ജാൻ എ മൻ, തല്ലുമാല, മഞ്ഞുമ്മൽ ബോയ്സ്, തെക്ക് വടക്ക് തുടങ്ങിയ സിനിമകളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിരു
അനില്‍ സേവ്യര്‍
ശിൽപ്പിയും സിനിമ സഹ സംവിധായകനുമായ അനിൽ സേവ്യർ അന്തരിച്ചു. 39 വയസ്സായിരുന്നു. ഫുട്ബോൾ കളിക്കിടെ ഉണ്ടായ ഹൃദയസ്തംഭനത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ജാൻ എ മൻ, തല്ലുമാല, മഞ്ഞുമ്മൽ ബോയ്സ്, തെക്ക് വടക്ക് തുടങ്ങിയ സിനിമകളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്വതന്ത്ര സംവിധായകനാകാനുള്ള ഒരുക്കത്തിലായിരുന്നു അനില്‍.
കൊച്ചി മുസിരിസ് ബിനാലെയുടെ പ്രവര്‍ത്തനത്തില്‍ ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു അനില്‍ സേവ്യര്‍. തൃപ്പൂണിത്തുറ ആർഎൽവി കോളേജിൽ നിന്ന് ബിഎഫ്എ പൂർത്തിയാക്കിയ ശേഷം ഹൈദരാബാദ് കേന്ദ്ര സർവ്വകലാശാലയിൽ നിന്ന് ശിൽപ്പകലയിൽ എംഎഫ്എ ചെയ്തു. പഠനകാലത്ത് ക്യാംപസിൽ ഒപ്പം ഉണ്ടായിരുന്ന രോഹിത് വെമുലയുടെ സ്മാരക ശിൽപ്പം സൃഷ്ടിച്ചത് അനിലായിരുന്നു. അങ്കമാലി കേന്ദ്രീകരിച്ച് ഭാര്യയും ചിത്രകാരിയുമായ അനുപമ ഏലിയാസുമൊത്ത് കലാപരിശീലനം നടത്തി വരികയായിരുന്നു.
അങ്കമാലി കിടങ്ങൂർ പുളിയേൽപ്പടി വീട്ടിൽ പി. എ സേവ്യറാണ് പിതാവ്. മാതാവ് അല്‍ഫോന്‍സാ സേവ്യര്‍. സഹോദരൻ അജീഷ് സേവ്യർ. മരണശേഷം ഭൗതിക ശരീരം മെഡിക്കൽ വിദ്യാർഥികൾക്ക് പഠനത്തിന് നൽകണമെന്ന അനിലിൻ്റെ ആഗ്രഹം സാധിച്ചുകൊടുക്കാനാണ് ബന്ധുക്കളുടെ തീരുമാനം. അനിലിന്‍റെ വിയോഗത്തില്‍ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്‍, സംവിധായകന്‍ ചിദംബരം തുടങ്ങിയവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.