പുലർച്ചെ 6.10ഓടെ ഉണ്ടായ ഭൂചലനത്തിൻ്റെ പ്രകമ്പനം പശ്ചിമ ബംഗാളിലും കൊൽക്കത്തയിലും അനുഭവപ്പെട്ടു
ബംഗാൾ ഉൾക്കടലിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തി. പുലർച്ചെ 6.10ഓടെ ഉണ്ടായ ഭൂചലനത്തിൻ്റെ പ്രകമ്പനം പശ്ചിമ ബംഗാളിലും കൊൽക്കത്തയിലും അനുഭവപ്പെട്ടു.
ഒഡീഷയിലെ പുരിക്ക് സമീപമാണ് ഭൂചലനം രേഖപ്പെടുത്തിയതെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു. ബംഗാൾ ഉൾക്കടലിൽ 91 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് അധികൃതർ അറിയിച്ചു. ഭൂകമ്പം കൊൽക്കത്ത നിവാസികളിൽ പരിഭ്രാന്തി സൃഷ്ടിച്ചെങ്കിലും, ഇതുവരെ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഉപരിതലത്തിൽ നിന്ന് അഞ്ചോ പത്തോ കിലോമീറ്റർ താഴെയുള്ള ആഴം കുറഞ്ഞ ഭൂകമ്പങ്ങൾ ഉപരിതലത്തിന് താഴെയുള്ളതിനേക്കാൾ കൂടുതൽ നാശമുണ്ടാക്കുന്നുവെന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
ഈ മാസം 17ന് ഡൽഹിയിലും ബീഹാറിലും ഭൂചലനം ഉണ്ടായിരുന്നു. റിക്ടർ സ്കെയിലിൽ 4 തീവ്രത രേഖപ്പെടുത്തിയ ചലനമായിരുന്നു ഉണ്ടായത്. ബിഹാറിലെ സിവാനാണ് ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം. ഭൂചലനത്തിൽ ആളപായമില്ല. ഡൽഹിയിൽ ഉണ്ടായ ഭൂചലനത്തിന് തൊട്ട് പിന്നാലെയാണ്
17ന് ബീഹാറിൽ ഭൂചലനം ഉണ്ടായത്.
ഡൽഹിയിലെ ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം ധൗല കുവാനിലെ ദുർഗാഭായ് ദേശ്മുഖ് കോളേജ് ഓഫ് സ്പെഷ്യൽ എജ്യുക്കേഷന് സമീപമുള്ള ജീൽ പാർക്ക് മേഖലയാണ്. ഡൽഹിയിലും സമീപ പ്രദേശങ്ങളായ നോയിഡ, ഗ്രേറ്റർ നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു.