അടുത്തതായി ലക്ഷ്യ ചെയ്യാൻ പോകുന്നത് ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ സംവിധാനം ചെയ്യുന്ന വവെബ് സീരീസാണ്
കിൽ എന്ന ചിത്രത്തിലൂടെ സിനിമ മേഖലയിലേക്ക് അരങ്ങേറ്റം കുറിച്ച നടൻ ലക്ഷ്യ സംവിധായകൻ ഹൻസൽ മേഹ്തയ്‌ക്കൊപ്പം സിനിമ ചെയ്യാൻ ഒരുങ്ങുന്നു. ഹൻസൽ മേഹ്തയ്‌ക്കൊപ്പം ഒരുങ്ങുന്നതും ആക്ഷൻ സിനിമയാണ്. സാമൂഹ്യ പ്രാധാനമുള്ള സിനിമകളും ബയോപിക്കുകളുമാണ് ഹൻസൽ മേഹ്ത സാധാരണ ചെയ്യാറ്. അതിൽ നിന്ന് വ്യത്യസ്തമായി ഒരു ആക്ഷൻ സിനിമ ചെയ്യാൻ ഒരുങ്ങുകയാണ് ഹൻസൽ മേഹ്ത.
'ഒരു സംവിധായകൻ എന്ന നിലയിൽ ഹൻസൽ മേഹ്ത എപ്പോഴും വ്യത്യസ്തമായ തലങ്ങൾ തേടി പോകും. അടുത്തതായി ഒരു ആക്ഷൻ സിനിമ ചെയ്യുന്നതിൽ അദ്ദേഹം സന്തോഷത്തിലാണ്. ചിത്രം തിയേറ്ററിലാണ് റിലീസ് ചെയ്യുന്നത്', എന്നാണ് മിഡ് ഡേ റിപ്പോർട്ട് ചെയ്യുന്നത്.
സിനിമയുടെ കാസ്റ്റിംഗ് നടന്നുകൊണ്ടിരിക്കുകയാണ്. നായകനായി ലക്ഷ്യ വരണമെന്നാണ് അണിയറ പ്രവർത്തകരുടെ ആവശ്യം. ആദ്യ സിനിമയായ കില്ലിൽ മികച്ച ആക്ഷൻ രംഗങ്ങൾ കാഴ്ച്ച വെച്ചതിനെ തുടർന്നാണ് അണിയറ പ്രവർത്തകർ ലക്ഷ്യയെ തിരഞ്ഞെടുത്തതെന്നും മിഡ് ഡേ റിപ്പോർട്ട് ചെയ്യുന്നു.
'പുതിയ താരങ്ങളിൽ വിശ്വാസം അർപ്പിക്കുക എന്നത് ഹൻസൽ എപ്പോഴും ചെയ്യാറുള്ള കാര്യമാണ്. അദ്ദേഹം നിലവിൽ ലക്ഷ്യയുമായി ചർച്ചയിലാണ്. എന്നാൽ ഒന്നും തന്നെ ഉറപ്പിച്ചിട്ടില്ല', എന്നും റിപ്പോർട്ടിൽ പറയുന്നു.
സിനിമയിലേക്ക് എത്തുന്നതിന് മുൻപ് ലക്ഷ്യ ടിവി ഷോകളിലാണ് അഭിനയിച്ചിരുന്നത്. വാരിയർ ഹൈ എന്ന സീരീസിലൂടെയാണ് ലക്ഷ്യ തന്റെ അഭിനയം ആരംഭിക്കുന്നത്. അതിൽ പാർഥ് എന്ന കഥാപാത്രത്തെയാണ് ലക്ഷ്യ അവതരിപ്പിച്ചത്. അതിന് ശേഷം അധൂരി കഹാനി ഹമാരി, പ്യാർ തൂനെ ക്യാ കിയാ, പരദേസ് മേം ഹെ മേര ദിൽ, പോറസ് എന്നീ സീരീസുകളിൽ അഭിനയിച്ചു.
അടുത്തതായി ലക്ഷ്യ ചെയ്യാൻ പോകുന്നത് ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ സംവിധാനം ചെയ്യുന്ന വവെബ് സീരീസാണ്. സ്റ്റാർഡം എന്നാണ് വെബ് സീരീസിന്റെ പേര്. ആര്യൻ ഖാൻ ആദ്യമായി സംവിധാനം ചെയ്യുന്ന സീരീസാണിത്. നെറ്റ്ഫ്‌ലിക്‌സിലാണ് സീരീസ് റിലീസ് ചെയ്യുക.