മുഖ്യമന്ത്രിയെന്ന നിലയിൽ പിണറായി വിജയന് കഴിഞ്ഞ പാർട്ടി കോൺഗ്രസ് നൽകിയ ഇളവ് തുടരും. കൂടുതൽ പുതുമുഖങ്ങൾ ഇത്തവണ നേതൃനിരയിലേക്കെത്തും.
സിപിഐഎമ്മിൻ്റെ 24-ാം പാർട്ടി കോൺഗ്രസിന് നാളെ തമിഴ്നാട്ടിലെ മധുരയിൽ കൊടിയേറും.പുതിയ ജനറൽ സെക്രട്ടറിയെ തീരുമാനിക്കുന്ന പാർട്ടി കോൺഗ്രസിൽ അടുത്ത മൂന്ന് വർഷത്തേക്കുള്ള രാഷ്ട്രീയ പ്രമേയത്തിനും അടവ് നയത്തിനും രൂപം നൽകും. കുനാൽ കമ്ര വിഷയവും ഇന്ന് ചർച്ചയായേക്കുമെന്നാണ് സൂചന.
നാളെ മുതൽ ഏപ്രിൽ 6 വരെ മധുരയിലെ തമുക്കം കൺവെൻഷൻ സെൻ്ററിലാണ് പാർട്ടി കോൺഗ്രസ് നടക്കുന്നത്. 17 അംഗ പിബിയിൽ നിന്ന് പ്രായപരിധി മാനദണ്ഡത്തിൻ്റെ പശ്ചാത്തലത്തിൽ പ്രധാന നേതാക്കളിൽ പലരും മാറും. മുഖ്യമന്ത്രിയെന്ന നിലയിൽ പിണറായി വിജയന് കഴിഞ്ഞ പാർട്ടി കോൺഗ്രസ് നൽകിയ ഇളവ് തുടരും. കൂടുതൽ പുതുമുഖങ്ങൾ ഇത്തവണ നേതൃനിരയിലേക്കെത്തും.
പി.ബി. അംഗങ്ങളായ അശോക് ധാവ്‌ളെ, എം.എ. ബേബി, ബി.വി. രാഘവുലു, സൂര്യകാന്ത മിശ്ര എന്നിവരുടെ പേരുകളാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പറഞ്ഞു കേൾക്കുന്നത്. പ്രായപരിധിയിൽ തൃപുര മുൻ മുഖ്യമന്ത്രി മാണിക് സർക്കാരിന് സംസ്ഥാന കമ്മിറ്റി ഇളവ് നൽകിയിരുന്നു. ഈ ഇളവ് പി.ബിയിലും സി.സിയിലും ഉണ്ടാകുമോ എന്നതും ശ്രദ്ധേയമാകും. കേരളത്തിലടക്കം ബിജെപി വളർച്ചയെ പ്രതിരോധിക്കാനും ദേശീയ തലത്തിൽ പാർട്ടിയെ ശക്തിപ്പെടുത്താനുമുള്ള ചർച്ചകളും പാർട്ടി കോൺഗ്രസിലുണ്ടാകും.
നാളെ രാവിലെ എട്ടു മണിക്കാണ് ഉദ്ഘാടന ചടങ്ങ് ഉച്ചയ്‌ക്ക് പ്രതിനിധി സമ്മേളനം തുടങ്ങും. ഏപ്രിൽ ആറിന് വൈകിട്ട് മൂന്നു മണിക്ക് നടക്കുന്ന റെഡ് ഫ്ളാഗ് മാർച്ചിന് ശേഷം, മധുര വണ്ടിയൂർ റിങ് റോഡ് ജംഗ്ഷൻ ഗ്രൗണ്ടിൽ നടക്കുന്ന പൊതുസമ്മേളനത്തോടെ പാർട്ടി കോൺഗ്രസിന് കൊടിയിറങ്ങും.