പുഷ്പ 2 ആണ് അവസാനമായി റിലീസ് ചെയ്ത അല്ലു അര്‍ജുന്‍ ചിത്രം
രണ്‍ബീര്‍ കപൂര്‍ ചിത്രം അനിമലിനെ പ്രശംസിച്ച് നടന്‍ അല്ലു അര്‍ജുന്‍. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയോട് സംസാരിക്കവെയാണ് താരം ഇതേ കുറിച്ച് സംസാരിച്ചത്. താന്‍ എല്ലാ ജോണര്‍ സിനിമകളും ഇഷ്ടപ്പെടുന്ന ആളാണെന്നും അല്ലു അര്‍ജുന്‍ പറഞ്ഞു. സൈഫൈ, റോമാന്റിക് ഡ്രാമ, ഡ്രാമ, കോമഡി എല്ലാം ഇഷ്ടമാണെന്നും അല്ലു അര്‍ജുന്‍ വ്യക്തമാക്കി. അടുത്തിടെ കണ്ട ഏതെങ്കിലും സിനിമയില്‍ അഭിനയിച്ചിരുന്നെങ്കില്‍ എന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിനാണ് താരം ഉത്തരം പറഞ്ഞത്.
'അങ്ങനെ കണ്ട സിനിമകളിലൊന്നും അഭിനയിക്കണമെന്ന് എനിക്ക് തോന്നിയിട്ടില്ല. പക്ഷെ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട സിനിമകളുണ്ട്, പ്രകടനങ്ങളുണ്ട്. എനിക്ക് അനിമല്‍ ഇഷ്ടമായി. എന്തൊരു പെര്‍ഫോമന്‍സാണ്. അതെനിക്ക് ഇഷ്ടപ്പെട്ട ഒരു സിനിമയാണ്. പിന്നെ റിലീസ് ചെയ്ത കുറച്ച് തെലുങ്ക് സിനിമകളുമുണ്ട്', എന്നാണ് അല്ലു അര്‍ജുന്‍ പറഞ്ഞത്.
ഏത് തരത്തിലുള്ള സിനിമകള്‍ കാണാനാണ് തനിക്ക് ഇഷ്ടമെന്നതിനെ കുറിച്ചും താരം സംസാരിച്ചു. 'എല്ലാം കാണാന്‍ എനിക്ക് ഇഷ്ടമാണ്. എന്റേതൊരു വിശാലമായ സ്‌പെക്ട്രമാണ്. എനിക്ക് എല്ലാ ജോണര്‍ സിനിമകളും കാണാന്‍ സാധിക്കും. പക്ഷെ അത് മികച്ച രീതിയില്‍ നിര്‍മിച്ചതായിരിക്കണം. അങ്ങനെയെങ്കില്‍ ഞാന്‍ അത് കാണും. ഞാന്‍ എല്ലാ ജോണറുകളും ആസ്വദിക്കുന്ന ആളാണ്്. സൈഫൈ, റോമാന്റിക് ഡ്രാമ, ഡ്രാമ, കോമഡി എല്ലാം ഇഷ്ടമാണ്', അല്ലു കൂട്ടിച്ചേര്‍ത്തു.
2023ലാണ് അനിമല്‍ റിലീസ് ചെയ്യുന്നത്. സന്ദീപ് റെഡ്ഡി വങ്കയാണ് സംവിധായകന്‍. രണ്‍ബീര്‍ കപൂര്‍, ബോബി ഡിയോള്‍, അനില്‍ കപൂര്‍, റശ്മിക മന്ദാന, തൃപ്തി ദിമ്രി എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. ചിത്രം സ്ത്രീ വിരുദ്ധമാണെന്ന തരത്തിലും ആണ്‍ അധികാരത്തെ ആഘോഷിക്കുകയാണെന്ന തരത്തിലും വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. എന്നിരുന്നാലും ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായിരുന്നു.
അതേസമയം പുഷ്പ 2 ആണ് അവസാനമായി റിലീസ് ചെയ്ത അല്ലു അര്‍ജുന്‍ ചിത്രം. സുകുമാര്‍ സംവിധാനം ചെയ്ത ചിത്രം 2021ല്‍ പുറത്തിറങ്ങിയ പുഷ്പ ദി റൈസിന്റെ രണ്ടാം ഭാഗമാണ്. അല്ലു അര്‍ജുന് പുറമെ ഫഹദ് ഫാസില്‍, രശ്മിക മന്ദാന എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്. മൈത്രി മൂവ് മേക്കേഴ്‌സാണ് ചിത്രത്തിന്റെ നിര്‍മാണം.