'ബാറ്റ്മാൻ ഫോറെവർ', 'ദി ഡോർസ്' എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് വാൽ കിൽമർ.
പ്രശസ്ത ഹോളിവുഡ് നടൻ വാൽ കിൽമർ (65) അന്തരിച്ചു. ന്യുമോണിയ ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം. മകൾ മെഴ്‌സിഡസ് കിൽമറാണ് ഇക്കാര്യം അറിയിച്ചത്. 'ബാറ്റ്മാൻ ഫോറെവർ' എന്ന ചിത്രത്തിലെ ബ്രൂസ് വെയ്ൻ എന്ന കഥാപാത്രത്തിലൂടെയും 'ദി ഡോർസ്' എന്ന ചിത്രത്തിലെ ജിം മോറിസൺ എന്ന കഥാപാത്രത്തിലൂടെയും പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് വാൽ കിൽമർ.
ലൊസാഞ്ചലസിൽ ജനിച്ച കിൽമറിൻ്റെ കുട്ടിക്കാലം ചാറ്റ്‌സ്‌വർത്തിലായിരുന്നു. ഹോളിവുഡ് പ്രൊഫഷനൽ സ്‌കൂളിലും ജൂലിയാർഡ് സ്‌കൂളിലുമായാണ് പഠനം. 1984ൽ 'ടോപ്പ് സീക്രട്ട്' എന്ന സ്പൂഫ് ചിത്രത്തിലൂടെ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചു. 1991ൽ പുറത്തിറങ്ങിയ 'ദി ഡോർസ്' എന്ന സിനിമയിൽ അവതരിപ്പിച്ച ‘മോറിസൺ’ എന്ന കഥാപാത്രം വാൽ കിൽമറിൻ്റെ ജീവതത്തിലെ നാഴികകല്ലായിരുന്നു. 1991-ൽ പുറത്തിറങ്ങിയ ദി ഡോർസ് എന്ന പരമ്പരയിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടു. 'ടോപ്പ് ഗൺ', 'റിയൽ ജീനിയസ്', 'വില്ലോ', 'ഹീറ്റ്', 'ദ് സെയിന്റ്' എന്നിവയാണ് കിൽമറിന്റെ പ്രശസ്തമായ ചിത്രങ്ങളിൽ ചിലത്. 'ദ് പ്രിൻസ് ഓഫ് ഈജിപ്ത്' ഉൾപ്പെടെ നിരവധി ആനിമേറ്റഡ് സിനിമകൾക്കും അദ്ദേഹം ശബ്ദം നൽകിയിട്ടുണ്ട്.
ALSO READ: ട്രംപിനെതിരെ പ്രസംഗിച്ചത് 25 മണിക്കൂർ! യുഎസ് സെനറ്റിൽ പുതിയ റെക്കോർഡിട്ട് കോറി ബുക്കർ
2014 ൽ കിൽമറിന് തൊണ്ടയിലെ അർബുദം കണ്ടെത്തിയിരുന്നു. ഇതിനെത്തുടർന്നു ശബ്ദം നഷ്ടപ്പെട്ടെങ്കിലും പിന്നീട് സുഖം പ്രാപിച്ചു. 2021ലാണ് കിൽമറിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ‘വാൽ’ എന്ന ഡോക്യുമെന്ററി പുറത്തിറങ്ങുന്നത്. 'സോറോ'യിലെ സംഭാഷണത്തിനു ഗ്രാമി പുരസ്കാരത്തിന് അദ്ദേഹം നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു.