സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുയമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ യോഗം നടത്തിയ ശേഷം ശ്രീനഗറിലേക്ക് പുറപ്പെട്ടതായും കേന്ദ്ര ആഭ്യന്തര മന്ത്രി അറിയിച്ചു
പഹല്‍ ഗാമിലെ ആക്രമണത്തില്‍ അപലപിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹീന കൃത്യം നടത്തിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും ആരെയും വെറുതെ വിടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
'പഹല്‍ഗാമിലെ ആക്രമണത്തില്‍ അപലപിക്കുന്നു. ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തുന്നു. പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നു. നല്‍കാന്‍ കഴിയുന്ന എല്ലാ സഹായവും നല്‍കി വരുന്നുണ്ട്. ഈ ഹീന കൃത്യത്തിന് പിറകിലുള്ളവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും. അവരെ ആരെയും വെറുതെ വിടില്ല. അവരുടെ അജണ്ട ഒരിക്കലും വിജയിക്കില്ല. തീവ്രവാദത്തിനെതിരായ പോരാട്ടത്തിന് ഒരിക്കലും ഇളക്കം തട്ടില്ല. ഇനിയും ശക്തി പ്രാപിക്കുകയേ ഉള്ളു,' പ്രധാനമന്ത്രി പറഞ്ഞു.
ഭീകരാക്രമണം ഞെട്ടിപ്പിക്കുന്നതും മനുഷ്യത്വ രഹിതവുമെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു പ്രതികരിച്ചു.
ALSO READ: ജമ്മു കശ്മീരില്‍ വിനോദ സഞ്ചാരികൾക്ക് നേരെ തീവ്രവാദ ആക്രമണം; 20 ലേറെ പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
സാധാരണക്കാര്‍ക്ക് നേരെയുള്ള ആക്രമണം നീചവും ഭീരുത്വവുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പ്രതികരിച്ചു. വലിയ വേദനയുണ്ടാക്കുന്ന വാര്‍ത്തയാണ് പുറത്തുവന്നതെന്നും രാജ് നാഥ് സിംഗ് പറഞ്ഞു. അതേസമയം ഭീകരാക്രമണം ഹൃദയഭേദകവും അപലപനീയവുമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും പ്രതികരിച്ചു. തീവ്രവാദ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തവരെ ആരെയും വെറുതെവിടില്ലെന്ന് ആഭ്യന്തര മന്ത്രി അമിത്ഷാ പ്രതികരിച്ചു.
'പഹല്‍ഗാമിലെ തീവ്രവാദ ആക്രമണത്തില്‍ അതിയായ വേദന അറിയിക്കുന്നു. മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കുമൊപ്പം എന്റെ പാര്‍ഥനയുണ്ടാകും. ഭീകരമായ തീവ്രവാദ ആക്രമണത്തില്‍ പങ്കെടുത്തവരെ ആരെയും വെറുതെ വിടില്ല. ആക്രമണത്തിന് പിന്നിലുള്ളവര്‍ക്കെതിരെ കടുത്ത ശിക്ഷ തന്നെ നല്‍കും. വലിയ പ്രത്യാഘാതം നേരിടേണ്ടി വരും,' അമിത് ഷാ പറഞ്ഞു.
സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുയമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ യോഗം നടത്തിയ ശേഷം ആഭ്യന്തര മന്ത്രി ശ്രീനഗറിലേക്ക് പുറപ്പെട്ടു.
ഞെട്ടിക്കുന്ന ആക്രമണമാണെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പറഞ്ഞു. ആക്രമണത്തില്‍ ബാധിക്കപ്പെട്ടവരെ ആശ്വസിപ്പിക്കാന്‍ വാക്കുകള്‍ മതിയാവില്ലെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞു. ആക്രമണത്തില്‍ ഇതുവരെ 28 ഓളം പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ജമ്മു കശ്മീരിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഒരു മരണം മാത്രമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്.
ആക്രമണം നടത്തിയവരില്‍ മൂന്നുപേരുണ്ടായിരുന്നെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30 ഓടുകൂടിയാണ് ആക്രമണം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ദ റെസിസ്റ്റന്‍സ് ഫ്രണ്ട് എന്ന തീവ്രവാദ സംഘടന ഏറ്റെടുത്തിട്ടുണ്ട്. പാക് ആസ്ഥാനമായി പ്രവര്‍ത്തിക്കു്‌നന ലഷ്‌കര്‍ ഇ തൊയ്ബ ബന്ധമുള്ള സംഘടനയാണ് ഇത്.