'സമീപകാലത്തായി ചുറ്റും നടക്കുന്ന സംഭവങ്ങള്‍ ഞെട്ടലുണ്ടാക്കുകയാണ്. അതിക്രൂര രംഗങ്ങള്‍ക്ക് എങ്ങനെ പ്രദർശനാനുമതി നല്‍കുന്നുവെന്ന് മനസിലാകുന്നില്ല'
സിനിമകളില്‍ വയലന്‍സ് രംഗങ്ങള്‍ വര്‍ധിക്കുന്നതിനെതിരെ സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍. പുതിയ ചില സിനിമകള്‍ ഹിംസയുടെ ആവിഷ്‌കാര രീതികള്‍ തേടുകയാണ്. എന്നാല്‍ ഇത്തരം സിനിമകള്‍ മനുഷ്യനിലെ ഹിംസാത്മകതയെ ഉണര്‍ത്തുന്നതാണ്. ചലച്ചിത്ര അവാര്‍ഡ് വിതരണ വേദിയിലായിരുന്നു പ്രേംകുമാറിന്റെ വിമര്‍ശനം.
സമീപകാലത്തായി ചുറ്റും നടക്കുന്ന സംഭവങ്ങള്‍ ഞെട്ടലുണ്ടാക്കുകയാണ്. അതിക്രൂര രംഗങ്ങള്‍ക്ക് എങ്ങനെ പ്രദർശനാനുമതി നല്‍കുന്നുവെന്നാണ് മനസിലാകാത്തതെന്നും പ്രേം കുമാര്‍ പറഞ്ഞു.
'പല സിനിമകളും മനുഷ്യരിലെ ഹിംസാത്മകതയെ മുഴുവന്‍ ഉണര്‍ത്തുന്നതാണ്. മനുഷ്യര്‍ക്കുള്ളില്‍ ഉറങ്ങിക്കിടക്കുന്ന വന്യതയെയും മൃഗീയ വാസനകളെയും ഉണര്‍ത്തുന്നതാണ്. കൊലപാതകങ്ങള്‍ ഒക്കെ ക്രൂരവിനോദങ്ങളായി ആഘോഷിക്കപ്പെടുന്നു. ചില സിനിമകളെക്കുറിച്ചാണ് ഞാന്‍ പറയുന്നത്. അതൊക്കെ ഒരു അപകടകരമായ രീതിയില്‍ പോവുകയാണ്,' പ്രേം കുമാര്‍ പറഞ്ഞു.
ALSO READ: 'എന്റെ അച്ഛനും ഒരിക്കല്‍ ശിവനായി വേഷമിട്ടിരുന്നു', കണ്ണപ്പ ടീസര്‍ ലോഞ്ചില്‍ അക്ഷയ് കുമാര്‍
ഇവിടെ നമുക്ക് ഒരു സെന്‍സറിങ് സംവിധാനം ഉണ്ട് എന്നുള്ളതാണ് ആശ്വാസമെന്നും പ്രേം കുമാര്‍ പറഞ്ഞു. എന്നാല്‍ ചില സിനിമകള്‍ക്ക് ഇതിനെയും മറികടന്ന് എങ്ങനെയാണ് പ്രദര്‍ശനാനുമതി ലഭിക്കുന്നതെന്നും പ്രേംകുമാര്‍ ചോദിച്ചു.
'ഇതിനെ ഒക്കെ നിരീക്ഷിക്കാന്‍ കൃത്യമായി വിലയിരുത്തലുകള്‍ നടത്താന്‍, ചില നിയന്ത്രണങ്ങള്‍ വരുത്താന്‍ ചില തിരുത്തലുകള്‍ നിര്‍ദേശിക്കാന്‍ ഒക്കെയുള്ള സംവിധാനങ്ങള്‍ ഉള്ളപ്പോള്‍ തന്നെ അതിനെയൊക്കെ മറികടന്നുകൊണ്ട് ക്രൂരതയുടെയും പൈശാചികതയുടെയും ഭീഭത്സമായ ദൃശ്യങ്ങളുടെ പുതിയ ആവിഷ്‌കരണ രീതിയില്‍ കൗതുകം കണ്ടെത്തുന്ന ചില പുതിയ ചലച്ചിത്ര പ്രവര്‍ത്തകരെയും കൂടിയാണ് ഞാന്‍ പറയുന്നത്. എങ്ങനെയാണ് ഈ സെന്‍സറിംഗ് സംവിധാനങ്ങളെ ഒക്കെ അതിജീവിച്ചുകൊണ്ട് മറികടന്നുകൊണ്ട് വരുന്ന ഇത്തരം ചലച്ചിത്രാവിഷ്‌കാരങ്ങള്‍ക്ക് പ്രദര്‍ശനാനുമതി ലഭിക്കുന്നത് എങ്ങനെയാണ് എന്നത് തന്നെ നമ്മളെ ഒക്കെ അത്ഭുതുപ്പെടുത്തുന്നതാണ്,' പ്രേംകുമാര്‍ പറഞ്ഞു.
ടെലിവിഷനില്‍ സംപ്രേഷണം ചെയ്യുന്ന പരിപാടികളില്‍ അതൃപ്തിയുണ്ടെന്നും പ്രേംകുമാര്‍ പറഞ്ഞു. പ്രമേയത്തിലാണ് അതൃപ്തിയുള്ളത്. പ്രമേയത്തില്‍ നവീകരണം ആവശ്യമാണെന്നും പ്രേം കുമാര്‍ പറഞ്ഞു.
മന്ത്രി സജി ചെറിയാനും സമാനമായ പ്രതികരണമാണ് നടത്തിയത്. സിനിമ, സീരിയല്‍ മേഖലയില്‍ പ്രശ്‌നങ്ങള്‍ ഉണ്ട്. എല്ലാം പരിഷ്‌കരിക്കണം. അതിനായി സിനിമാ നയം കൊണ്ടു വരുമെന്നുമാണ് സജി ചെറിയാന്‍ പറഞ്ഞത്. അടുത്ത വര്‍ഷത്തെ അവാര്‍ഡിന്റെ പരിഗണനയില്‍ നവ മാധ്യമങ്ങളെയും ഉള്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.