ഏറ്റവും കൂടുതൽ കുട്ടികൾക്ക് ഇ ഗ്രേഡ് കിട്ടിയ വിഷയം ഹിന്ദിയാണ്
സബ്ജക്ട് മിനിമം നടപ്പിലാക്കിയതിന് പിന്നാലെ എട്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. 2541 സ്കൂളുകളിൽ നിന്നും രണ്ട് ലക്ഷത്തിലധികം കുട്ടികൾക്കാണ് വിവിധ വിഷയങ്ങളിലായി ഇ ഗ്രേഡ് ലഭിച്ചത്. ഏറ്റവും കൂടുതൽ ഇ ഗ്രേഡ് ലഭിച്ചത് വയനാട്ടിലും, കുറവ് കൊല്ലത്തുമാണ്. ഇതാണ് കുട്ടികളുടെ അവസ്ഥയെന്നും സബ്ജക്ട് മിനിമത്തെ എതിർത്തവർ ഇത് മനസ്സിലാക്കണമെന്നും വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേർത്തു.
ഏറ്റവും കൂടുതൽ കുട്ടികൾക്ക് ഇ ഗ്രേഡ് കിട്ടിയ വിഷയം ഹിന്ദിയാണ്. കുറവ് ഇംഗ്ലീഷിലും. ഈ വർഷം മുതൽക്കാണ് എല്ലാ വിഷയത്തിലും മിനിമം മാർക്ക് വാങ്ങണമെന്ന നിബന്ധന വിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് വെക്കുന്നത്. ഏതെങ്കിലും വിദ്യാർഥിക്ക് മാർക്ക് കുറഞ്ഞാൽ ആ കുട്ടിക്ക് സമയം നൽകും. തുടർന്ന് വീണ്ടും പരീക്ഷ എഴുതിപ്പിച്ച് പാസ് ആകാൻ അവസരം നൽകുകയുമാണ് ചെയ്യുക.
സർക്കാർ സ്കൂളുകളിലെ ഹയർ സെക്കൻഡറി അധ്യാപകരുടെ ഓൺലൈൻ സ്ഥലം മാറ്റ പ്രക്രിയ നാളെ മുതൽ ആരംഭിക്കുമെന്ന് വി. ശിവൻകുട്ടി വ്യക്തമാക്കി. കോടതിയിൽ നിന്ന് അനുമതി ലഭിച്ചതിനുശേഷമാണ് സ്ഥലം മാറ്റ പ്രക്രിയ നടക്കുക. ജൂൺ ഒന്നിന് മുൻപ് സ്ഥലം മാറ്റ പ്രകിയ അവസാനിപ്പിക്കാനാണ് നീക്കം.
ലഹരി അവബോധത്തിൻ്റെ ഭാഗമായി മുഖ്യമന്ത്രി നിർദേശിച്ച പ്രവർത്തനങ്ങൾ ഈ അധ്യായന വർഷം മുതൽ നടപ്പിലാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കുട്ടിയുടെ തെറ്റ് ചൂണ്ടിക്കാണിക്കുമ്പോൾ അധ്യാപകനെ പ്രതിസ്ഥാനത്ത് നിർത്തുന്ന മനോഭാവം രക്ഷിതാക്കൾ നിർത്തണം. അധ്യാപകരും വിദ്യാർഥികളും ഒത്തുചേർന്ന് സ്ട്രെസ് ഇല്ലാതാക്കുന്ന പദ്ധതികൾ നടപ്പിലാക്കും. സുംബ ഡാൻസുൾപ്പെടെ പരിഗണനയിലുണ്ടെന്നും അവലോകനയോഗം വിളിച്ചു ചേർക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.