ഏകദേശം രണ്ടാഴ്ചയ്ക്കുള്ളിൽ ഗോൾഡൻ കാർഡ് പദ്ധതി ഔദ്യോഗികമായി പുറത്തിറങ്ങുമെന്ന് യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്‌നിക്ക് വ്യക്തമാക്കി.
അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അവതരിപ്പിച്ച 'ഗോൾഡൻ കാർഡ്' പദ്ധതി വമ്പൻ വിജയമാണെന്ന് യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്‌നിക്ക്. 50 ലക്ഷം യുഎസ് ഡോളർ നൽകി സ്വന്തമാക്കാവുന്ന ഗോൾഡൻ കാർഡ് ഉപയോഗിച്ച് ഗ്രീന്‍ കാർഡിന് സമാനമായ പൗരാവകാശങ്ങൾ ആളുകൾക്ക് സ്വന്തമാക്കാമെന്നായിരുന്നു ട്രംപിൻ്റെ വാഗ്ദാനം. ഗോൾഡൻ കാർഡിനായി ആളുകൾ ക്യൂ നിൽക്കുകയാണെന്നും ഒറ്റ ദിവസം കൊണ്ട് 1,000 കാർഡുകൾ വിറ്റുപോയെന്നുമാണ് യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്‌നിക്കിൻ്റെ അവകാശ വാദം.
ദരിദ്ര കുടിയേറ്റക്കാരെ നാടുകടത്തുന്ന അതേ അമേരിക്കയിലേക്ക് ഗോൾഡൻ കാർഡുകൾ വഴി സമ്പന്ന കുടിയേറ്റക്കാരെ ക്ഷണിക്കുകയാണ് ഡൊണാള്‍ഡ് ട്രംപ്. 10 ലക്ഷത്തിലധികം ഗോൾഡൻ കാർഡുകൾ വിറ്റുപോകുമെന്ന് നേരത്തെ ട്രംപ് പറഞ്ഞിരുന്നു. ഏകദേശം രണ്ടാഴ്ചയ്ക്കുള്ളിൽ ഗോൾഡൻ കാർഡ് പദ്ധതി ഔദ്യോഗികമായി പുറത്തിറങ്ങുമെന്ന് ഹോവാർഡ് ലുട്‌നിക്ക് വ്യക്തമാക്കി. ടെസ്‌ല ഉടമ ഇലോൺ മസ്‌ക് ഇതിനായുള്ള സോഫ്റ്റ്‌വെയർ നിർമിച്ചുകൊണ്ടിരിക്കുകയാണ്. രണ്ടാഴ്ചയ്ക്കുള്ളിൽ സോഫ്റ്റ്‌വെയർ പുറത്തിറങ്ങുമെന്നും ആയിരക്കണക്കിന് കാർഡുകൾ വിറ്റഴിഞ്ഞെന്നും 'ഓൾ-ഇൻ പോഡ്‌കാസ്റ്റിൽ'ഹോവാർഡ് ലുട്‌നിക്ക് പറഞ്ഞു.
ട്രംപ് ഭരണകൂടവുമായി നടത്തിയ ഒരു ഗവേഷണ പ്രകാരം ഗോൾഡൻ കാർഡുകൾ വാങ്ങാൻ കഴിവുള്ള 37 ദശലക്ഷം ആളുകൾ ലോകത്തുണ്ടെന്നാണ് ഹോവാർഡ് ലുട്‌നിക്കിൻ്റെ പക്ഷം. 10 ലക്ഷത്തോളം ഗോൾഡൻ കാർഡുകൾ വിൽക്കാമെന്നാണ് ട്രംപിൻ്റെ വിശ്വാസം. പദ്ധതിയിലൂടെ ലഭിക്കുന്ന ഫണ്ട് ഉപയോഗിച്ച് യുഎസിന്റെ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാമെന്നും ട്രംപ് ഭരണകൂടം പദ്ധതിയിടുന്നുണ്ട്.
50 ലക്ഷം യുഎസ് ഡോളർ യുഎസിനായി നിക്ഷേപിക്കുകയാണെങ്കിൽ, നിലവിലുള്ള ഗ്രീന്‍ കാർഡിന് സമാനമായ പൗരാവകാശങ്ങളാണ് വിദേശികള്‍ക്ക് ട്രംപ് നൽകുക. നിക്ഷേപത്തിനുപകരം പൗരത്വമെന്ന നിലയ്ക്കാണ് ഗോള്‍ഡന്‍ കാർഡുകള്‍ അനുവദിക്കുന്നത്. 43 കോടി ഇന്ത്യന്‍ രൂപയ്ക്ക് തുല്യമാണ് 50 ലക്ഷം യുഎസ് ഡോളർ. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ ദശലക്ഷക്കണക്കിന് ഗോള്‍ഡന്‍ കാർഡുകള്‍ അനുവദിച്ചുതുടങ്ങുമെന്നാണ് ട്രംപ് ചൊവ്വാഴ്ച അറിയിച്ചത്. ഈ ഫീസടച്ചാല്‍ ട്രംപ് പറയുന്നതുപോലെ സമ്പന്നർക്ക് അമേരിക്കന്‍ പൗരത്വത്തിലേക്കുള്ള വഴിതുറന്നുകിട്ടും.
വിദേശ നിക്ഷേപകർക്ക് യുഎസിലേക്ക് കുടിയേറാനും, വിസയ്ക്ക് അപേക്ഷിക്കാനും അനുവദിക്കുന്ന സർക്കാരിന്റെ ഇബി-5 കുടിയേറ്റ നിക്ഷേപക വിസയ്ക്ക് പകരമായാണ് ട്രംപ് ഗോള്‍ഡന്‍ കാർഡ് അവതരിപ്പിക്കുന്നത്. പത്ത് ലക്ഷം ഡോളർ മുതൽ എട്ട് ലക്ഷം വരെ നിക്ഷേപിക്കുന്നവർക്കായിരുന്നു യുഎസ് ഇബി-5 നൽകിയിരുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നമേഖലകളിലേക്ക് നിക്ഷേപമെത്തിച്ചിരുന്ന ഈ പദ്ധതി 1992മുതല്‍ നിലവിലുള്ളതാണ്.
ആദ്യഭരണകാലം മുതല്‍ പദ്ധതിയില്‍ പരിഷ്കരണത്തിന് ട്രംപ് ശ്രമിച്ചിരുന്നു. 2019 ല്‍ പദ്ധതിപ്രകാരമുള്ള കുറഞ്ഞ നിക്ഷേപം 18 ലക്ഷം ഡോളറായും പിന്നോക്കമേഖലകളില്‍ 9 ലക്ഷം ഡോളറായും ട്രംപ് ഭരണകൂടം ഉയർത്തിയെങ്കിലും 2021-ൽ ഒരു ഫെഡറൽ ജഡ്ജ് ഈ മാറ്റം റദ്ദാക്കി. രണ്ടാമത് അധികാരത്തിലേത്തുമ്പോള്‍ പദ്ധതി പൂർണമായി പൊളിച്ചുമാറ്റുകയാണ് ട്രംപ്. ട്രംപിന്‍റെ പുതിയ നീക്കത്തിൽ പൗരത്വ അവകാശങ്ങള്‍ പണത്തിനുവില്‍ക്കുന്നതിലെ ധാർമികത അടക്കമുള്ള വിഷയങ്ങൾ ചർച്ചചെയ്യപ്പെട്ടേക്കും.