എഴുതുന്നവർക്ക് വായനയിൽ പ്രിയം എംടിയോട് തന്നെയാണ്. സുഭാഷ് ചന്ദ്രനും കെ.ആർ. മീരയും അവരുടെ എഴുത്തിനെ പ്രചോദിപ്പിക്കാറുണ്ടെന്ന് കുട്ടികൾ പറയുന്നു.
'വേഗത്തില്‍ നീങ്ങുന്ന ഘടികാര സൂചി...' സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം കഥാരചനാ മത്സരത്തിന്റെ വിഷയമാണിത്. എഴുതാനുള്ള വിഷയം കിട്ടിക്കഴിഞ്ഞതും കുട്ടിക്കഥയെഴുത്തുകാർ അവരുടെ ചിന്തകളുടെ ലോകത്തേക്ക് പ്രവേശിച്ചു. 14 ജില്ലകളില്‍ നിന്നുള്ള 14 എഴുത്തുകാർ മലയാള സാഹിത്യ ലോകത്തിലേക്ക് തങ്ങളുടെ അടയാളങ്ങൾ കോറിയിടാൻ പ്രതീക്ഷയോടെ പേന ചലിപ്പിച്ചു. അവരുടെ എഴുത്തിലെ ആത്മാർഥത ഫലത്തിലും പ്രതിഫലിപ്പിച്ചു. പങ്കെടുത്ത മുഴുവന്‍ പേർക്കും എ ഗ്രേഡ്.
മത്സരം കഴിഞ്ഞ് പുറത്തിറങ്ങിയിട്ടും പലരുടെയും മനസിലെ കഥയൊഴിഞ്ഞിട്ടുണ്ടായിരുന്നില്ല. അവരുടെ സംസാരങ്ങളിലും അത് നിഴലിച്ചു. എത്ര ഗൗരവത്തോടെയാണ് കഥ എഴുതാന്‍ ലഭിച്ച വിഷയത്തെ അവർ സമീപിച്ചതെന്ന് ആ വാക്കുകളില്‍ നിന്ന് തന്നെ വ്യക്തമാണ്.
"കാലത്തിനെല്ലാം ഉണക്കാൻ പറ്റും. നീങ്ങുന്ന സമയത്തിനൊപ്പം ഓടിയെത്താൻ പണിപ്പെടുന്ന മനുഷ്യരുണ്ട്. സമയം ആരെയും കാത്ത് നിൽക്കില്ല എന്ന് പറയാറില്ലേ? മുറിവേറ്റവരുടെ ഹൃദയമിടിപ്പിന് സമയസൂചിയേക്കാൾ ശബ്ദമുണ്ടാകും", സേക്രട്ട് ഹാര്‍ട്ട് എച്ച്എച്ച്എസിലെ ആദിത്യ കല്യാണ്‍ പറഞ്ഞു.
എഴുത്ത് ഇവർക്ക് കേവലം മത്സരയിനം മാത്രമല്ല. അപരനെ തിരിച്ചറിയുന്നതിനുള്ള ആദ്യ ചുവട് കൂടിയാണ്. ഇവർ എഴുതുമ്പോൾ ഘടികാരങ്ങൾ നിലയ്ക്കുന്ന കാലം വരും എന്നും മനസിലാക്കാൻ എഴുത്തിനോടും വായനയോടുമുള്ള ഇവരുടെ ഈ കാഴ്ചപ്പാട് തന്നെ ധാരാളം.
എഴുതുന്നവർക്ക് വായനയിൽ പ്രിയം എംടിയോട് തന്നെയാണ്. സുഭാഷ് ചന്ദ്രനും കെ.ആർ. മീരയും അവരുടെ എഴുത്തിനെ പ്രചോദിപ്പിക്കാറുണ്ടെന്ന് കുട്ടികൾ പറയുന്നു. വായനക്കാരനെ വെല്ലുവിളിക്കുന്ന പുതു എഴുത്തിന്റെ വഴികൾ തുറക്കാനുള്ള സാധ്യതകൾ കൂടിയാണ് ഈ കുട്ടിക്കൂട്ടത്തിന്റെ എഴുത്തും പറച്ചിലും വായനയും തുറക്കുന്നത്.