സർക്കാർ എന്തിനാണ് മതത്തിൽ ഇടപെടുന്നതെന്നും കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയ്
കേന്ദ്രമന്ത്രി കിരണ്‍ റിജിജു വഖഫ് ഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചതിനു പിന്നാലെ കടുത്ത ആരോപണങ്ങള്‍ ഉയര്‍ത്തി കോണ്‍ഗ്രസ്. ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളെ അപകീര്‍ത്തിപ്പെടുത്താനും, അവകാശങ്ങള്‍ നിഷേധിക്കാനും ശ്രമിക്കുകയാണെന്ന് അസമില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയ് സഭയില്‍ പറഞ്ഞു. അഞ്ച് വർഷമെങ്കിലും വിശ്വാസം പിന്തുടരുന്ന മുസ്ലീമിന് മാത്രമേ സ്വത്ത് വഖഫായി പ്രഖ്യാപിക്കാനാകൂ എന്ന വ്യവസ്ഥയെയും കോണ്‍ഗ്രസ് എംപി ചോദ്യം ചെയ്തു. മത സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സര്‍ക്കാര്‍ സ്വയം തയ്യാറായിവരുന്നത് ദുഃഖകരമായ സാഹചര്യമാണെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
ബില്‍ ഭരണഘടനയ്ക്കെതിരായ 4D ആക്രമണം ആണെന്ന് ഗൗരവ് ഗൊഗോയ് പറഞ്ഞു. ഭരണഘടനയെ നേര്‍പ്പിക്കാനും (Dilute), അപകീര്‍ത്തിപ്പെടുത്താനും (Defame), ന്യൂനപക്ഷ അവകാശങ്ങളെ നിഷേധിക്കാനും (Disenfranchise), ഇന്ത്യന്‍ സമൂഹത്തെ വിഭജിക്കാനുമാണ് (Divide) ബിജെപി ലക്ഷ്യമിടുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. സര്‍ക്കാര്‍ മത സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന തരത്തില്‍ ഇന്ന് ന്യൂനപക്ഷങ്ങളുടെ അവസ്ഥ മാറിയിരിക്കുന്നു. മറ്റ് മതങ്ങളിൽ നിന്നും അവര്‍ സർട്ടിഫിക്കറ്റുകൾ ചോദിക്കുമോ? അവർ അഞ്ച് വർഷം പൂർത്തിയാക്കിയിട്ടുണ്ടോ എന്ന് ചോദിക്കുമോ? എന്തുകൊണ്ടാണ് മുസ്ലീങ്ങളോട് ഇത് ചോദിക്കുന്നത്? സർക്കാർ എന്തിനാണ് മതത്തിൽ ഇടപെടുന്നത്? -ഗൊഗോയ് ചോദിച്ചു.
കേന്ദ്രമന്ത്രിയായ കിരണ്‍ റിജിജു തെറ്റിധരിപ്പിക്കുന്ന പ്രസ്താവനകള്‍ നടത്തിയെന്നാരോപിച്ചായിരുന്നു ഗൊഗോയ് മറുപടിക്ക് തുടക്കമിട്ടത്. എന്നാല്‍, സ്പീക്കര്‍ ഓം ബിര്‍ള ആ പരാമര്‍ശത്തെ ശാസിച്ചു. ഭേദഗതികൾ പെട്ടെന്ന് മേശപ്പുറത്തുവയ്ക്കുന്നതിന് ഒരു വർഷം മുമ്പ്, 2023ൽ, ന്യൂനപക്ഷകാര്യ മന്ത്രാലയം പാർലമെന്ററി കമ്മിറ്റിയുടെ നാല് യോഗങ്ങളില്‍ ബില്ലിനെക്കുറിച്ച് പരാമര്‍ശിച്ചിരുന്നില്ലെന്ന് ഗൊഗോയ് ചൂണ്ടിക്കാട്ടി. കേന്ദ്ര മന്ത്രി റിജിജു പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞ, വഖഫ് നിമയങ്ങളിലെ പരിഷ്കാരത്തെക്കുറിച്ചുള്ള പ്രസംഗം തെരഞ്ഞെടുപ്പ് പ്രക്രിയയെ നേര്‍പ്പിക്കാനും, സാമുദായിക ഐക്യം തകർക്കാനും ബിജെപിയെ സഹായിക്കുന്നതിനുള്ള ഒരു വഴിതിരിച്ചുവിടലാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മുസ്ലീങ്ങൾക്ക് ഈദ് പ്രാർഥന നടത്താൻ അനുവാദമില്ലായിരുന്നു. ന്യൂനപക്ഷങ്ങളെ അപകീർത്തിപ്പെടുത്താൻ സർക്കാർ വഖഫ് മാറ്റങ്ങളുടെ പേരില്‍ ഒരു പുകമറ സൃഷ്ടിക്കുകയാണെന്നും ഗൊഗോയ് ആരോപിച്ചു.
വഖഫ് നിയമങ്ങളിലെ നിർദ്ദിഷ്ട മാറ്റങ്ങളെക്കുറിച്ച് അവലോകനം ചെയ്യാന്‍ നിയോഗിക്കപ്പെട്ട സംയുക്ത പാർലമെന്ററി കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും കോണ്‍ഗ്രസ് എംപി ആരോപണങ്ങളുന്നയിച്ചു. പ്രതിപക്ഷ അംഗങ്ങളുടെ അഭിപ്രായങ്ങൾ പതിവായി അവഗണിക്കുന്ന ബിജെപി എംപിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ആറ് മാസത്തിനിടെ ഒന്നിലധികം യോഗങ്ങൾ നടത്തി. 66 മാറ്റങ്ങൾ നിർദ്ദേശിച്ചു. എന്നാല്‍ പ്രതിപക്ഷത്തിന്റെ 44 നിര്‍ദേശങ്ങള്‍ നിരസിക്കുകയും ബിജെപിയുടെയും സഖ്യകക്ഷികളുടെയും 23 എണ്ണം അംഗീകരിക്കുകയുമായിരുന്നു. ആ 23 മാറ്റങ്ങളിൽ 14 എണ്ണം ഫെബ്രുവരിയിൽ സർക്കാരും അംഗീകരിച്ചു. ഇതുപോലൊരു ജെപിസിയെ മുമ്പ് കണ്ടിട്ടില്ലെന്ന് അഭിപ്രായപ്പെട്ട ഗൊഗോയ്, കമ്മിറ്റി ഓരോ ക്ലോസ് വീതമുള്ള ചർച്ചകൾ നടത്തിയിട്ടില്ലെന്നും പ്രതിപക്ഷത്തിന്റെ അഭിപ്രായങ്ങൾ അവഗണിച്ചുവെന്നും ചൂണ്ടിക്കാട്ടി.