പരസ്യ പ്രസ്താവന നടത്തുന്ന നേതാക്കൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഡൽഹിയിൽ നടന്ന നേതൃയോഗം വ്യക്തമാക്കി
കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്ക് കർശന നിർദേശവുമായി ഹൈക്കമാൻഡ്. മാറ്റം ആഗ്രഹിക്കുന്ന ജനങ്ങളെ നിരാശപ്പെടുത്തരുതെന്ന് നേതൃത്വം ആവശ്യപ്പെട്ടു. പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നും എതിർകക്ഷികൾക്ക് ഗുണം നൽകുന്ന തരത്തിൽ പരസ്യ പ്രസ്താവനകള്‍ നടത്തുന്ന നേതാക്കൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഡൽഹിയിൽ നടന്ന നേതൃയോഗം വ്യക്തമാക്കി. കെപിസിസി മുൻ അധ്യക്ഷൻമാർ, കെപിസിസി ഭാരവാഹികൾ, കെപിസിസി പൊളിറ്റിക്കൽ അഫയേഴ്സ് കമ്മിറ്റി അംഗങ്ങൾ, മുതിർന്ന എംപിമാർ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.
കേരളത്തിലെ സംഘടനാ പ്രശ്നങ്ങളും പാർട്ടിയുടെ മുന്നോട്ടുള്ള പോക്കിനെപ്പറ്റിയും യോഗം ചർച്ച ചെയ്തു. എന്നാൽ പാർട്ടി പുനഃസംഘടന യോഗത്തിൽ ചർച്ചയായില്ല. എൽഡിഎഫ് സർക്കാരിനെ സഹായിക്കുന്ന യാതൊരു നടപടിയും പ്രസ്താവനയും കോൺഗ്രസ് നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടാകരുതെന്ന് ഹൈക്കമാൻഡ് നിർദേശം നൽകി. അങ്ങനെയുണ്ടായാൽ കർശന നടപടിയെടുക്കുമെന്നും നേതൃത്വം അറിയിച്ചു. കേരളത്തിൽ ജനങ്ങൾ മാറ്റം ആവശ്യപ്പെടുന്നതായി കേരളത്തിൻ്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി അറിയിച്ചു. ജനങ്ങളുടെ ഈ ആവശ്യത്തിന് എതിരെയുള്ള ഏത് പ്രവർത്തനങ്ങള്‍ക്കെതിരെയും കടുത്ത അച്ചടക്ക നടപടി എടുക്കുമെന്നുമെന്നും ദീപാ ദാസ് മുൻഷി യോഗത്തിൽ പറഞ്ഞു. കേരളത്തിലെ കോൺഗ്രസിനുള്ളിലെ ഐക്യ പ്രകടനമായിരുന്നു ഇന്ന് നടന്ന യോഗം എന്നാണ് ചർച്ചകൾക്ക് ശേഷം മാധ്യമങ്ങളെ കണ്ട എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞത്. കോൺഗ്രസിന് അകത്ത് സമ്പൂർണ ഐക്യമാണുള്ളത്. ജനവിരുദ്ധ സർക്കാരിനെ താഴെ ഇറക്കാൻ കളക്ടീവ് ലീഡർഷിപ്പോട് കൂടി മുന്നോട്ടു പോകുമെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു. റിസൾട്ട് ഓറിയന്‍റഡ് മീറ്റിങ്ങാണ് നടന്നതെന്നാണ് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരൻ അഭിപ്രായപ്പെട്ടത്.
കോൺഗ്രസ് നേതൃയോഗം ജംബോ യോഗമാക്കി മാറ്റിയെന്ന് ആക്ഷേപം ഉയർന്നതിനാൽ കെ. മുരളീധരനും മുല്ലപ്പള്ളി രാമചന്ദ്രനും യോഗത്തിൽ പങ്കെടുത്തിരുന്നില്ല. ഇന്നലെ രാത്രിയോടെ ഡൽഹിയിൽ എത്തിയ രമേശ് ചെന്നിത്തല, എം. എം. ഹസൻ, എം. കെ. രാഘവൻ, ആൻ്റോ ആൻ്റണി, ബെന്നി ബെഹന്നാൻ, എന്നിവർ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് തന്നെ മാറ്റുന്നത് സംബന്ധിച്ച ചർച്ചകൾ യോഗത്തിൽ പരസ്യമായി ചർച്ച ചെയ്യരുതെന്ന് കെ. സുധാകരനും മുന്‍കൂട്ടി ആവശ്യപ്പെട്ടിരുന്നു.