ആഗസ്റ്റ് 2ന് തിയേറ്ററിലെത്തുന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍, വിശാഖ് നായര്‍, ഗായത്രി അശോക് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങള്‍
എഡിറ്റര്‍ സൈജു ശ്രീധരന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫൂട്ടേജ്. ആഗസ്റ്റ് 2ന് തിയേറ്ററിലെത്തുന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍, വിശാഖ് നായര്‍, ഗായത്രി അശോക് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങള്‍. പണ്ട് ടിവിയില്‍ സിനിമ കണ്ടിട്ട് തോന്നിയ കൊതിയില്‍ നിന്നാണ് ഫൂട്ടേജ് എന്ന സിനിമയുണ്ടാകുന്നതെന്നാണ് സൈജു ശ്രീധര്‍ പറഞ്ഞത്. സിനിമയുടെ വിശേഷങ്ങള്‍ സൈജു ന്യൂസ് മലയാളവുമായി പങ്കുവെച്ചു.
സംവിധാനം ചെയ്യണമെന്ന കൊതി മാത്രമെ ഉണ്ടായിരുന്നുള്ളൂ
സിനിമകള്‍ പണ്ട് ടിവിയില്‍ കണ്ട് അതുപോലെ ചെയ്യണം എന്നെങ്കിലും എന്നൊരു കൊതിയില്‍ നിന്നുണ്ടായതാണ് ഫൂട്ടേജ്. ഞങ്ങളുടെ കൂട്ടുകാരൊക്കെയുള്ള ഒരു ചെറിയ കൂട്ടായ്മയുണ്ടായിരുന്നു. അതില്‍ നിന്നാണ് തുടക്കമെല്ലാം. അങ്ങനെ ഈ വഴിക്ക് എത്തിയതാണ്. സിനിമ സംവിധാനം ചെയ്യണമെന്ന കൊതി മാത്രമെ ഉണ്ടായിരുന്നുള്ളു. പക്ഷെ അത് ചെയ്യണമെന്ന ആഗ്രഹമൊന്നും ഇല്ലായിരുന്നു. പിന്നെ ആ കൊതിയില്‍ തന്നെ ഇങ്ങനെ നില്‍ക്കുകയായിരുന്നു. അതിന് ശേഷം എഡിറ്റിംഗായിരുന്നു കരിയറായി എനിക്ക് തിരഞ്ഞെടുക്കേണ്ടി വന്നത്. ഞാന്‍ അതിന് മുന്‍പ് ഡിസൈനര്‍ ആയിരുന്നു. പല വഴിക്ക് പോയിട്ട് അവസാനം എഡിറ്റിംഗിലേക്ക് എത്തി. അങ്ങനെ നല്ല സിനിമകള്‍ എനിക്ക് ചെയ്യാന്‍ സാധിച്ചു. അപ്പോള്‍ സംവിധാനത്തിന് ഒരു വാതില്‍ തുറന്നുവന്നു. എഡിറ്റര്‍ എന്ന നിലയില്‍ ചെയ്ത സിനിമകളിൽ ചലതൊക്കെ വിജയമായിരുന്നു. അപ്പോള്‍ അതില്‍ നിന്നൊരു ഇടവേളയെടുത്ത് സംവിധാനത്തിലേക്ക് കിടക്കാമെന്ന് വിചാരിക്കുകയായിരുന്നു. അങ്ങനെയാണ് ഫൂട്ടേജിലേക്ക് എത്തുന്നത്.
പത്ത് വര്‍ഷം മുന്‍പ് ആലോചിച്ച സിനിമ
ഫൂട്ടേജിന്‍റെ കഥ കുറേ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മൊബൈല്‍ ഫോണില്‍ ഷൂട്ട് ചെയ്യാന്‍ പറ്റുന്ന തരത്തില്‍ മനസില്‍ ഉണ്ടായിരുന്നതാണ്. ഏകദേശം 10 വര്‍ഷം മുന്‍പ് ഈ സിനിമയുടെ ആലോചനകളും കഥയുമെല്ലാം മനസിലുണ്ടായിരുന്നു. പിന്നെ ഫൗണ്ട് ഫൂട്ടേജ് ജോണറില്‍ ആയിരിക്കണം സിനിമ എന്നും ആലോചനയുണ്ടായിരുന്നു. ആ സമയത്ത് മലയാളത്തില്‍ ഈ ജോനറില്‍ ഒരു സിനിമ വന്നിട്ടില്ലായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്. ആദ്യത്തെ സിനിമ എല്ലാ സിനിമയില്‍ നിന്നും വ്യത്യസ്തമായിരിക്കണമെന്ന് അന്ന് മുതലെ ഇങ്ങനെ ആലോചിക്കുന്നുണ്ടായിരുന്നു. ഒരിക്കലും അത് സീരിയസായി ഒരു പ്രൊഡക്ഷന്‍ ഹൗസില്‍ പിച്ച് ചെയ്ത് സിനിമയാക്കണമെന്നൊന്നും ചിന്തിച്ചിട്ടില്ല. പക്ഷെ നമ്മള്‍ വെറുതെ ഇങ്ങനെ ആലോചിക്കില്ലേ, അത് ചെയ്യണം ഇത് ചെയ്യണം എന്നൊക്കെ. അങ്ങനെയൊരു ടുഡു ലിസ്റ്റില്‍ കിടന്നിരുന്ന ഒരു കാര്യമായിരുന്നു ഇത്.
അനുരാഗ് കശ്യപിനെ പോലെ സിനിമ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു
അനുരാഗ് കശ്യപിന് മഞ്ജു വാര്യര്‍ സിനിമ കാണിച്ചുകൊടുക്കുകയായിരുന്നു. സിനിമ കണ്ട് ഇഷ്ടപ്പെട്ട് ഈ പ്രൊജക്ടിന്‍റെ ഭാഗമായതാണ്. പിന്നെ അദ്ദേഹവും ഭയങ്കര എക്‌സ്പിരിമെന്റല്‍ സിനിമകള്‍ ചെയ്തിട്ടുള്ള വ്യക്തിയാണല്ലോ. ദേവ് ഡി എല്ലാം അദ്ദേഹത്തിന്റെ മനസില്‍ നിന്നു വന്നിട്ടുള്ള സിനിമയായതുകൊണ്ട് അദ്ദേഹത്തിന് ഈ സിനിമ കണക്ടാവും. കുറച്ച് വ്യത്യസ്തമായ സിനിമയാണെങ്കിലും അദ്ദേഹത്തിന് അത് മനസിലാകും. ഞാനൊക്കെ അനുരാഗ് കശ്യപിനെ പോലെ എപ്പോഴെങ്കിലും സിനിമ ചെയ്യണമെന്ന് ആഗ്രഹിച്ചിട്ടുള്ള ആളുകളാണ്. അതുകൊണ്ട് തന്നെ ഈ സിനിമ അനുരാഗ് കശ്യപ് പ്രെസന്‍റ് ചെയ്യുന്നു എന്നത് രസകരമായൊരു കാര്യമായി തോന്നി.
മഞ്ജു ചേച്ചിയുടെ കഥാപാത്രം മിസ്റ്റീരിയസ് സ്വഭാവമുള്ള സ്ത്രീ
കാസ്റ്റിംഗ് എല്ലാം തിരക്കഥ എഴുതി പൂര്‍ത്തിയായതിന് ശേഷം നടന്ന കാര്യമാണ്. അപ്പോഴാണ് ഞങ്ങള്‍ക്ക് മഞ്ജു വാര്യര്‍ ആ കഥാപാത്രം ചെയ്താല്‍ നന്നായിരിക്കുമെന്ന് തോന്നിയത്. നേരത്തെയുള്ള പ്ലാന്‍ ആയിരുന്നില്ല അത്. ചെറിയൊരു മിസ്റ്റീരിയസ് സ്വഭാവമുള്ള ഒരു സ്ത്രീയാണ് മഞ്ജു ചേച്ചിയുടെ കഥാപാത്രം. അതുകൊണ്ടാണ് ട്രെയ്‌ലറില്‍ ചേച്ചിയെ കുറച്ചുമാത്രം കാണിച്ചിരിക്കുന്നത്. ആരാണ് അവര്‍ എന്നൊരു ക്യൂരിയോസിറ്റി നിലനിര്‍ത്തുന്നതിനാണ് അങ്ങനെ ചെയ്തത്.
ഈ ജോണറിലുള്ള സിനിമ അധികം മലയാളത്തില്‍ ഉണ്ടായിട്ടില്ല
ട്രെയ്‌ലറില്‍ ഉള്ള പാട്ടുകളെല്ലാം അവര്‍ സിനിമയില്‍ കേള്‍ക്കുന്ന പാട്ടുകളാണ്. ഇത്തരം സിനിമകളില്‍ പശ്ചാത്തല സംഗീതം ഉണ്ടാവാറില്ല. പക്ഷെ ഇവര്‍ കേള്‍ക്കുന്ന പാട്ടുകള്‍ നമുക്ക് ഉപയോഗിക്കാമല്ലോ. ഇതിപ്പോള്‍ ട്രെയ്‌ലര്‍ ആയതുകൊണ്ട് അതിനെ മെയിന്‍ ആക്കി വെച്ച് നല്ല പോലെ പ്രെസന്‍റ് ചെയ്യുകയായിരുന്നു. സിനിമയില്‍ ഒരു പക്ഷെ ഇത്രയും ഭംഗിയോടുകൂടി പാട്ടുകള്‍ ഉണ്ടാകണമെന്നില്ല. ചിലപ്പോള്‍ ഞാന്‍ വേറെ രീതിയിലായിരിക്കും ഇതിനെ ഉപയോഗിച്ചിട്ടുണ്ടാവുക. പിന്നെ ഈ ജോണറിലുള്ള സിനിമ അധികം മലയാളത്തില്‍ ഉണ്ടായിട്ടില്ല. ഇപ്പോള്‍ മിക്കവറും മൊബൈലില്‍ ഷൂട്ട് ചെയ്ത് യൂട്യൂബ് ചാനലില്‍ അപ്പ്‌ലോഡ് ചെയ്യുന്നവരാണല്ലോ. അത്തരത്തിലുള്ള രണ്ട് പേരുടെ കഥയാണിത്. അവര്‍ക്ക് കിട്ടിയിട്ടുള്ള ഫൂട്ടേജാണ് ഈ സിനിമ. അവരെടുക്കുന്ന വീഡിയോകളിലൂടെയാണ് നമ്മള്‍ ഈ സിനിമയുടെ കഥ പറയുന്നത്.