സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം വലിയ കാലം പാര്‍ട്ടിയെ നയിച്ച കോടിയേരി ബാലകൃഷ്ണനും സിപിഐക്ക് കാനം രാജേന്ദ്രനും ഇല്ലാത്ത തെരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇതെങ്കില്‍ യുഡിഎഫിന് അത് ഉമ്മന്‍ചാണ്ടിയില്ലാത്ത തെരഞ്ഞെടുപ്പായിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പുകളോടെ പിറന്ന 2024-ല്‍ കേരള രാഷ്ട്രീയത്തില്‍ സംഭവിച്ചത് അവിശ്വസനീയമാം വിധമുള്ള കാര്യങ്ങളാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കൊണ്ട് നേരത്തെ തന്നെ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കേരള രാഷ്ട്രീയത്തിലെ പ്രമുഖ പാര്‍ട്ടികളായ എല്‍ഡിഎഫും യുഡിഎഫും ശ്രമങ്ങള്‍ ആരംഭിച്ചതാണ്. സംസ്ഥാന സര്‍ക്കാരിനെതിരെ ഉയരുന്ന പ്രധാന ആരോപണങ്ങള്‍ എല്ലാം തന്നെ മുതലെടുക്കാനുള്ള ശ്രമങ്ങള്‍ യുഡിഎഫ് നേരത്തെ തന്നെ നടത്തിയിട്ടുണ്ട്. സര്‍ക്കാരിനെതിരായി ഉയര്‍ന്ന ആരോപണങ്ങള്‍ തന്നെ പ്രചരണായുധമാക്കിയാണ് ബിജെപിയും രംഗത്തെത്തിയത്.
ലൈഫ് മിഷന്‍ കേസ്, കെ-റെയില്‍ വിവാദം, നവകേരള സദസ് ധൂർത്ത് വിവാദം തുടങ്ങി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന നിരവധി പ്രതിസന്ധികള്‍ക്കിടെയാണ് 2024ലെ തെരഞ്ഞെടുപ്പിനെ നേരിടാന്‍ എല്‍ഡിഎഫ് തയ്യാറെടുത്തത്. സര്‍ക്കാരിനോട് കേന്ദ്രം തുടരുന്ന സാമ്പത്തിക അവഗണനയാണ് എല്‍ഡിഎഫ് പ്രധാന തെരഞ്ഞെടുപ്പ് ആയുധമായി ഉയര്‍ത്തിക്കൊണ്ടു വരാന്‍ ശ്രമിച്ചത്. ബിജെപിയും ഇത്തവണ തെരഞ്ഞെടുപ്പില്‍ കാതലായ മാറ്റങ്ങളുണ്ടാക്കാനുള്ള അടിയൊഴുക്കുകള്‍ക്ക് കാരണമായിട്ടുണ്ട് എന്നത് നിരാകരിക്കാവുന്ന ഒന്നല്ല.
സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം വലിയ കാലം പാര്‍ട്ടിയെ നയിച്ച കോടിയേരി ബാലകൃഷ്ണനും സിപിഐക്ക് കാനം രാജേന്ദ്രനും ഇല്ലാത്ത തെരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇതെങ്കില്‍ യുഡിഎഫിന് അത് ഉമ്മന്‍ചാണ്ടിയില്ലാത്ത തെരഞ്ഞെടുപ്പായിരുന്നു. സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം മുഖ്യമന്ത്രി നേരിട്ട് നേതൃത്വം നൽകുന്ന തെരഞ്ഞെടുപ്പെന്ന പ്രത്യേകത കൂടിയുണ്ടായിരുന്നു. കേന്ദ്രം കേരളത്തോട് തുടരുന്ന അവഗണനകള്‍ക്കെതിരെ ജനുവരിയില്‍ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച മനുഷ്യച്ചങ്ങല എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ അനൗദ്യോഗിക തുടക്കമായി കണക്കാക്കാവുന്ന ഒന്നായിരുന്നു. തെരഞ്ഞെടുപ്പ് ഫലം സർക്കാരിന്‍റെ പ്രവർത്തനങ്ങളുടെ വിലയിരുത്തലാകും എന്ന നിരീക്ഷണവും നേരത്തെ തന്നെയുണ്ടായിരുന്നു.
തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥികള്‍
കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങള്‍. ഇത്തവണത്തെ തെരഞ്ഞെടുപ്പ് യുഡിഎഫിനും എല്‍ഡിഎഫിനും ഒരുപോലെ അഭിമാന പോരാട്ടമായിരുന്നു. അതുകൊണ്ടു തന്നെ ഇതുവരെ കേരളം കാണാത്ത തരത്തിലുള്ള വിവാദ പ്രചരങ്ങള്‍ക്കാണ് സംസ്ഥാനം സാക്ഷ്യം വഹിച്ചത്. പത്ത് വര്‍ഷമായി കേന്ദ്രത്തില്‍ ഭരണം തുടര്‍ന്നിട്ടും ബിജെപിക്ക് ഇതുവരെ കേരളത്തില്‍ ഒരു സീറ്റ് എന്ന നേട്ടം ഉണ്ടാക്കാനാകാതിരുന്ന വിഷമം തീര്‍ന്ന വര്‍ഷം കൂടിയായിരുന്നു 2024. തിരുവനന്തപുരത്ത് ശശി തരൂരിനെ കോണ്‍ഗ്രസ് കളത്തിലിറക്കിയപ്പോള്‍ രാജീവ് ചന്ദ്രശേഖരനെ ബിജെപി കളത്തിലിറക്കി. എല്‍ഡിഎഫ് പന്ന്യൻ രവീന്ദ്രനെ കളത്തിലിറക്കിയെങ്കിലും ബിജെപി രണ്ടാം സ്ഥാനത്തേക്ക് എത്തുന്ന കാഴ്ചയാണ് കണ്ടത്.
കൊല്ലത്ത് എന്‍.കെ. പ്രമേചന്ദ്രന് എതിരാളിയായി മുകേഷ് എംഎല്‍എയെ കളത്തിലിറക്കിയെങ്കിലും എൽഡിഎഫിന് നേട്ടമുണ്ടാക്കാനായില്ല. പത്തനംതിട്ടയായിരുന്നു മറ്റൊരു പ്രധാന സ്ഥാനാര്‍ഥിയുണ്ടായിരുന്ന മണ്ഡലം. സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവും മുന്‍ ധനമന്ത്രിയുമായ തോമസ് ഐസക്കിനെ തന്നെ കളത്തിലിറക്കിയെങ്കിലും ആന്റോ ആന്റണി തന്നെയാണ് വിജയിച്ചത്. ബിജെപിയിലേക്ക് കൂറുമാറിയെത്തിയ അനിൽ ആന്‍റണിക്ക് പ്രത്യേകിച്ച് നേട്ടമൊന്നും ഉണ്ടാക്കാൻ സാധിച്ചില്ലെന്നതും ശ്രദ്ധേയം.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ആകെ ലഭിച്ച സീറ്റ് ആലപ്പുഴയായിരുന്നു. വീണ്ടും വിജയിക്കാമെന്ന പ്രതീക്ഷയിൽ തന്നെയാണ് ഇക്കുറിയും ആലപ്പുഴയിൽ എ.എം. ആരിഫിനെ ഇടതുപക്ഷം കളത്തിലിറക്കിയത്. എന്നാൽ കോണ്‍ഗ്രസ് കളത്തിലിറക്കിയത് കെ.സി. വേണുഗോപാലിനെയായിരുന്നു.
ഉമ്മന്‍ ചാണ്ടിയുടെ മരണത്തോടെ എങ്ങുമില്ലാതായ എ ഗ്രൂപ്പ് ഒരുഭാഗത്ത് നില്‍ക്കെ തന്നെയാണ് കെ സി കേരളത്തിലേക്ക് കൂടുമാറുന്നത്. കെ സിയെ സ്ഥാനാര്‍ഥിയാക്കുമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അതിനെതിരായ പ്രതിരോധങ്ങളും പാര്‍ട്ടിക്കകത്ത് നിന്ന് തന്നെ ഉയര്‍ന്നുവന്നിരുന്നു. ഇതിനെയെല്ലാം മറികടന്നുകൊണ്ടായിരുന്നു കെ സിയെ കോണ്‍ഗ്രസ് ആലപ്പുഴയിൽ സ്ഥാനാര്‍ഥിയാകുന്നത്. ആലപ്പുഴയില്‍ ആരിഫിനെ പരാജയപ്പെടുത്തി അട്ടിമറി വിജയം നേടാൻ കെ സി വേണുഗോപാലിന് സാധിച്ചത് കോൺഗ്രസിന് പൊൻതൂവൽ തന്നെയാണ്.
തൃശൂര്‍ എടുത്ത സുരേഷ് ഗോപിയും വിവാദമായ പൂരവും
തൃശൂര്‍ ആയിരുന്നു മറ്റൊരു സുപ്രധാന മണ്ഡലം. തൃശൂര്‍ തരണമെന്ന് വാവിട്ട് കരഞ്ഞ സുരേഷ് ഗോപിക്ക് ഒരു ലോക്‌സഭാ തെരഞ്ഞെടുപ്പിനും നിയമസഭാ തെരഞ്ഞെടുപ്പിനും ശേഷം തൃശൂരിലെ വോട്ടര്‍മാര്‍ മണ്ഡലം കൊടുത്തത് 2024ലാണ്. അതിന് വേണ്ടി മകളുടെ വിവാഹം പോലും തൃശൂര്‍ വെച്ച് നടത്തിയെന്ന ആക്ഷേപവും സുരേഷ് ഗോപിക്കെതിരെയുണ്ട്. വി.എസ്. സുനില്‍ കുമാറിനെ തന്നെ എല്‍ഡിഎഫ് കളത്തിലിറക്കിയെങ്കിലും കാര്യമുണ്ടായില്ല. തൃശൂര്‍ സുരേഷ് ഗോപിയെടുത്തു. എന്നാല്‍ വി.എസ്. സുനില്‍കുമാറിനെ ജയിപ്പിച്ചിരുന്ന ജനത ബിജെപിക്ക് വോട്ടു ചെയ്യാനുണ്ടായ കാരണം എല്‍ഡിഎഫിലും വന്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി.
തൃശൂരില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട വിഷയം തൃശൂര്‍ പൂരമായിരുന്നു. ജനകീയ വിഷയങ്ങള്‍ക്ക് പകരം ഒരു ക്ഷേത്ര ആചാരവുമായി ബന്ധപ്പെട്ട വിഷയത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചയാക്കി നിര്‍ത്തിക്കൊണ്ടായിരുന്നു തൃശൂരില്‍ എല്ലാ പാര്‍ട്ടികളും തെരഞ്ഞെടുപ്പിനെ നേരിട്ടത്. അത് ഏറ്റവും കൂടുതല്‍ ഗുണം ചെയ്തത് ബിജെപിക്കാണ്. സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന സംഭവവും എല്‍ഡിഎഫും യുഡിഎഫും ആ സമയത്ത് തന്നെ സജീവമാക്കി നിര്‍ത്താന്‍ ശ്രമിച്ചിരുന്നു. അച്ഛന്റെ വാത്സല്യത്തോടെയാണ് താന്‍ സ്പര്‍ശിച്ചതെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രസ്താവന. സിനിമാ നടന്‍ കൂടിയായ സുരേഷ് ഗോപിയുടെ വാക്കുകളെയാണ് ജനങ്ങള്‍ ആ സംഭവത്തിന്റെ ഗൗരവത്തേക്കാള്‍ കണക്കിലെടുത്തത് എന്നും പറയാതിരിക്കാനാവില്ല. ഫലത്തിൽ സുരേഷ് ഗോപി ആ "വാത്സല്യ പ്രകടന"വും വോട്ടാക്കിയെന്ന് സാരം.
സിപിഎമ്മിലെ കനല്‍ത്തരിയായി രാധാകൃഷ്ണന്‍
ആലത്തൂര്‍ മണ്ഡലത്തില്‍ കെ. രാധാകൃഷ്ണനെയാണ് രമ്യ ഹരിദാസിന് എതിരാളിയായി സിപിഎം നിര്‍ത്തിയത്. സിറ്റിങ് എംപി കൂടിയായിരുന്ന രമ്യ ഹരിദാസിന്റെ എല്ലാ പ്രതീക്ഷകളെയും തകര്‍ത്ത് മികച്ച ഭൂരിപക്ഷത്തിലാണ് കെ. രാധാകൃഷ്ണന്‍ വിജയിച്ചത്. ദേവസ്വം, പട്ടിക ജാതി പട്ടിക വകുപ്പ് ക്ഷേമമന്ത്രിയായി ചുമതലയിലിരിക്കെയാണ് ആലത്തൂര്‍ മണ്ഡലത്തില്‍ കെ. രാധാകൃഷ്ണനെ സ്ഥാനാര്‍ഥിയാകുന്നത്. സിപിഎമ്മിന് കഴിഞ്ഞ തവണ എ.എം. ആരിഫായിരുന്നു കനല്‍ത്തരിയെങ്കില്‍ ഇത്തവണ അത് കെ. രാധാകൃഷ്ണനാണ്.
കോഴിക്കോട് എളമരം കരീമിനെ രംഗത്തിറക്കിയെങ്കിലും എല്ലാ തവണത്തെയും പോലെ എം.കെ. രാഘവന്‍ തന്നെ വിജയിച്ചു കയറിയ കാഴ്ചയാണ് കണ്ടത്. കണ്ണൂരില്‍ കെ. സുധാകരനെതിരെ ശക്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്തണമെന്ന നിലയില്‍ എം.വി. ജയരാജനെ നിര്‍ത്തിയെങ്കിലും സിപിഎമ്മിന് വലിയ തിരിച്ചടിയാണ് സംഭവിച്ചത്. കാസര്‍ഗോഡും ഉണ്ണിച്ചയെന്ന രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തന്നെ വിജയിച്ചു. എന്നാല്‍ ഏറ്റവും കൂടുതല്‍ ആഘോഷമാക്കിയതും വിവാദങ്ങള്‍ തുടരെത്തുടരെ വന്നതുമായ മണ്ഡലം വടകരയായിരുന്നു. പാലക്കാട് എംഎല്‍എയായ ഷാഫി പറമ്പിലും മട്ടന്നൂര്‍ എംഎല്‍എയും മുന്‍ ആരോഗ്യവകുപ്പ് മന്ത്രിയുമായ കെ.കെ. ശൈലജയും നേര്‍ക്കുനേര്‍ മത്സരിച്ച മണ്ഡലം വിവാദങ്ങളുടെ കളിയരങ്ങായി മാറി.
വടകരയിലെ വാക്‌പോരും ഷാഫിയുടെ വിജയവും
വാക്‌പോരും മോര്‍ഫ് ചെയ്ത വീഡിയോയും കാഫിര്‍ സ്‌ക്രീന്‍ ഷോട്ടും അടക്കം സംഭവ ബഹുലമായിരുന്നു വടകര ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണകാലം. കെ.കെ. ശൈലജയെ വടകരയില്‍ നിര്‍ത്തിയപ്പോള്‍ കഴിഞ്ഞ തവണത്തേതു പോലെ കെ. മുരളീധരനെ തന്നെ യുഡിഎഫ് നിര്‍ത്തുമെന്നായിരുന്നു സൂചന. എന്നാല്‍ അവസാന നിമിഷം എല്ലാ പ്രതീക്ഷകളും തെറ്റിച്ചു കൊണ്ടാണ് യുവ നേതാവായ ഷാഫി പറമ്പില്‍ വടകരയിലെ അങ്കത്തട്ടിലേക്ക് എത്തുന്നത്. വടകരയില്‍ വന്‍ വരവേല്‍പ്പാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായ ഷാഫി പറമ്പിലിന് ലഭിച്ചത്. മന്ത്രിയായിരുന്ന കാലത്തെ നേട്ടങ്ങള്‍ മുന്‍ നിര്‍ത്തി ശൈലജയും, ഇന്ത്യ സഖ്യത്തിന്റെ പ്രധാന്യം ചൂണ്ടിക്കാട്ടി ഷാഫി പറമ്പിലും പ്രചരണം ആരംഭിച്ചെങ്കിലും പെട്ടെന്ന് തന്നെ പ്രചരണത്തിന്റെ സ്വഭാവം മാറി.
കെ. കെ. ശൈലജ ടീച്ചറുടെ മോര്‍ഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചുവെന്ന വാര്‍ത്ത വന്നതോടെ അത് കാട്ടുതീ പോലെ പടര്‍ന്നു. പിന്നാലെ ശൈലജ വാര്‍ത്താ സമ്മേളനം വിളിക്കുകയും ഇതിന് പിന്നില്‍ യുഡിഎഫ് ആണെന്ന് ആരോപിക്കുകയും ചെയ്തു. എന്നാല്‍ ഇതിന് പിന്നാലെ തന്നെ വീഡിയോ അല്ല, ചിത്രങ്ങളാണ് പ്രചരിപ്പിച്ചതെന്ന് ശൈലജ തിരുത്തി. പക്ഷെ രണ്ടും യുഡിഎഫ് കേന്ദ്രങ്ങള്‍ തള്ളി. സംഭവത്തില്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ഷാഫി പറമ്പില്‍ ശൈലജക്കെതിരെ വക്കീല്‍ നോട്ടീസ് അയക്കുക വരെ ചെയ്തു. എന്നാൽ സംഭവത്തിൽ മാപ്പ് പറയാൻ ശൈലജ ടീച്ചർ തയ്യാറായില്ല.
തെരഞ്ഞെടുപ്പിന് ശേഷവും ചര്‍ച്ചയായത് കാഫിര്‍ സ്‌ക്രീന്‍ഷോട്ട് ആയിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ കെ.കെ. ശൈലജയെ കാഫിര്‍ എന്ന് വിളിച്ചുകൊണ്ട് പ്രചരിച്ച ഒരു സ്‌ക്രീന്‍ഷോട്ട് വലിയ ചര്‍ച്ചകള്‍ക്കിടയാക്കി. 'ഷാഫി അഞ്ചു നേരം നിസ്‌കരക്കുന്ന ദീനിയായ ചെറുപ്പക്കാരനാണ്. മറ്റേതോ കാഫിര്‍ ആയ സ്ത്രീ സ്ഥാനാര്‍ഥി. ആര്‍ക്കാണ് വോട്ടു ചെയ്യേണ്ടത്' എന്നായിരുന്നു പ്രചരിച്ച സ്ക്രീൻഷോട്ടിലെ ഉള്ളടക്കം. സ്‌ക്രീന്‍ ഷോട്ട് പുറത്തുവന്നത് അമ്പാടിമുക്ക് സഖാക്കള്‍ സോഷ്യല്‍ മീഡിയ ഹാന്‍ഡിലിലൂടെയായിരുന്നു. തെരഞ്ഞെടുപ്പിന് തൊട്ടു തലേ ദിവസമായിരുന്നു കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് പുറത്തുവന്നത്.
യുഡിഎഫ് കേന്ദ്രങ്ങളാണ് ഇതിന് പിന്നിലെന്ന് ഇടതുപക്ഷം ആരോപിച്ചു. പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദനടക്കമുള്ളവര്‍ അതേറ്റു പിടിച്ചു. എന്നാല്‍ വൈകാതെ തന്നെ സ്‌ക്രീന്‍ ഷോട്ടിന്റെ ഉറവിടം സിപിഎം സൈബര്‍ പേജുകളാണെന്ന് വന്നതോടെ അത് സിപിഎമ്മിനും സ്ഥാനാര്‍ഥിക്കുമെതിരായ തലവേദനയായി മാറി. മാത്രമല്ല, വടകരയില്‍ മുരളീധരന് പകരമായി ഷാഫി പറമ്പില്‍ എത്തിയപ്പോള്‍, മതസ്പര്‍ധയുണ്ടാക്കി വോട്ട് ഭിന്നിപ്പിക്കാനാണ് സിപിഎം ശ്രമിച്ചതെന്നും യുഡിഎഫ് വാദിച്ചു. തെരഞ്ഞെടുപ്പ് വിജയം ഷാഫിക്കൊപ്പമായിരുന്നു. വലിയ ഭൂരിപക്ഷത്തിലാണ് ഷാഫി പറമ്പില്‍ വിജയിച്ചത്.
ഷാഫി പറമ്പിലിന്റെ സ്ഥാനാര്‍ഥിത്വം
ഷാഫി പറമ്പിലിനെ വടകര സ്ഥാനാര്‍ഥിയാക്കിയതിന് പിന്നാലെ കേരള രാഷ്ട്രീയത്തിൽ സംഭവിച്ച ചലനങ്ങൾ എടുത്തു പറയേണ്ടതാണ്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് വളരെ ശക്തമായ പോരാട്ടമായിരുന്നു നടന്നിരുന്നത്. യുഡിഎഫ് സ്ഥാനാര്‍ഥിയായി ഷാഫി പറമ്പില്‍, സിപിഎം സ്ഥാനാര്‍ഥി സി.പി. പ്രമോദ്, ബിജെപി സ്ഥാനാര്‍ഥി ഇ. ശ്രീധരന്‍ എന്നിവരുമായിരുന്നു മത്സരിച്ചത്. ഷാഫി പറമ്പിലും ഇ. ശ്രീധരനും തമ്മില്‍ ഇഞ്ചോടിഞ്ച് മത്സരമാണ് പാലക്കാട് നടന്നത്. നേരിയ ഭൂരിപക്ഷത്തിനാണ് ഷാഫി പറമ്പില്‍ പാലക്കാട് പിടിക്കുന്നത്. അങ്ങനെ നേടിയ മണ്ഡലം ഉപേക്ഷിച്ച് ഷാഫി വടകരയില്‍ മത്സരിക്കാനെത്തിയത് വലിയ ചര്‍ച്ചകള്‍ക്കിടയാക്കിയിരുന്നു. വടകരയില്‍ മത്സരിച്ച് വിജയിച്ചതോടെ പാലക്കാട് ഉപതെരഞ്ഞെടുപ്പ് ബിജെപിക്ക് അനുകൂലമാകാനുള്ള സാഹചര്യം വലുതായിരുന്നു. അതിനുള്ള ശ്രമങ്ങള്‍ ബിജെപി നടത്തുകയും ചെയ്തിരുന്നു. പാലക്കാട് ഉപതെരഞ്ഞെടുപ്പ് അടുക്കെ നിലവിലുള്ള അനുകൂല സാഹചര്യം മുതലെടുത്ത് വിജയിക്കാനുള്ള എല്ലാ സാധ്യതകളും ബിജെപി നടത്തുകയും ചെയ്തിരുന്നു.
പി.വി അന്‍വറിന്റെ പാര്‍ട്ടി വിടലും രാഷ്ട്രീയ ആരോപണങ്ങളും
തൃശൂര്‍ പൂരം കലക്കല്‍, മുന്‍ എഡിജിപി എം.ആര്‍. അജിത് കുമാര്‍, പൊന്നാനി പീഡന കേസ് തുടങ്ങി പല വിഷയങ്ങളില്‍ പത്ര സമ്മേളനങ്ങള്‍ വിളിച്ച പി.വി. അന്‍വറിന്‍റെ ആരോപണങ്ങൾ പതുക്കെ സര്‍ക്കാരിനും ഇടതുപക്ഷത്തിനുമെതിരായ ആരോപണങ്ങളിലേക്ക് വഴിമാറി. ഏറെ വൈകാതെ പ്രത്യക്ഷത്തില്‍ തന്നെ മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളായും മാറി. ഇതിന് പിന്നാലെ പി.വി. അന്‍വറിനെ സിപിഎമ്മില്‍ നിന്ന് പുറത്താക്കിക്കൊണ്ട് പാര്‍ട്ടി നടപടി സ്വീകരിച്ചു. ഇതിന് പിന്നാലെ സ്വന്തമായി പാര്‍ട്ടിയും അന്‍വര്‍ പ്രഖ്യാപിച്ചു. എന്നാല്‍ ഡിഎംകെ എന്ന് പാര്‍ട്ടിക്ക് പേരിട്ടത് കൂടുതല്‍ കുരുക്കായി മാറി. 'ദ്രാവിഡ മുന്നേട്ര കഴകം' എന്ന തമിഴ്‌നാട്ടിലെ ഭരണപ്പാര്‍ട്ടി ഡിഎംകെ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്നതിനാല്‍ തന്നെ 'ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള' എന്ന അന്‍വറിന്റെ ഡിഎംകെയ്ക്ക് രാഷ്ട്രീയപാര്‍ട്ടിയായി മാറാന്‍ പ്രയാസമുണ്ട്. അതുകൊണ്ട് തന്നെ രാഷ്ട്രീയ പാര്‍ട്ടിയല്ലെന്നും താത്കാലികമായി തന്റേത് സാമൂഹിക സംഘടനയാണെന്നും പി.വി. അന്‍വര്‍ പ്രഖ്യാപിച്ചു.
പി.വി. അന്‍വറിന്റെ ആരോപണങ്ങള്‍ തുടര്‍ക്കഥയായതോടെ പൂരം കലക്കല്‍, അതില്‍ എം.ആര്‍. അജിത് കുമാറിന്റെ പങ്ക് എന്നിവ അന്വേഷിക്കാതെ തരമില്ലെന്ന അവസ്ഥയില്‍ സര്‍ക്കാരുമെത്തി. രണ്ടാം എല്‍ഡിഎഫ് സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ പ്രതിബന്ധങ്ങളെ നേരിട്ട വര്‍ഷവും 2024 തന്നെയായിരിക്കും. രാഷ്ട്രീയമായി പി.വി. അന്‍വറിന്റെ കൊഴിഞ്ഞു പോക്ക്, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടി, രാഷ്ട്രീയ കാരണങ്ങളാല്‍ രാഷ്ട്രീയ കേരളത്തില്‍ ഉണ്ടായ മാറ്റങ്ങള്‍ എന്നിവയെല്ലാം തന്നെ സര്‍ക്കാരിനെ വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്.
ഹേമ കമ്മിറ്റി റിപ്പോർട്ട്
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നത് വലിയ ചർച്ചകൾക്കാണ് വഴിവെച്ചത്. സംസ്ഥാനത്ത് ചലച്ചിത്ര മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പഠിക്കുന്നതിനായി ജസ്റ്റിസ് ഹേമയുടെ നേൃത്വത്തിൽ നിയമിച്ച മൂന്നംഗ കമ്മീഷന്‍റെ റിപ്പോർട്ട് പുറത്തുവന്നത് നാലര വർഷത്തിന് ശേഷമാണ്. പിന്നാലെ മുകേഷ്, സിദ്ദീഖ് തുടങ്ങി കേരളത്തെ സുപ്രധാന നടന്മാർക്കെതിരെ എല്ലാം ലൈംഗികാരോപണങ്ങളും കേസുകളുമുണ്ടായി. റിപ്പോർട്ടിൽ ഗുരുതരമായ കാര്യങ്ങൾ ഉൾപ്പെട്ടിട്ടും സർക്കാർ കേസെടുത്തില്ലെന്ന വാദവും പിണറായിയെ വലിയ തോതിൽ സർക്കാരിനെ പ്രതിസന്ധിയിലാക്കി.
ഉപതെരഞ്ഞെടുപ്പും കോണ്‍ഗ്രസിലെ പൊട്ടിത്തെറിയും
പാലക്കാട് ഉപതെരഞ്ഞെടുപ്പ് അടുത്തതോടെ സ്ഥാനാര്‍ഥി ചര്‍ച്ചകളും സജീവമായിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേരും ഒറ്റപ്പാലത്ത് നേരത്തെ മത്സരിച്ച പി. സരിന്റെ പേരുമടക്കം പാലക്കാട്ട് ചര്‍ച്ച ചെയ്യപ്പെട്ടു. എന്നാല്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേര് ഉറപ്പിക്കുന്ന സാഹചര്യമെത്തിയതോടെ പാര്‍ട്ടിക്കെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് പി. സരിന്‍ രംഗത്തെത്തി. അത് പിന്നീട് പുറത്തു പോകലിന്റെയും സിപിഎമ്മില്‍ ചേരലിന്റെയും ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥിയാവലിന്റെയും വരെയുള്ള സാഹചര്യങ്ങളിലെത്തി. തൊട്ടു പിന്നാലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് എ.കെ. ഷാനിബും പാര്‍ട്ടിക്കകത്തുള്ള പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസില്‍ നിന്നും പുറത്തുപോവുകയാണെന്ന് പ്രഖ്യാപിച്ചു. ഈ അവസരം മുതലെടുത്താണ് പി സരിനെ പാലക്കാട് സിപിഎം സ്ഥാനാര്‍ഥിയാക്കിയതെങ്കിലും വന്‍ ഭൂരിപക്ഷത്തിന് രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയിക്കുന്ന കാഴ്ചയാണ് കണ്ടത്. രാഹുല്‍ മാങ്കൂട്ടത്തില്‍ 18840 വോട്ടുകളുടെ ഭൂരിപക്ഷം നേടി വിജയിച്ചപ്പോള്‍ ബിജെപി രണ്ടാം സ്ഥാനത്തേക്ക് എത്തുകയും എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു.
തൃശൂർ പൂരത്തിന് സമാനമായി ചേലക്കരയിലും അന്തിമാഹാകാളൻ കാവിലെ വെടിക്കെട്ടിന് അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട വിവാദം ഉയർത്താൻ ശ്രമിച്ചെങ്കിലും വലിയ ചലനം സൃഷ്ടിക്കാൻ സാധിച്ചില്ല. അതേസമയം ഉപതെരഞ്ഞെടുപ്പിലും പാലക്കാട് പോലെയൊരു മണ്ഡലത്തിൽ വലിയ മുന്നേറ്റം ഉണ്ടാക്കാൻ ബിജെപിക്ക് സാധിച്ചു എന്നത് ചെറിയ മാറ്റമല്ല. വേരുകളാഴ്ത്തിയുള്ള പ്രവർത്തനം ബിജെപി കേരളത്തിലെ തെരഞ്ഞെടുപ്പ് ഗോദയിൽ നടത്തുന്നത് സസൂക്ഷ്മം നിരീക്ഷിക്കേണ്ട ഒന്നു കൂടിയാണ്. ഒരു കാലയളവ് വരെ വാർത്തകളിൽ പോലും ഇടം നേടിയിരുന്നില്ല ബിജെപി നേതാക്കളുടെ പ്രസ്താവനകൾ എങ്കിൽ ഇന്ന് സ്ഥിതി മാറിയിരിക്കുന്നു. ശബരിമല സ്ത്രീ പ്രവേശം അടക്കമുള്ള സംഭവവികാസങ്ങൾക്ക് പിന്നാലെ ബിജെപി വിശ്വാസത്തിന്‍റെ പേരിൽ ഉണ്ടാക്കിയെടുത്ത രാഷ്ട്രീയ നേട്ടം കേരളം പോലുള്ള സംസ്ഥാനത്തിന് ഒട്ടും ഭൂഷണമാവുന്ന ഒന്നല്ല.