സമസ്ത സെൻ്റിനറിയുടെ ഭാഗമായി കേരള മുസ്ലിം ജമാഅത്ത് നടപ്പിലാക്കുന്ന പദ്ധതികളുടെ പ്രഖ്യാപനം കോഴിക്കോട് കടപ്പുറത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം
പല ഓഫീസുകളിലും അപേക്ഷ കൊടുത്താൽ മുസ്ലിമാണെങ്കിൽ അത് മാറ്റിവെക്കുന്ന അവസ്ഥയാണെന്നും അങ്ങനെ ഞെരുക്കിയാലൊന്നും സമുദായം ഇസ്‌ലാമിൽ നിന്നും മടങ്ങില്ലെന്നും കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. മുസ്ലിം സമുദായം പിന്തിരിപ്പന്മാർ ആണെന്നും വർഗീയത പ്രചരിപ്പിക്കുന്നവരാണ് എന്നും പറഞ്ഞു നടക്കുന്ന ആളുകളുണ്ട്. ആരൊക്കെ എന്തൊക്കെ പ്രചരിപ്പിച്ചാലും, സമുദായം വിശ്വാസത്തിൽ നിന്നും വ്യതിചലിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സമസ്ത സെൻ്റിനറിയുടെ ഭാഗമായി കേരള മുസ്ലിം ജമാഅത്ത് നടപ്പിലാക്കുന്ന പദ്ധതികളുടെ പ്രഖ്യാപനം കോഴിക്കോട് കടപ്പുറത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"മുസ്‌ലിം സമുദായം ഒരിക്കലും ഭിന്നിപ്പുണ്ടാക്കാൻ ശ്രമിച്ചിട്ടില്ല. പല ഓഫീസുകളിലും അപേക്ഷ കൊണ്ടു കൊടുത്താൽ മുസ്ലിമാണെങ്കിൽ അത് മാറ്റിവെക്കുന്ന അവസ്ഥയുണ്ട്. അങ്ങനെ ഞെരുക്കിയത് കൊണ്ട് സമുദായം ഇസ്‌ലാമിൽ നിന്നും മടങ്ങാൻ പോകുന്നില്ല. ഇസ്‌ലാം സമാധാനത്തിന്റെ മതമാണ്. മുസ്ലിം സമുദായം പിന്തിരിപ്പന്മാർ ആണെന്നും വർഗീയത പ്രചരിപ്പിക്കുന്നവരാണ് എന്നും പറഞ്ഞു പ്രവർത്തിക്കുന്ന ആളുകളുണ്ട്. ആരൊക്കെ എന്തൊക്കെ പ്രചരിപ്പിച്ചാലും സമുദായം വിശ്വാസത്തിൽ നിന്നും വ്യതിചലിക്കില്ല. വിശുദ്ധ ഖുറാനിൽ ഒരു ഭേദഗതിയും വരുത്താനാവില്ല," കാന്തപുരം മുസ്‌ലിയാർ പറഞ്ഞു.
ALSO READ: ബൈത്തു സകാത്ത് പദ്ധതിയിൽ വലിയ അപകടം; ജമാ അത്തെ ഇസ്‌ലാമിക്കെതിരെ കാന്തപുരം
ജെറുസലം ആസ്ഥാനമായി പലസ്തീൻ രാഷ്ട്രം രൂപീകരിക്കാൻ ഇന്ത്യ അടക്കമുള്ള രാഷ്ട്രങ്ങൾ മുന്നിട്ടിറങ്ങണമെന്നും കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ ആവശ്യപ്പെട്ടു. പലസ്തീൻ രാഷ്ട്രം യഥാർഥ്യമാവണമെന്നും വില കൊടുത്ത് വാങ്ങാൻ ഗാസ റിയൽ എസ്റ്റേറ്റ് ഭൂമിയല്ലെന്നും അബൂബക്കർ മുസ്‌ലിയാർ കൂട്ടിച്ചേർത്തു.
"എല്ലാ അന്താരാഷ്ട്ര മര്യാദകളും ലംഘിച്ച് ഒരു ജനതയെ പുറത്താക്കി ആ നാട്ടിലേക്കുള്ള പ്രവേശനം നിഷേധിക്കുമെന്ന് മറ്റൊരു രാജ്യത്തിൻ്റെ ഭരണാധികാരി പറയുമ്പോൾ അതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കേണ്ടത് ആഗോള സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. പലസ്തീന്റെ മണ്ണ് കൈയടക്കി വെച്ചിരിക്കുന്നവർ അത് തിരിച്ചുനൽകി അവരുടെ അവകാശങ്ങൾ വകവെച്ചു കൊടുക്കാൻ ലോകത്ത് സമാധാനമാഗ്രഹിക്കുന്ന മുഴുവൻ രാജ്യങ്ങളും മുന്നോട്ടുവരണം. പാവപ്പെട്ട മനുഷ്യരെ കൊന്നൊടുക്കുന്ന തീവ്ര ചിന്തകൾക്ക് കൂട്ടുനിൽക്കുന്നത് നമ്മുടെ നാഗരികത അകപ്പെട്ട പ്രതിസന്ധിയുടെ സൂചനയാണ്," കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു.