ഇതിന് മുന്നോടിയായി കോടനാട്ടെ ആനക്കൊട്ടിലിൻ്റെ അറ്റകുറ്റപ്പണികളും ഉടൻ ആരംഭിക്കും
അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ് പുഴുവരിച്ച നിലയിൽ കണ്ടെത്തിയ കാട്ടാനയുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്. ആനയ്ക്ക് എത്രയും വേഗം വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.
മസ്തകത്തിൽ മുറിവേറ്റ കാട്ടാനയെ മയക്കുവെടി വെച്ച് വീണ്ടും പിടികൂടും. പിന്നീട് ആനക്കൊട്ടിലിലേക്ക് മാറ്റി ചികിത്സ നൽകാനും തീരുമാനമായി. എറണാകുളം കോടനാട് ഉള്ള ആനക്കൊട്ടിലിലേക്കാണ് ഈ ആനയെ എത്തിക്കുക. ഇതിന് മുന്നോടിയായി കോടനാട്ടെ ആനക്കൊട്ടിലിൻ്റെ അറ്റകുറ്റപ്പണികളും ഉടൻ ആരംഭിക്കും.
ആനയെ മയക്കുവെടി വെച്ച് പിടികൂടാൻ ഡോ. അരുൺ സക്കറിയ വീണ്ടും അതിരപ്പിള്ളിയിലേക്ക് പുറപ്പെടും. മസ്തകത്തിൽ മുറിവേറ്റ ആനയ്ക്ക് തുടർചികിത്സ നൽകാനാണ് ദൗത്യസംഘം എത്തുന്നത്. വെള്ളിയാഴ്ച ദൗത്യം ആരംഭിക്കാനാണ് നീക്കം. അരുൺ സക്കറിയ അടുത്ത വെള്ളിയാഴ്ചയോടെ അതിരപ്പിള്ളിയിലെത്തും.