ഇതുവരെ ആസിഫ് ഇത്തരത്തില്‍ വളരെ റോ ആയ ഒരു മനുഷ്യനായി അഭിനയിച്ചിട്ടില്ലെന്ന് തന്നെ പറയാം. രഘു എന്ന ലെവല്‍ ക്രോസ് ഗേറ്റ്കീപ്പറാണ് ആസിഫ് ഈ ചിത്രത്തില്‍. തലവന്‍ ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറായിരുന്നെങ്കില്‍ ലെവല്‍ ക്രോസ് സൈക്കോളജിക്കല്‍ ത്രില്ലറാണ്. അര്‍ഫാസ് അയൂബ് സംവിധാനം ചെയ്ത ചിത്രം പറയുന്നത് ഒറ്റപ്പെട്ട് കിടക്കുന്ന ഒരു ലെവല്‍ ക്രോസിലെ ഏകാന്തനായ ഗെയിറ്റ് കീപ്പറിന്റെയും അവിടെ യാദര്‍ശ്ചികമായി എത്തിപ്പെടുന്ന പെണ്‍കുട്ടിയുടെയും കഥയാണ്. ആസിഫ് അലിയുടെ രഘു അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വ്യത്യസ്തനായ കഥാപാത്രമാണ്. മേക്കപ്പ് എന്നത് രഘു എന്ന കഥാപാത്രത്തിലേക്ക് എത്താന്‍ ആസിഫിനെ സഹായിച്ചിട്ടുണ്ടെങ്കിലും, ചിത്രത്തിലെ ആസിഫിന്റെ ശരീര ഭാഷയും ഡയലോഗ് ഡെലിവറിയും എടുത്ത് പറയേണ്ട കാര്യമാണ്. യുണീക്കായ പ്രകടനത്തിലൂടെ പ്രേക്ഷകരെ അത്ഭുതപ്പെടുത്താന്‍ രഘുവിലൂടെ ആസിഫിന് സാധിച്ചിട്ടുണ്ട്. ഒരു ചെറിയ പാളിച്ച സംഭവിച്ചാല്‍ ഓവര്‍ ആയി പോകാവുന്ന കഥാപാത്രമാണ് രഘു. എന്നാല്‍ ആസിഫ് വളരെ മികവോടെ ആ കഥാപാത്രത്തെ സ്‌ക്രീനില്‍ ചെയ്തുവെച്ചിട്ടുണ്ട്.


നമ്മള്‍ ഈ വര്‍ഷം ഇതുവരെ കണ്ടത് റഫ് ആന്‍ഡ് ടഫ് ആയ ആസിഫ് അലിയെ ആണ്. എന്നാല്‍ അഡിയോസ് അമീഗോയിലേക്ക് വരുമ്പോള്‍ ആളാകെ മാറിയിരിക്കുകയാണ്. കോമഡി ജോണറില്‍ പെടുന്ന ലൈറ്റ് ഹാര്‍ട്ടഡ് സിനിമയാണ് നഹാസ് നാസറിന്റെ അഡിയോസ് അമീഗോ. രണ്ട് പുരുഷന്‍മാരുടെ കഥ പറഞ്ഞ സിനിമ. ചിത്രത്തിലെ ആസിഫിന്റെ പ്രിന്‍സ് എന്ന കഥാപാത്രം കെയര്‍ ഫ്രീയാണ്. പൈസക്കാരനായ പ്രിന്‍സിന് 'ജീവിതം ഒന്നേയുള്ളൂ അത് ആവോളം ആസ്വദിക്കുക' എന്ന മനോഭാവമാണുള്ളത്. കള്ളും കുടിച്ച് തമാശയും പറഞ്ഞ് ജീവിതത്തെ ഒട്ടും സീരിയസായി കാണാത്ത ഒരു മനുഷ്യന്‍. ആസിഫ് ഒരിക്കല്‍ പോലും ഇത്തരമൊരു കോമഡി പീസായ സ്‌ക്രീനിലെത്തിയിട്ടില്ലെന്ന് തന്നെ പറയാം. പ്രിന്‍സ് വളരെ ലൗഡാണ്. നമ്മള്‍ നേരത്തെ കണ്ട തലവനില്‍ നിന്നും ലെവല്‍ ക്രോസില്‍ നിന്നും പൂര്‍ണ്ണമായും വ്യത്യസ്തമായ കഥാപാത്രം. ആസിഫ് എന്ന നടന് തീര്‍ച്ചയായും ഈ കഥാപാത്രം വെല്ലുവിളിയായിരിക്കുമെന്ന് നിസംശയം പറയാം. പ്രിന്‍സിനെ കാണുമ്പോള്‍ അനായാസം ചെയ്തതായി തോന്നുമെങ്കിലും ആ ശരീര ഭാഷയും സ്ലാങും സിനിമയിലുടനീളം മുന്നോട്ട് കൊണ്ടുപോവുക എന്നത് ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. എന്നാല്‍ സ്‌ക്രീനില്‍ വളരെ അനായാസമായാണ് ആസിഫ് അത് ചെയ്തിരിക്കുന്നതെന്ന് പറയേണ്ടി വരും.


കണ്ണുകള്‍ കൊണ്ടാണ് ആസിഫ് അലി എന്ന നടന്‍ കിഷ്‌കിന്ധാ കാണ്ഡത്തിലുടനീളം അഭിനയിച്ചിരിക്കുന്നത്. അതെ, അജയന്റെ വേദനയും സംഘര്‍ഷങ്ങളുമെല്ലാം ആ കണ്ണിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ ആസിഫ് അലിക്ക് സാധിച്ചു. ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത കിഷ്‌കിന്ധാ കാണ്ഡം താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച സിനിമയാണെന്ന് നിസംശയം പറയാവുന്നതാണ്. 2024 ആസിഫ് അവസാനിപ്പിച്ചത് എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ്. ഇത്രയധികം ആത്മസംഘര്‍ഷങ്ങള്‍ നിറഞ്ഞൊരു കഥാപാത്രം ആസിഫ് അലി ഇതിന് മുമ്പ് ചെയ്തിട്ടുണ്ടാവില്ല. അച്ഛന്‍, മകന്‍, ഭര്‍ത്താവ് എന്നീ മൂന്ന് വേഷങ്ങളിലും ഒരു പോലെ സംഘര്‍ഷം അനുഭവിക്കുന്ന കഥാപാത്രമാണ് അജയന്‍. നിസഹായനാണ് അജയന്‍. അച്ഛന്‍ എന്ന നിലയിലും മകന്‍ എന്ന നിലയിലും ഭര്‍ത്താവ് എന്ന നിലയിലുമെല്ലാം അയാള്‍ വിജയി അല്ല. എന്നാല്‍ പൂര്‍ണമായും ജീവിതത്തില്‍ അയാള്‍ പരാജയപ്പെട്ടുവെന്നും പറയാനാകില്ല. സ്‌നേഹിക്കുന്നവര്‍ക്ക് വേണ്ടി വീണ്ടും വീണ്ടും മരിച്ച് ജീവിക്കുകയാണ് അജയന്‍. തന്റെ മകന്റെ മരണം ഉള്ളിലൊതുക്കി ജീവിത കാലം മുഴുവന്‍ ജീവിക്കാന്‍ വിധിക്കപ്പെട്ട വ്യക്തി. പ്രേക്ഷകരും നിരൂപകരും ഒരുപോലെ ആസിഫ് അലിയുടെ അജയനെ പുകഴ്ത്തി. അത് ബോക്‌സ് ഓഫീസിലും പ്രതിഫലിച്ചു. 75 കോടിയാണ് കിഷ്‌കിന്ധാ കാണ്ഡം ആഗോള ബോക്‌സ് ഓഫീസില്‍ നേടിയത്.



ആസിഫ് എന്ന നടന്‍ 2024 തൂത്തുവാരി കൊണ്ടുപോയിരിക്കുകയാണ്. ഇനി അടുത്ത വര്‍ഷം, അതായത് 2025 തുടങ്ങുന്നതും ആസിഫിലൂടെ തന്നെയാണ്. ജോഫിന്‍ ടി ചാക്കോയുടെ രേഖാചിത്രം എന്ന സിനിമ ജനുവരി 9ന് തിയേറ്ററിലെത്തും. ഒരു നടന്‍ എന്ന നിലയില്‍ താന്‍ ചെറിയ പുള്ളിയല്ലെന്ന് മലയാളി പ്രേക്ഷകര്‍ക്ക് മുന്നില്‍ ആസിഫ് തെളിയിച്ച വര്‍ഷമാണ് 2024. 2024 കടന്ന് പോകുമ്പോള്‍ അത് തീര്‍ച്ചയായും ആസിഫ് അലിയുടെ വര്‍ഷമായി മലയാള സിനിമാ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടും. കാര്‍ത്തിക്, രഘു, പ്രിന്‍സ്, അജയന്‍ ഇത് നാലും ആസിഫിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളായി അറിയപ്പെടും. 2024 ആസിഫ് എന്ന നടന്‍ തന്റെ അഭിനയമികവ് തെളിയിച്ച വര്‍ഷമായിരുന്നുവെന്ന് നിസംശയം പറയാവുന്നതാണ്.


NATIONAL
പുഷ്പ 2 വിവാദം: ചികിത്സയിൽ കഴിയുന്ന കുട്ടിക്ക് രണ്ട് കോടി ധനസഹായം നൽകുമെന്ന് അല്ലു അർജുൻ്റെ പിതാവ്
Also Read
user
Share This

Popular

KERALA
NATIONAL
അവൾ സ്നിഗ്ധ; ക്രിസ്മസ് പുലരിയിൽ അമ്മത്തൊട്ടിലിലെത്തിയ കുഞ്ഞിന് പേരിട്ടു