ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നത് 2024 ഓഗസ്റ്റിലാണ്
മലയാള സിനിമ മേഖലയെ ഞെട്ടിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നത് 2024 ഓഗസ്റ്റിലാണ്. മലയാളം സിനിമ മേഖലയിലെ സ്ത്രീകള്‍ അനുഭവിക്കുന്ന ചൂഷണങ്ങളെ കുറിച്ചാണ് റിപ്പോര്‍ട്ട് പറഞ്ഞുവെക്കുന്നത്. ഇപ്പോഴിതാ ബോളിവുഡ് താരം നീന ഗുപ്ത ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ച് തന്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ്. എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. കമ്മിറ്റികള്‍ വന്നിട്ട് കാര്യമില്ല, മറിച്ച് സമൂഹമാണ് മാറേണ്ടത്. അതിന് ഇനിയും 100 വര്‍ഷം എടുക്കുമെന്നാണ് നീന ഗുപ്ത പറഞ്ഞത്.
'എന്നോട് ക്ഷമിക്കണം. ഇതില്‍ എനിക്ക് ഒരു ശുഭാപ്തിവിശ്വാസവും തോന്നുന്നില്ല. നമ്മുടെ രാജ്യത്ത് ഇത് നടക്കുമെന്ന് എനിക്ക് തോന്നുന്നില്ല. നിങ്ങള്‍ കമ്മിറ്റികള്‍ ഉണ്ടാക്കുകയോ എന്ത് വേണമെങ്കിലും ചെയ്‌തോളു. പക്ഷെ കാര്യങ്ങള്‍ വളരെ സങ്കടകരമാണ്. സ്ത്രീ സുരക്ഷ എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. കമ്മിറ്റി ഉണ്ടാക്കിക്കോളു, പക്ഷെ സ്ത്രീകള്‍ക്ക് രാത്രി യാത്ര ചെയ്യണം ബസില്‍ ഒറ്റയ്ക്ക്. നിങ്ങള്‍ എന്ത് ചെയ്യും? നിങ്ങള്‍ എല്ലാ സ്ത്രീകള്‍ക്കും സംരക്ഷണത്തിനായി ആരെയെങ്കിലും കൊടുക്കുമോ?', എന്ന് നീന ഗുപ്ത പറഞ്ഞു
'ഈ രാജ്യത്ത് നിരവധി സ്ത്രീകളുണ്ട്. ഞാന്‍ വൊളണ്ടിയര്‍ ചെയ്യാമെന്ന് കരുതിയിരുന്നു. ഇതിനായി ഇറങ്ങിത്തിരിക്കാമെന്നും. പക്ഷെ ഞാന്‍ പോലും ഇവിടെ സുരക്ഷിതയല്ല. രാജ്യത്ത് സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് ഒന്നും ശരിയായി നടക്കാത്തതില്‍ എനിക്ക് സങ്കടവും വേദനയും ഉണ്ട്. നമ്മുടെ സമൂഹം മാറാതെ ഒന്നും സംഭവിക്കില്ല. ആ മാറ്റം വരാന്‍ ഇനിയും 100 വര്‍ഷം എടുക്കും', നീന ഗുപ്ത കൂട്ടിച്ചേര്‍ത്തു.
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സിനിമ മേഖലയിലെ ഇരുണ്ട വശത്തേക്ക് വെളിച്ചം വീശുകയാണ് ചെയ്തത്. കാസ്റ്റിംഗ് കൗച്ച്, സെറ്റുകളില്‍ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, വേതന വ്യത്യാസങ്ങള്‍ തുങ്ങിയ പ്രശ്‌നങ്ങളാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞുവെക്കുന്നത്.