ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചു? വര്‍ഷങ്ങള്‍ക്ക് മുന്‍പ് റിപ്പോര്‍ട്ട് കിട്ടിയതാണ്. അതില്‍ ഒരു ചെറുവിരലെങ്കിലും അനക്കിയോ? എന്നിങ്ങനെ രൂക്ഷ ഭാഷയിലാണ് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചിരിക്കുന്നത്.
സിനിമ മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് അഞ്ച് വര്‍ഷത്തിനുശേഷമാണ് പുറത്തുവന്നത്. കാലങ്ങളായി, രഹസ്യമായും പരസ്യമായുമൊക്കെ പറഞ്ഞുകേട്ടിരുന്ന പ്രശ്നങ്ങള്‍ക്ക് ഒരു ഔദ്യോഗിക സ്വഭാവം കൈവരുകയായിരുന്നു. പതിവ് പൈങ്കിളി കഥകള്‍ക്കപ്പുറം, ചിലരുടെ നേരനുഭവങ്ങള്‍ സാക്ഷ്യങ്ങളായി രേഖപ്പെടുത്തപ്പെട്ടു. സര്‍ക്കാര്‍ നിയോഗിച്ചൊരു സമിതിയും കോടതി ഇടപെടലുമൊക്കെ അതിന് കാരണമായി. വൈകിയാണെങ്കിലും, ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്തുവിട്ടതിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാരിന് അഭിമാനിക്കാം. ഇച്ഛാശക്തിയുള്ളൊരു സര്‍ക്കാര്‍ ആയതിനാലാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതെന്ന് മന്ത്രിമാരും പാര്‍ട്ടി നേതാക്കളും ഉള്‍പ്പെടെ ഊറ്റം കൊള്ളുകയും ചെയ്തു. എന്നാല്‍, റിപ്പോര്‍ട്ടിലുള്ള ലൈംഗിക പീഡനങ്ങളില്‍ ഉള്‍പ്പെടെ കേസെടുക്കാത്തതിന്റെ പേരില്‍ സര്‍ക്കാര്‍ ചോദ്യമുനയിലായി. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിലും പോക്സോ ഉള്‍പ്പെടെ വെളിപ്പെടുത്തലുകളിലും സര്‍ക്കാര്‍ എന്ത് ചെയ്തുവെന്ന ചോദ്യവുമായി പ്രതിപക്ഷവും, സിനിമാ-സാംസ്കാരിക മേഖലയിലുള്ളവരും രംഗത്തെത്തി. പ്രതിരോധത്തിന് പുതിയ ആയുധം തേടിയ സര്‍ക്കാര്‍, ആരോപണങ്ങളും വെളിപ്പെടുത്തലുകളും അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. എന്നാല്‍ റിപ്പോര്‍ട്ട് കിട്ടിയശേഷമുള്ള നാലര വര്‍ഷം നഷ്ടപ്പെടുത്തിയതിന് അതൊരു നീതീകരണമല്ലായിരുന്നു. ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ചും ഇതേ ചോദ്യം തന്നെയാണ് ഇന്ന് സംസ്ഥാന സര്‍ക്കാരിനോട് ചോദിച്ചിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചു? വര്‍ഷങ്ങള്‍ക്ക് മുന്‍പ് റിപ്പോര്‍ട്ട് കിട്ടിയതാണ്. അതില്‍ ഒരു ചെറുവിരലെങ്കിലും അനക്കിയോ? എന്നിങ്ങനെ രൂക്ഷ ഭാഷയിലാണ് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചിരിക്കുന്നത്.
ALSO READ : ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറണം; നിര്‍ദേശവുമായി ഹൈക്കോടതി
മലയാള സിനിമ മേഖലയിലെ വിവിധ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ഹേമ കമ്മിറ്റിയെ നിയോഗിക്കുന്നത്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിനു പിന്നാലെയായിരുന്നു അത്തരമൊരു നീക്കം. 2017 ജൂലൈ ഒന്നിന് കമ്മിറ്റി രൂപീകരിക്കപ്പെട്ടു. കേരള ഹൈക്കോടതിയിലെ റിട്ടയേർഡ് ജസ്റ്റിസ് കെ ഹേമയുടെ നേതൃത്വലുള്ള കമ്മിറ്റിയില്‍ നടി ശാരദ, റിട്ടയേർഡ് ഐഎഎസ് ഓഫീസറായ വത്സല കുമാരി എന്നിവരായിരുന്നു അംഗങ്ങൾ. 2019 ഡിസംബര്‍ വരെയായിരുന്നു കമ്മിറ്റിയുടെ പ്രവര്‍ത്തനം. നടിമാർ ഉൾപ്പെടെ സിനിമ മേഖലയിലെ വിവിധ വിഭാഗങ്ങളിൽ ജോലിയെടുക്കുന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍, സാങ്കേതിക പ്രവര്‍ത്തകര്‍ എന്നിവരില്‍ നിന്നെല്ലാം കമ്മിറ്റി മൊഴിയെടുത്തു. വിവേചനം, വേതനം, ലൈംഗികാരോപണങ്ങൾ, മാറ്റി നിർത്തപ്പെടുന്ന സാഹചര്യം, ശാരീരിക-മാനസിക പീഡനം ഉള്‍പ്പെടെ കാര്യങ്ങളാണ് കമ്മിറ്റി പരിഗണിച്ചത്. 2019 ഡിസംബർ 31ന് 295 പേജുള്ള റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. കമ്മിറ്റിയുടെ കണ്ടെത്തലുകളെ സാധൂകരിക്കുന്ന ഡോക്യുമെൻ്റുകൾ, ഓഡിയോ, വീഡിയോ തെളിവുകൾ തുടങ്ങിയവും റിപ്പോർട്ടിനൊപ്പം സമർപ്പിച്ചു. കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 1.06 കോടി രൂപയാണ് സർക്കാർ ചെലവിട്ടത്. എന്നാല്‍, സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്തുവിടുകയോ, അതിന്മേല്‍ എന്തെങ്കിലും നടപടി സ്വീകരിക്കുകയോ ചെയ്തില്ല.
മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ, വിവരാവകാശ നിയമം പ്രകാരം അപേക്ഷിച്ചെങ്കിലും റിപ്പോര്‍ട്ട് ലഭിച്ചില്ല. തുടര്‍ന്നായിരുന്നു വിവരാവകാശ കമ്മീഷൻ്റെ ഇടപെടൽ. വ്യക്തികളെ തിരിച്ചറിയുന്നതും സ്വകാര്യത ലംഘിക്കുന്നതുമായ ഭാഗങ്ങൾ ഒഴിവാക്കി റിപ്പോർട്ട് പുറത്തുവിടണമെന്ന് ജൂലൈ അഞ്ചിന് കമ്മീഷൻ നിർദേശിച്ചു. ഇതോടെ, ജൂലൈ 24ന് റിപ്പോര്‍ട്ട് പുറത്തുവിടുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍, അന്നേദിവസം നിർമാതാവ് സജിമോന്‍ പാറയിൽ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയ ഹൈക്കോടതി ഓഗസ്റ്റ് 15ന് അത് തള്ളി. ഓഗസ്റ്റ് 17ന് സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്തുവിടുമെന്ന സൂചനകള്‍ക്കിടെ നടി രഞ്ജിനി ഹൈക്കോടതിയെ സമീപിച്ചു. കമ്മിറ്റിക്ക് മൊഴി നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടിന്റെ കോപ്പി കാണണമെന്നുമായിരുന്നു ഹര്‍ജി. ഇതോടെ, റിപ്പോര്‍ട്ട് പുറത്തുവരുന്ന കാര്യം വീണ്ടും അനിശ്ചിതത്വത്തിലായി. ഓഗസ്റ്റ് 19ന് രഞ്ജിനിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി. അപ്പീൽ ഫയൽ ചെയ്തെങ്കിലും കോടതി സ്റ്റേ ഉത്തരവ് നൽകിയില്ല. അതോടെ, അഞ്ച് വര്‍ഷങ്ങള്‍ക്കുശേഷം റിപ്പോര്‍ട്ട് പുറത്തുവന്നു. രഹസ്യസ്വഭാവം പുലര്‍ത്തേണ്ട ഭാഗങ്ങള്‍ ഒഴിവാക്കിയുള്ള റിപ്പോര്‍ട്ടാണ് കോടതി ഇടപെടലില്‍ പുറത്തെത്തിയത്. സിനിമ മേഖലയിലെ സ്ത്രീ വിരുദ്ധത, ലൈംഗിക അതിക്രമങ്ങള്‍, ലൈംഗിക ചൂഷണങ്ങള്‍, തൊഴില്‍ പീഡനങ്ങള്‍, വിവേചനം, മാനസിക പീഡനങ്ങള്‍, കാസ്റ്റിങ് കൗച്ച് തുടങ്ങി ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് നേരിടേണ്ടി വരുന്ന മോശം അനുഭവങ്ങള്‍, പോക്സോ വരെ ഉള്‍പ്പെടുന്നതാണ് റിപ്പോര്‍ട്ട്. ആണധികാര നിയന്ത്രണത്തില്‍ മുന്നോട്ടുപോകുന്ന തൊഴിലിടത്തില്‍ സ്ത്രീകള്‍ക്ക് അനുഭവിക്കേണ്ടിവന്നേക്കാവുന്ന പ്രശ്നങ്ങളെല്ലാം റിപ്പോര്‍ട്ടിലുണ്ട്. സ്വകാര്യത ഹനിക്കാതെയാണ് അവ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ, ആര്? എന്ത്? എപ്പോള്‍? എന്നിങ്ങനെ ചോദ്യങ്ങള്‍ക്ക് നേരിട്ടുള്ള ഉത്തരം ലഭിക്കില്ല. പക്ഷേ, സമിതിയെ നിയോഗിച്ചവര്‍ക്കും റിപ്പോര്‍ട്ട് തയ്യാറാക്കിയവര്‍ക്കും പൂര്‍ണ വിവരങ്ങള്‍ ലഭ്യമാണ്.
സിനിമ മേഖലയെ സംബന്ധിച്ച പഠനമാണ് ഹേമ കമ്മിറ്റി നടത്തിയതെങ്കിലും റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ അതിനൊരു രാഷ്ട്രീയ മാനം കൂടി കൈവന്നു. സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങള്‍ക്ക് പോലും റിപ്പോര്‍ട്ടിന്‍ മേല്‍ ഭിന്നാഭിപ്രായം ഉണ്ടായിരുന്നു. പരാതിയില്ലാതെ കേസെടുക്കാനാകില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് തള്ളുന്നതായിരുന്നു പലരുടെയും അഭിപ്രായം. ഇടത് യുവജന സംഘടനകളും സമാന നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍, ഹേമ കമ്മിറ്റി റിപ്പോർട്ടല്ലാതെ, ആരുടെയെങ്കിലും പരാതി സർക്കാരിന് മുന്നിൽ ഇല്ല, അത് കൊണ്ട് തന്നെ കേസെടുക്കാൻ സാധിക്കില്ല എന്ന നിലപാടാണ് മുഖ്യമന്ത്രി ആദ്യദിവസം വാർത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. ഇക്കാര്യം സജി ചെറിയാനും വി.എൻ. വാസവനും എ.കെ. ബാലനും ആവർത്തിച്ചു. സ്വമേധയാ കേസെടുക്കുന്നതിന് നിയമപ്രശ്നങ്ങളുണ്ടെന്നായിരുന്നു മന്ത്രി വാസവന്‍റെ വാദം. കേസെടുക്കണമെങ്കിൽ കോടതി പറയട്ടെ എന്ന് സജി ചെറിയാനും പറഞ്ഞു. സംസ്ഥാന വനിതാ കമ്മീഷന്‍റെ നിലപാടും വ്യത്യസ്തമായിരുന്നില്ല. സർക്കാരിന്‍റെ അതേ നിലപാട് പിന്തുടരാനാണ് കമ്മീഷനും തീരുമാനിച്ചത്. ആരെങ്കിലും പരാതിയുമായി വന്നാലേ കേസ് നിലനിൽക്കൂവെന്നും അതിനുള്ള ആർജവം അവർ കാണിക്കണമെന്നും അധ്യക്ഷ പി. സതീദേവി പറഞ്ഞു.
എന്നാല്‍, ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഈ പൊതു നിലപാട് തള്ളി രംഗത്തെത്തി. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ പരാതി ഇല്ലാതെയും കേസെടുക്കാൻ നിലവിൽ നിയമമുണ്ടെന്ന് ബാലഗോപാൽ പറഞ്ഞു. ഇതോടു ചേർന്ന് നിൽക്കുന്നതായിരുന്നു മന്ത്രി എം.ബി. രാജേഷിന്റെ പ്രതികരണവും. റിപ്പോർട്ട് പുറത്ത് വിടുന്നതില്‍ സർക്കാരിന് ഒരു താല്‍പര്യക്കുറവും ഉണ്ടായിരുന്നില്ലെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഇടത് മുന്നണിക്കുള്ളിലും റിപ്പോർട്ടിനെ ചൊല്ലി വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉയർന്ന് വന്നിട്ടുള്ളത്. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സമഗ്രാന്വേഷണവും തുടർനടപടികളും ആവശ്യപ്പെട്ട് സിപിഐയുടെ യുവജന സംഘടന എഐവൈഎഫ് മുഖ്യമന്ത്രിക്ക് പരാതിയും നൽകിയിരുന്നു. അപ്പോഴും ആദ്യ നിലപാടില്‍നിന്ന് മാറാന്‍ മന്ത്രി സജി ചെറിയാന്‍ വിസമ്മതിച്ചു. കോടതിയുടെ പരിഗണനയിൽ ഉള്ള റിപ്പോർട്ടാണിത്. റിപ്പോർട്ടിൽ നടപടി വേണമെങ്കിൽ കോടതി പറയട്ടെയെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. പുറത്തു വിടാത്ത രഹസ്യ ഭാഗങ്ങളിൽ നടപടി എടുക്കേണ്ടതുണ്ടെങ്കിൽ കോടതി പറയട്ടെ.സർക്കാരിന് മുന്നിലേക്ക് എന്തെങ്കിലും വന്നാൽ കർശന നടപടി ഉണ്ടാകും. ഒരു വിട്ടു വീഴ്ചയും സർക്കാർ ചെയ്യില്ല.സര്‍ക്കാര്‍ സ്ത്രീ സമൂഹത്തിനൊപ്പമാണ് നിലകൊള്ളുന്നത്. റിപ്പോർട്ടിന്‍റെ ശുപാർശ മാത്രമാണ് താൻ കണ്ടതെന്നും റിപ്പോർട്ട് പൂർണമായും വായിച്ചിട്ടില്ലെന്നും വാദമുയര്‍ത്തിയായിരുന്നു മന്ത്രിയുടെ പ്രതികരണം.
എന്നാല്‍, സാംസ്കാരിക വകുപ്പിന് റിപ്പോർട്ട് കൈമാറിയെന്ന് പറയുന്ന ജസ്റ്റിസ് ഹേമയുടെ കത്ത് പുറത്തുവന്നതോടെ, മന്ത്രിയുടെ വാദം പൊളിഞ്ഞുവീണു. 2020 ഫെബ്രുവരി 19ന് സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജിന് ജസ്റ്റിസ് ഹേമ അയച്ച കത്താണ് പുറത്തുവന്നത്. യഥാർഥ റിപ്പോർട്ടും റിപ്പോർട്ടിന്‍റെ രണ്ട് കോപ്പികളും സർക്കാരിന് നൽകിയിട്ടുണ്ടെന്ന് കത്തിൽ പറയുന്നു. ഒറിജിനൽ റിപ്പോർട്ടും രണ്ട് കോപ്പികളും മുഖ്യമന്ത്രിക്കും ഒരു കോപ്പി സാംസ്കാരിക വകുപ്പിനും വിവിധ രേഖകളോടൊപ്പം കൈമാറുകയിട്ടുണ്ട്. ലൈംഗികാതിക്രമം അടക്കമുള്ള കാര്യങ്ങളെക്കുറിച്ച് കമ്മിറ്റിക്ക് നൽകിയ രഹസ്യ മൊഴികൾ അതിന്‍റെ ഗൗരവത്തോടു കൂടി സൂക്ഷിക്കണം. ഈ വിഷയവുമായി ബന്ധപ്പെട്ട് മന്ത്രിയെ പ്രത്യേകം കാര്യങ്ങള്‍ ബോധിപ്പിക്കുമെന്നും കത്തില്‍ പറയുന്നു. ഇതോടെ, സിനിമ മന്ത്രിയുടെ നിലപാടും ചോദ്യം ചെയ്യപ്പെട്ടു.
ALSO READ : താരാകാശത്തെ നിഗൂഢതയിൽ നട്ടംതിരിഞ്ഞ് സർക്കാർ; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മന്ത്രിമാർക്കും ഭിന്നാഭിപ്രായം
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കേസെടുക്കാനാവില്ലെന്നായിരുന്നു പൊലീസിന്റെയും വാദം. റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചതിന് പിന്നാലെ ഡിജിപിക്ക് കൈമാറിയിരുന്നു. എന്നാല്‍ കേസെടുക്കാനാവില്ലെന്ന് പറഞ്ഞ് മടക്കി അയച്ചു. ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് വ്യക്തമായ വിവരങ്ങളില്ല, കേസെടുക്കാന്‍ റിപ്പോര്‍ട്ടില്‍ ശുപാര്‍ശയില്ല എന്നിങ്ങനെയാണ് പൊലീസ് നിരത്തുന്ന കാരണങ്ങള്‍. വ്യക്തമായ പരാതി ലഭിച്ചില്ലെങ്കില്‍ കേസെടുക്കില്ലെന്നുമാണ് പൊലീസ് നിലപാട് സ്വീകരിച്ചത്. ഇതോടെ, സർക്കാർ ഈ റിപ്പോർട്ട് നേരത്തെ വായിച്ചിരുന്നുവെങ്കിൽ അന്ന് തന്നെ നിയമപരമായ നടപടികൾ എടുക്കാമായിരുന്നുവെന്ന ഗുരുതര ആരോപണം ഉയര്‍ന്നുവന്നു. ആരോപണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും തടകെട്ടി നിയമന്ത്രി പി. രാജീവ് രംഗത്തെത്തി. മലയാള സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പുറത്തുവന്ന പശ്ചാത്തലത്തിൽ സിനിമ നയം രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചതായി മന്ത്രി രാജീവ് അറിയിച്ചു. ഷാജി.എൻ കരുണ്‍ നേതൃത്വം നല്‍കുമെന്നും, റിപ്പോർട്ടിലെ മൊഴികളിൽ നിയമനടപടികൾ സ്വീകരിക്കുന്നതിനുള്ള ചർച്ചകള്‍ നടക്കുകയാണെന്നും മന്ത്രി അറിയിച്ചു.
കടുത്ത വിമര്‍ശനങ്ങള്‍ക്കും സമ്മര്‍ദങ്ങള്‍ക്കുമൊടുവില്‍, സിനിമാ മേഖലയിലെ ലൈംഗിക ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തു. ഓഗസ്റ്റ് 25ന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ മുഖ്യമന്ത്രി തയ്യാറായി. ഡിഐജി എസ്. അജീത ബീഗം, ക്രൈംബ്രാഞ്ച് എസ്.പി മെറിന്‍ ജോസഫ്, കോസ്റ്റല്‍ പൊലീസ് എഐജി ജി.പൂങ്കുഴലി, കേരള പൊലീസ് അക്കാദമി അസി.ഡയറക്ടര്‍ ഐശ്വര്യ ഡോങ്ക്റെ, ലോ&ഓര്‍ഡര്‍ എഐജി അജിത്ത് .വി, എസ്.പി ക്രൈംബ്രാഞ്ച് എസ്. മധുസൂദനന്‍ എന്നിവരുള്‍പ്പെട്ട സംഘത്തെയാണ് നിയോഗിച്ചത്. ആദ്യ ഘട്ടത്തില്‍ ആരോപണം ഉന്നയിച്ചവരുടെ മൊഴി രേഖപ്പെടുത്തും. പരാതി ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ കേസെടുത്ത് അന്വേഷണം നടത്താനുമാണ് നീക്കം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംഘം പരിശോധിക്കും. പൊലീസിന് ലഭിച്ച പരാതികള്‍ക്കൊപ്പം, ദുരനുഭവങ്ങള്‍ തുറന്നുപറഞ്ഞ നടിമാരുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തുന്നുണ്ട്. എസ്ഐടിയുടെ അന്വേഷണം പുരോഗമിക്കുന്നതിനിടെ കൂടുതല്‍ ആരോപണങ്ങളും വെളിപ്പെടുത്തലുകളും പുറത്തുവന്നു. മുന്‍കൂര്‍ ജാമ്യ ഹര്‍ജികളുമായി കുറ്റാരോപിതരുടെ നീണ്ടനിര കോടതിയിലെത്തി. നടന്മാരായ മുകേഷ്, മണിയന്‍ പിള്ള രാജു, ഇടവേള ബാബു, ജയസൂര്യ എന്നിവരടക്കം സിനിമാ മേഖലയിലെ ഏഴ് പേര്‍ക്കെതിരായ ലൈംഗികാരോപണ പരാതി, സംവിധായകന്‍ രഞ്ജിത്തിനെതിരെ ബംഗാളി നടി, സംവിധായകന്‍ വി.കെ പ്രകാശിനെതിരെ യുവ കഥാകൃത്ത്, നടന്‍ ബാബുരാജിനും സംവിധായകന്‍ ശ്രീകുമാര്‍ മേനോനുമെതിരെ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് എന്നിവരാണ് ഇതുവരെ രേഖാമൂലം പരാതി നല്‍കിയത്. ആരോപണങ്ങള്‍ക്കെതിരെ സിദ്ദീഖും, ഇടവേള ബാബുവും പരാതി നല്‍കിയിട്ടുണ്ട്. ഏറ്റവും ഒടുവിലായി നടന്‍ നിവിന്‍ പോളിയും പൊലീസിനെ സമീപിച്ചിട്ടുണ്ട്. അതേസമയം, രേഖാമൂലമുള്ള എല്ലാ പരാതികളിലും അന്വേഷണ സംഘം കേസെടുത്തേക്കില്ല. വ്യക്തതയുള്ള പരാതികളില്‍ മാത്രമായിരിക്കും എഫ്ഐആര്‍ ഇടുക. ബി എൻ എസ് 173 അനുസരിച്ച് പ്രാഥമിക അന്വേഷണം നടത്താമെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന നിയമോപദേശം.
ALSO READ : ഒടുവില്‍ അന്വേഷണം: സിനിമാ മേഖലയിലെ ലൈംഗിക ആരോപണങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘം
എന്നാല്‍, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയുണ്ടായ ചില തുറന്നുപറച്ചിലുകളും ആരോപണങ്ങളും പരാതികളുമൊക്കെ സര്‍ക്കാരിനെ വീണ്ടും പ്രതികൂട്ടില്‍ നിര്‍ത്തുന്നതായിരുന്നു. ഒരുപിടി അഭിനേതാക്കള്‍ക്കു നേരെ ആരോപണങ്ങളും പരാതികളും വന്നതോടെ, അഭിനേതാക്കളുടെ സംഘടനയായ AMMA എക്സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിടാന്‍ നിര്‍ബന്ധിതരായി. ആരോപണങ്ങളും പരാതിയും വന്നതോടെ, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് സംവിധായകന്‍ രഞ്ജിത്തിന് പടിയിറങ്ങേണ്ടിവന്നു. നടന്‍ കൂടിയായ എംഎല്‍എ എം. മുകേഷിന്റെ രാജിക്കായി മുറവിളി ഉയര്‍ന്നെങ്കിലും, സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അതിന് സമ്മര്‍ദങ്ങളുണ്ടായില്ല. നിയമവശം ചൂണ്ടിക്കാട്ടിയായിരുന്നു സര്‍ക്കാര്‍ മുകേഷിനെ സംരക്ഷിച്ചത്. എന്നാല്‍, സിനിമ നയരൂപീകരണ സമിതിയില്‍നിന്ന് മുകേഷിനെ മാറ്റി. ലൈംഗിക ആരോപണ കേസിൽ മുകേഷിന് മുൻകൂർ ജാമ്യം നൽകിയ സെഷൻസ് കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകാനും സര്‍ക്കാര്‍ തീരുമാനമെടുത്തു.
പരാതിക്കാരികളുടെ മൊഴിയെടുത്തും തെളിവുകള്‍ ശേഖരിച്ചും പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ്, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിശോധിക്കാന്‍ പ്രത്യേക ബെഞ്ചിനെ നിയോഗിക്കാന്‍ ഹൈക്കോടതി തീരുമാനിച്ചത്. റിപ്പോര്‍ട്ടിന്‍റെ പൂര്‍ണരൂപം പ്രത്യേക ബെഞ്ചിന് മുന്‍പിലെത്തിയതോടെയാണ് ഇത്ര ഗുരതരമായ കുറ്റകൃത്യങ്ങള്‍ പ്രതിപാദിക്കുന്ന റിപ്പോര്‍ട്ടില്‍ നടപടി സ്വീകരിക്കാതെ കോള്‍ഡ് സ്റ്റോറേജില്‍ വെച്ച സര്‍ക്കാരിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചത്. റിപ്പോര്‍ട്ട് കിട്ടിയപ്പോള്‍ മുതലുള്ള സര്‍ക്കാരിന്റെ നിലപാടുകളെയും ചെയ്തികളെയും ചോദ്യം ചെയ്തുകൊണ്ടാണ് കോടതി അതില്‍ ഇടപെട്ടത്. ആഴത്തില്‍ ചിന്തിച്ചാല്‍ അതിന് ചില കാരണങ്ങള്‍ കണ്ടെത്താം. സ്ത്രീകൾക്കെതിരെ ക്രിമിനല്‍ കുറ്റകൃത്യങ്ങളുണ്ടായാൽ നടപടിയെടുക്കേണ്ടത് ഏതൊരു സർക്കാരിൻ്റേയും ബാധ്യതയാണ്. നാലര വര്‍ഷമായി സര്‍ക്കാര്‍ അത് മറച്ചുവെച്ചത്, ഭാരതീയ ന്യായ സംഹിതയുടെ 199 വകുപ്പ് പ്രകാരം ക്രിമിനൽ കുറ്റമാണെന്നും വിലയിരുത്തപ്പെടുന്നു. സര്‍ക്കാര്‍ നിയോഗിച്ച ഒരു സമിതി കണ്ടെത്തിയ വിവരങ്ങളില്‍ കുറ്റകൃത്യം നടന്നിട്ടുണ്ടെന്ന് പ്രത്യക്ഷത്തില്‍ ബോധ്യമായ സ്ഥിതിയില്‍ കേസെടുത്ത് അന്വേഷിക്കാനുള്ള ധാര്‍മിക ഉത്തരവാദിത്തം സര്‍ക്കാരിന് തന്നെയാണ്. നിയമപരമായി നിരവധി സാധ്യതകള്‍ മുന്നിലുണ്ടായിട്ടും കേസെടുക്കാന്‍ സര്‍ക്കാര്‍ കാട്ടിയ അലംഭാവമാണ് ഹൈക്കോടതിയും പൊതുസമൂഹവും ചോദ്യം ചെയ്തത്.
ALSO READ : ഹേമ കമ്മിറ്റി റിപ്പോർട്ട്: തീരുമാനമെടുക്കേണ്ടത് കോടതിയോ പൊലീസോ?
ഇന്ത്യൻ നീതിന്യായ വ്യവസ്ഥയില്‍ ക്രിമിനല്‍ കുറ്റമെന്നത് ഒരു വ്യക്തിക്കെതിരെ മാത്രമല്ല, സമൂഹത്തിന് എതിരെയുള്ള കുറ്റക്യത്യമാണ്. ലൈംഗിക പീഡന കേസുകൾ ഉൾപ്പെടെ കോടതിക്ക് പുറത്ത് വ്യക്തികൾ തമ്മിൽ ഒത്തുതീർപ്പാക്കാൻ സാധിക്കാത്തതും ഇതുമൂലമാണ്.ക്രിമിനൽ നടപടി ചട്ടത്തിലെ സെക്ഷന്‍ 154ലും, പരിഷ്കരിച്ച ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ 173 വകുപ്പ് പ്രകാരവും ഒരു 'കോഗ്‌നിസബിള്‍ ഒഫന്‍സ്' വ്യക്തമായാല്‍ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണം. അതായത് വെളിപ്പെട്ടിരിക്കുന്ന വിവരങ്ങൾ കുറ്റകരമായ സംഭവമാണെങ്കിൽ, പരാതിയില്ലാതെ തന്നെ പൊലീസിന് കേസ് രജിസ്റ്റർ ചെയ്യാം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനൊപ്പം ഇലക്ട്രോണിക്സ് തെളിവുകളും സാക്ഷി മൊഴികളുമുണ്ട്. ഇതിൽ പ്രാഥമിക അന്വേഷണം നടത്താൻ പൊലീസിന് നിയമതടസമില്ല. പൊലീസിന് ലഭിച്ച വിവരങ്ങൾ തിരിച്ചറിയാവുന്ന കുറ്റത്തെ സൂചിപ്പിക്കുന്നില്ലെങ്കിലും, കൂടുതൽ അന്വേഷണത്തിൻ്റെ ആവശ്യകതയെ സൂചിപ്പിക്കുന്നുണ്ടെങ്കിൽ, പ്രാഥമിക അന്വേഷണത്തിലൂടെ വ്യക്തത വരുത്താം. പ്രാഥമികാന്വേഷണത്തിൽ പരാതി അവസാനിപ്പിക്കുന്നതിലേക്ക് നയിക്കുന്ന സാഹചര്യമാണെങ്കിൽ ക്ലോഷർ എൻട്രി തയാറാക്കണം, ക്ലോഷർ എൻട്രിയിൽ കേസുമായി മുന്നോട്ട് പോകാത്തതിൻ്റെ കാരണങ്ങൾ വിവരിക്കണം. കേസെടുക്കേണ്ടതാണെങ്കിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണം.
ഇവിടെയാണ്, പേര് വെളിപ്പെടുത്തരുതെന്ന വ്യവസ്ഥയിലാണ് മൊഴി നൽകിയിരിക്കുന്നതെന്നും അതിനാലാണ് പൊലീസ് കേസെടുക്കാത്തതെന്നുമുള്ളത് സർക്കാരിൻ്റെ ന്യായം പൊളിയുന്നത്. രാജ്യത്തെ ഒരു സ്ത്രീപീഡന കേസിലും ഇരകളുടെ പേരോ മറ്റ് വിവരങ്ങളോ വെളിപ്പെടുത്താറില്ല. ഇത് സുപ്രീം കോടതിയുടെ മാർഗ നിർദേശമാണ്. സൂര്യനെല്ലി കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നിട്ട് കൂടി സിബി മാത്യൂസ് ഇരയാക്കപ്പെട്ട പെൺകുട്ടിയുടെ പേര് പരാമർശിച്ചതിന്റെ പേരിൽ നിയമനടപടികൾ നേരിട്ടു കൊണ്ടിരിക്കുന്നുവെന്ന് കൂടി ഓർക്കുക. പുതിയ നിയമപ്രകാരം ഒരു കുറ്റക്യത്യം നടന്നാൽ സംഭവം നടന്ന സ്ഥലമേതെന്ന് കണക്കാക്കാതെ, ഏത് പൊലീസ് സ്റ്റേഷനിലും സീറോ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ അധികാരമുള്ള രാജ്യമാണ് ഇന്ത്യ. അതുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ ഇത്തരത്തില്‍ വിമര്‍ശിക്കപ്പെടുന്നത്.