അതേസമയം ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്
കേരളത്തെയാകെ പിടിച്ചുലച്ച മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ഭൂമിയിൽ കാണാതായവരെ മരിച്ചതായി കണക്കാക്കി സബ് കളക്ടർ ഉത്തരവിറക്കി. ദുരന്തഭൂമിയിൽ ഇനി 32പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ഇവരെയാണ് മരിച്ചവരെന്ന് കണക്കാക്കി കളക്ടർ ഉത്തരവിറക്കിയത്. മുണ്ടക്കൈ നിന്നും 13 പേരെയാണ് കാണാതായത്. ചൂരല്‍മലയില്‍ നിന്ന് 14 പേരെയും മേപ്പാടിയില്‍ നിന്ന് രണ്ട് പേരെയുമാണ് കാണാതായത്. ബീഹാര്‍, ഒഡീഷ സ്വദേശികളായി മൂന്ന് പേരും കാണാതായവരില്‍ ഉള്‍പ്പെടുന്നു.
ALSO READ: മകൻ്റെ വിയോഗത്തിന് പിന്നാലെ ലോണടവ് മുടങ്ങി; ജപ്തിഭീഷണിയിൽ ജെൻസൻ്റെ കുടുംബം
അതേസമയം ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. വയനാടിൻ്റെ പുനരധിവാസത്തിനായി 750 കോടിയാണ് കേരള ബജറ്റിൽ നീക്കിവച്ചത്. ദുരന്തത്തിൽ 254 പേർക്ക് ജീവൻ നഷ്ടമായി. 44 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല.207 വീടുകൾ തകരുകയും ആയിരക്കണക്കിനുപേരുടെ ഉപജീവന മാർഗം ഇല്ലാതാവുകയും ചെയ്തു. ദുരന്തം മൂലമുണ്ടായ നഷ്ടം ഏകദേശം 1202 കോടിയാണ്. പുനരധിവാസത്തിനുള്ള ചെലവ് ഏകദേശം 2221 കോടി വേണ്ടിവരുമെന്നാണ് വിദഗ്ധർ അടങ്ങിയ സംഘം വിലയിരുത്തിയിരിക്കുന്നത്. എല്ലാവരുടെയും സഹകരണം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പുനരധിവാസ പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുന്നതെന്നായിരുന്നു ധനമന്ത്രിയുടെ പ്രതികരണം.
വയനാട് ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന കേരളത്തിൻ്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചിരുന്നു. ജുലൈ 30 നായിരുന്നു വയനാട് ജില്ലയിലെ ചൂരൽമല, മുണ്ടക്കൈ മേഖലയിൽ ദുരന്തമുണ്ടായത്. ദുരന്തം നടന്ന് അഞ്ച് മാസത്തിനു ശേഷമാണ് കേന്ദ്രം ഇത്തരത്തിലൊരു പ്രഖ്യാപനം നടത്തിയത്. പുതിയ നടപടിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാരിൻ്റെ പുനരധിവാസ പ്രക്രിയകൾ വേഗത്തിലാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ കേന്ദ്രം വാഗ്ദാനം ചെയ്ത ധനസഹായം ഇതുവരെ നൽകിയിട്ടില്ല.