എന്നാൽ സംഭവത്തിൽ യാതൊരു വിട്ട് വീഴ്ചയുമുണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി.
കൊച്ചി ഹിന്ദുസ്ഥാന്‍ പവര്‍ ലിങ്ക്‌സിലെ തൊഴില്‍ പീഡനത്തില്‍ ഇതുവരെ റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. നാലു മാസങ്ങൾക്കു മുമ്പ് നടന്ന സംഭവത്തിന് പിന്നിൽ വ്യക്തിപരമായ പ്രശ്നമുണ്ടോ എന്ന് സംശയമുണ്ടെന്ന് മന്ത്രി പറഞ്ഞു. വിഷയം കുറച്ചുകൂടി മനസ്സിലാക്കേണ്ട ആവശ്യമുണ്ട്. വിശദമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ നിർദേശിച്ചിട്ടുണ്ടെന്നും രണ്ടുദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകുമെന്നും മന്ത്രി പറഞ്ഞു.
വിഷയത്തിൽ ചില ആശയകുഴപ്പങ്ങളുണ്ടെന്ന് മന്ത്രി പറയുന്നു. വീഡിയോയിലെ ദൃശ്യങ്ങൾ സൗഹൃദപരമായാണ് നടത്തിയതെന്ന ആക്ഷേപമുണ്ട്. പരാതി കിട്ടാതെ ഒന്നും ചെയ്യാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. എന്നാൽ സംഭവത്തിൽ യാതൊരു വിട്ട് വീഴ്ചയുമുണ്ടാകില്ലെന്നും വി. ശിവൻകുട്ടി വ്യക്തമാക്കി.
അതേസമയം ഹിന്ദുസ്ഥാന്‍ പവര്‍ ലിങ്ക്‌സിലെ തൊഴില്‍ പീഡനത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി ലഭിച്ചിട്ടുണ്ട്. ഹിന്ദുസ്ഥാൻ പവർ ലിങ്ക്സിന് എതിരായ പരാതിക്കാരുടെ വിവരങ്ങൾ അന്വേഷിക്കണമെന്നാണ് പരാതിയിലെ ആവശ്യം. പരാതിയിൽ അന്വേഷണം നടത്തുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി.
വിഷയത്തിൽ രണ്ട് പരാതികളാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് ലഭിച്ചത്. ഹിന്ദുസ്ഥാൻ പവർ ലിങ്ക്സും മറ്റ് സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധം സംശയകരമായി പൊതു സമൂഹത്തിന് മുന്നിൽ നിൽക്കുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. നേരത്തെയും ഈ സ്ഥാപനങ്ങൾക്കെതിരെ പരാതികൾ ഉണ്ടായിട്ടുണ്ട്. ഇത് സംബന്ധിച്ച് അടിയന്തരമായി നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നെന്നും പരാതിയിൽ പറയുന്നു.
പീഡനത്തില്‍ വെളിപ്പെടുത്തലുമായി കൂടുതല്‍ പേര്‍ രംഗത്തെത്തിയിട്ടുമുണ്ട്. പുറത്ത് വന്ന ടാര്‍ഗറ്റ് പീഡന ദൃശ്യങ്ങള്‍ വ്യാജമല്ലെന്നാണ് വെളിപ്പെടുത്തലുകള്‍. പീഡനം നടന്നെന്ന് ആവര്‍ത്തിച്ച് കൂടുതല്‍ യുവാക്കളും രംഗത്തെത്തി. കമ്പനിയില്‍ ട്രെയിനികളെ ഉപയോഗിച്ച് മാനേജര്‍മാര്‍ പന്തയം നടത്തും. തോല്‍ക്കുന്ന ട്രെയിനികളെ ക്രൂരപീഡനത്തിന് ഇരയാക്കും. സഹിക്കാനാകാത്ത പീഡനം ഉണ്ടായിട്ടുണ്ടെന്നാണ് കോഴിക്കോട് സ്വദേശിയായ യുവാവിന്റെ വെളിപ്പെടുത്തല്‍.
പന്തയത്തില്‍ ജയിക്കുന്ന ട്രെയിനികള്‍ക്ക് 1000 മുതല്‍ 2000 രൂപ വരെ സമ്മാനം നല്‍കും. തോല്‍ക്കുന്നവരെ ക്രൂരമായി പീഡിപ്പിക്കും. മത്സരബുദ്ധി വളര്‍ത്താനാണ് ഇത്തരം നികൃഷ്ടമായ പരിശീലനമെന്നാണ് മാനേജര്‍മാരുടെ വിശദീകരണം.