മഴ കാരണം കളി ഉപേക്ഷിച്ചതിനാൽ ഇരു ടീമുകൾക്കും ഓരോ പോയിന്റുകൾ വീതം ലഭിക്കും
ചാംപ്യൻസ് ട്രോഫിയിലെ അഫ്ഗാനിസ്ഥാൻ-ഓസ്ട്രേലിയ മത്സരം മഴമൂലം ഉപേക്ഷിച്ചു. മറുപടി ബാറ്റിങ്ങിനായി ഓസീസ് ഇറങ്ങിയപ്പോഴാണ് മഴ വില്ലനായി എത്തിയത്. മഴ കാരണം കളി ഉപേക്ഷിച്ചതിനാൽ ഇരു ടീമുകൾക്കും ഓരോ പോയിന്റുകൾ വീതം ലഭിക്കും. ഇതോടെ ഗ്രൂപ് ബിയിൽ നിന്നും നാല് പോയിന്റുകളോടെ ഓസ്ട്രേലിയ സെമി ഫൈനലിലേക്ക് കടന്നു.
പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള അഫ്ഗാനിസ്ഥാന് ഇനി സെമി ബെർത്ത് ഉറപ്പിക്കണമെങ്കിൽ നാളത്തെ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ വൻ മാർജിനിൽ ഇംഗ്ലണ്ട് വിജയിക്കണം. നിലവിൽ പോയിന്റ് പട്ടികയിൽ ദക്ഷിണാഫ്രിക്കയ്ക്കും അഫ്ഗാനിസ്ഥാനും മൂന്ന് പോയിന്റുകളാണുള്ളത്. എന്നാൽ നെറ്റ് റൺ റേറ്റിൽ ദക്ഷിണാഫ്രിക്കയാണ് മുൻപിൽ. +2.140 ആണ് ദക്ഷിണാഫ്രിക്കയുടെ നെറ്റ് റൺ റേറ്റ്. അഫ്‌ഗാന് -0.990യും.
Also Read: മൂന്നാം ദിനം തുലച്ചു; കേരളം 342 റണ്‍സിന് പുറത്ത്; 37 റണ്‍സ് ലീഡുമായി കിരീടത്തോടടുത്ത് വിദര്‍ഭ
നിർണായക ഗ്രൂപ് മത്സരത്തിൽ ടോസ് നേടിയ അഫ്ഗാൻ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഓവറിൽ തന്നെ ഓപ്പണർ റഹ്‌മാനുള്ള ഗുർബാസിനെ സ്പെൻസർ ജോൺസൺ മടക്കി. പിന്നാലെ വന്ന ഇബ്രാഹിം സദ്രാനും സെദിഖുള്ള അതാലും ചേർന്ന് സ്കോർ 70 വരെ എത്തിച്ചു. കഴിഞ്ഞ മത്സരത്തിലേതു പോലെ സദ്രാന്‍ ടീമിന്റെ രക്ഷകനാകുമെന്ന് വിചാരിച്ചെങ്കിലും സാംപ ആ പ്രതീക്ഷകൾ തച്ചുടച്ചു. 28 പന്തിൽ 22 റൺസ് നേടിയായിരുന്നു സദ്രാന്റെ മടക്കം. പിന്നീട് വന്നവരിൽ അസ്മത്തുള്ള ഒമർസായിക്ക് മാത്രമാണ് കാര്യമായി സ്കോർ ചെയ്യാന്‍ കഴിഞ്ഞത്. 63 പന്തിൽ 67 റൺസാണ് ഒമർസായി നേടിയത്. 95 പന്തിൽ 85 റൺസെടുത്ത അതാലാണ് അഫ്‌ഗാന് നിരയിലെ ഉയർന്ന റൺ സ്കോറർ. 274 റൺസിന്റെ വിജയലക്ഷ്യമാണ് അഫ്ഗാനിസ്ഥാൻ ഉയർത്തിയത്.
Also Read: ഇന്ത്യ-പാക് ക്രിക്കറ്റ്: വെറുമൊരു കായിക പോരാട്ടത്തിനപ്പുറം
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് ടീം ടോട്ടൽ 44ൽ എത്തി നിൽക്കുമ്പോൾ ഓപ്പണർ മാത്യൂ ഷോർട്ടിനെ നഷ്ടമായി. അസ്മത്തുള്ള ഒമർസായിയുടെ പന്തിൽ ഗുൽബാദിൻ നായിബ് ഷോർട്ടിന്റെ ക്യാച്ചെടുക്കുകയായിരുന്നു. 40 പന്തിൽ 59 റൺസെടുത്ത് ട്രാവിസ് ഹെഡും 19 റൺസുമായി സ്റ്റീവൻ സ്മിത്തും കളിച്ചുകൊണ്ടിരിക്കെയാണ് മഴ മൂലം കളി നിർത്തിയത്. മഴ ശക്തമായതോടെ കളി ഉപേക്ഷിക്കുമ്പോൾ 12.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 109 റൺസായിരുന്നു ഓസീസ് സ്കോർ.