ജമ്മു കശ്മീർ അതിർത്തിയിലെ എൽഒസിയിൽ പട്രോളിങ് നടത്തുകയായിരുന്ന സൈനികർക്കാണ് അപകടം സംഭവിച്ചത്. ഇന്ത്യൻ സേന പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. മേഖലയിൽ ഭീകരർക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്
ജമ്മു കശ്മീരിലെ അഖ്‌നൂർ സെക്ടറിൽ ഇന്ന് ഭീകരർ നടത്തിയ കുഴി ബോംബ് സ്ഫോടനത്തിൽ രണ്ട് സൈനികർക്ക് വീരമൃത്യു. ഐഇഡി സ്‌ഫോടകവസ്തു ഉപയോഗിച്ച് നടത്തിയ സ്ഫോടനത്തിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടതായി ഇന്ത്യൻ സൈന്യം എക്സ് പോസ്റ്റിലൂടെ അറിയിച്ചു.
ജമ്മു കശ്മീർ അതിർത്തിയിലെ എൽഒസിയിൽ പട്രോളിങ് നടത്തുകയായിരുന്ന സൈനികർക്കാണ് അപകടം സംഭവിച്ചത്. ഇന്ത്യൻ സേന പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. മേഖലയിൽ ഭീകരർക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
അതേസമയം, ഇന്നലെ രജൗരി ജില്ലയിൽ അതിർത്തിയിൽ ഉണ്ടായ വെടിവെപ്പിൽ ഒരു സൈനികന് ഗുരുതരമായി പരിക്കേറ്റിരുന്നു. നൗഷേര സെക്ടറിലെ കലാൽ എന്ന പ്രദേശത്ത് വെച്ചാണ് സൈനികന് വെടിയേറ്റത്.
ജമ്മു കശ്മീരിൽ നുഴഞ്ഞുകയറ്റവും ആക്രമണങ്ങളും വർധിക്കുന്നത് തടയുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. അതിർത്തിയിലെ ഇൻ്റലിജൻസ് സംവിധാനത്തിൻ്റെ പ്രവർത്തനങ്ങൾ ആഭ്യന്തര മന്ത്രി അവലോകനം ചെയ്യുകയും നിരീക്ഷണം വർധിപ്പിക്കാൻ നിർദേശം നൽകുകയും ചെയ്തു. ഇൻ്റലിജൻസ് രംഗത്ത് എഐ സാങ്കേതിക വിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്താനും കേന്ദ്രമന്ത്രി നിർദേശിച്ചു. തീവ്രവാദത്തിന് ലഭിക്കുന്ന ഫണ്ട് നിരീക്ഷിക്കൽ, മയക്കു മരുന്ന്-ഭീകര കേസുകളിൽ അന്വേഷണം ഊർജിതമാക്കൽ, രാജ്യത്തെ മുഴുവൻ ഭീകര പ്രവർത്തനങ്ങളും ഇല്ലാതാക്കൽ എന്നിവ മോദി സർക്കാരിന്റെ മുൻഗണനകളാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
ALSO READ: ജമ്മു കശ്മീരിലെ കത്വയിൽ സൈനിക ക്യാംപിന് നേരെ ആക്രമണം; പ്രദേശത്ത് തിരച്ചിൽ ശക്തമാക്കി