ഡിസ്‌നിയും പിക്സാർ ആനിമേഷൻസും ചേർന്നൊരുക്കിയ ചിത്രത്തിന് ലഭിക്കുന്നത് വമ്പൻ പ്രേക്ഷക സ്വീകാര്യത
റെക്കോർഡ് കളക്ഷൻ നേടി ബോക്സിൽ ഓഫീസിൽ തരംഗം സൃഷ്ടിച്ച് ആനിമേഷൻ ചിത്രമായ ഇൻസൈഡ് ഔട്ട് 2. ഡിസ്‌നിയും പിക്സാർ ആനിമേഷൻസും ചേർന്നൊരുക്കിയ ചിത്രം 250 മില്ല്യൺ ഡോളറാണ്(ഏകദേശം രണ്ടായിരം കോടി രൂപ) ഇതിനോടകം നേടിയത് . ജൂൺ 14ന് ലോകമെമ്പാടും റിലീസിനെത്തിയ സിനിമ ഇൻറ്ർനാഷണൽ ബോക്സ് ഓഫീസിൽ 110 മില്ല്യൺ ഡോളർ നേടി. വികാരങ്ങൾക്ക് ജീവൻ നൽകി കഥ പറഞ്ഞ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത് വമ്പൻ പ്രേക്ഷക സ്വീകാര്യതയാണ്.
ഫ്രാൻസ്, ഇറ്റലി, ചൈന, ബ്രസീൽ,സ്പെയിൻ എന്നിവിടങ്ങളിൽ അടുത്തയാഴ്ച റിലീസ് ചെയ്യുന്നതോടെ ഡിസ്‌നി പ്രൊഡക്ഷൻസിൻ്റെ ഏറ്റവുമധികം കളക്ഷൻ നേടിയ ചിത്രമായി ഇൻസൈഡ് ഔട്ട് 2 മാറാനുള്ള സാധ്യതയുണ്ട്. 2015ൽ പുറത്തിറങ്ങിയ ചിത്രത്തിൻ്റെ ഒന്നാം ഭാഗത്തേക്കാൾ 209% അധികം കളക്ഷനാണ് ഇൻസൈഡ് ഔട്ട് 2 നേടിയിരിക്കുന്നത്. ഡിസ്‌നിയുടെ പ്രമുഖ ആനിമേഷൻ സിനിമകളായ ടോയ് സ്റ്റോറി, കുങ്ഫു പാണ്ട 4,ഇൻക്രെഡിബിൾസ് 2, മിനിയൺസ്:ദി റൈസ് ഓഫ് ഗ്രു, ഫ്രോസൺ 2 എന്നിവയേക്കാളെല്ലാം ബഹുദൂരം മുന്നിലാണ് ഇൻസൈഡ് ഔട്ട് 2 നേടിയ ബോക്സ്ഓഫീസ് കളക്ഷൻ.
ചിത്രത്തിന് റിലീസ് ദിവസം ഏറ്റവുമധികം കളക്ഷൻ നേടികൊടുത്തത് ബ്രിട്ടനാണ് . 3.3 മില്ല്യൺ ഡോളറാണ് ആദ്യദിനത്തിൽ യുകെയിൽ നിന്നും മാത്രം ചിത്രത്തിന് ലഭിച്ചത്. പിക്‌സാറിൻ്റെ റിലീസ് ഡേ കളക്ഷനിൽ അഞ്ചാമതായാണ് ഇൻസൈഡ് ഔട്ടിൻ്റെ സ്ഥാനം. മെക്സികോ. കൊറിയ, ഫിലിപ്പീൻസ്, യുകെ, ജർമനി എന്നിവിടങ്ങളാണ് നിന്നാണ് ചിത്രത്തിന് ഏറ്റവുമധികം കളക്ഷൻ നേടികൊടുത്തത്.
റൈലി എന്ന ടീനേജ് പെൺകുട്ടിയുടെ വികാരങ്ങളുടെ കഥ പറയുന്ന ചിത്രമാണ് ഇൻസൈഡ് ഔട്ട് 2. സന്തോഷം, ദേഷ്യം, ഭയം, സങ്കടം എന്നിങ്ങനെ വികാരങ്ങൾ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രത്തിൻ്റെ ഒന്നാംഭാഗത്തിന് ആരാധകരേറൊണ്. 2D യിലും 3D യിലും ചിത്രം തിയേറ്ററുകളിൽ ലഭ്യമാണ് .റിലീസ് കഴിഞ്ഞ് രണ്ട് ദിവസത്തിനുള്ളിൽ തന്നെ ബോക്സ് ഓഫീസ് ഇളക്കി മറിച്ച ചിത്രം ഇനിയും റെക്കോർഡുകൾ ബേധിക്കുമെന്നതിൽ സംശയമില്ല.