അതേസമയം കൊച്ചിയിലേക്ക് ഹൈബ്രിഡ് കഞ്ചാവിന്റെ വരവ് വർധിച്ചതായാണ് റിപ്പോർട്ട്. കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ 37 കോടിയുടെ ഹൈബ്രിഡ് കഞ്ചാവാണ് കൊച്ചിയിൽ നിന്ന് പിടികൂടിയത്
പ്രതീകാത്മ ചിത്രം
സംസ്ഥാനത്ത് വിവിധയിടങ്ങളിലായി വൻ ലഹരിവേട്ട. കൊച്ചിയിലും മലപ്പുറത്തുമായി പൊലീസ് പിടിച്ചെടുത്തത് വലിയ തോതിലുള്ള എംഡിഎംഎ. രാസലഹരി ബെംഗളൂരുവിൽ നിന്ന് എത്തിക്കുന്നതായാണ് കണ്ടെത്തൽ. ഇതിനൊപ്പം കൊച്ചിയിലേക്കുള്ള ഹൈബ്രിഡ് കഞ്ചാവിന്റെ വരവ് വർധിച്ചതായും റിപ്പോർട്ടുകളുണ്ട്.
സംസ്ഥാനത്ത് രാസലഹരിയുടെയും കഞ്ചാവിൻ്റെയും ഉപയോഗം വർധിക്കുന്നെന്ന് വ്യക്തമാക്കുന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നുത്. കൊച്ചിയിൽ എംഡിഎംഎയുമായി ഏഴ് യുവാക്കളാണ് പിടിയിലായത്. പൊന്നുരുന്നിയിലെ ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഇവരിൽ നിന്ന് 24 ഗ്രാം എംഡിഎംഎ അന്വേഷണ സംഘം പിടിച്ചെടുത്തു. എംഡിഎംഎ ബെംഗളൂരുവിൽ നിന്ന് എത്തിച്ചെന്നാണ് പ്രതികൾ നൽകിയ മൊഴി. പാലാരിവട്ടം പൊലീസാണ് യുവാക്കളെ പിടികൂടിയത്.
മലപ്പുറം കൊണ്ടോട്ടിയിൽ 544 ഗ്രാം എംഡിഎംഎയും 875 ഗ്രാം കഞ്ചാവുമാണ് പൊലീസ് പിടികൂടിയത്. മുതുവല്ലൂർ സ്വദേശി ആകാശിന്റെ വീടിൻ്റെ പരിസരത്തു നിന്നാണ് പാക്കറ്റുകളാക്കി സൂക്ഷിച്ച ലഹരി ശേഖരം പിടികൂടിയത്. ബെംഗളൂരുവിൽ നിന്ന് എത്തിച്ച ലഹരിമരുന്ന് കേരളത്തിൽ ചില്ലറ വിൽപന നടത്തുകയായിരുന്നു ലക്ഷ്യമെന്നാണ് പൊലീസ് നൽകുന്ന വിവരം.
മലപ്പുറം എടവണ്ണയിൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന കോട്ടേഴ്സിന് സമീപത്ത് നിന്നും കഞ്ചാവ് ചെടികൾ കണ്ടെത്തി. പത്തപ്പിരിയം കീർത്തിക്കുണ്ട് പനനിലത്താണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നായിരുന്നു പരിശോധന. ഒന്നരടിയോളം പൊക്കമുള്ള ചെടികളാണ് പോലീസ് കണ്ടെത്തിയത്. കഞ്ചാവ് ചെടി വളർത്തിയവരെ കണ്ടെത്താനായിട്ടില്ല.
കാക്കനാട് സിഗ്നൽ ജംഗ്ഷനിൽ നിന്നും ആറ് കിലോയോളം കഞ്ചാവുമായി ബെംഗളൂരു സ്വദേശിനിയെ തൃക്കാക്കര പൊലീസ് പിടികൂടിയിരുന്നു. ബെംഗളൂരു ഹേമൻ പതാങ്കേയിൽ നിന്നുമാണ് കഞ്ചാവ് പിടികൂടിയത്. കാക്കനാട് സിഗ്നൽ ജംഗ്ഷൻ സമീപം കാർത്തിക റെസിഡൻസിയിൽ മയക്ക് മരുന്നുമായി യുവതി എത്തിയിട്ടുണ്ടെന്ന പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
അതേസമയം കൊച്ചിയിലേക്ക് ഹൈബ്രിഡ് കഞ്ചാവിന്റെ വരവ് വർധിച്ചതായാണ് റിപ്പോർട്ട്. കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ 37 കോടിയുടെ ഹൈബ്രിഡ് കഞ്ചാവാണ് കൊച്ചിയിൽ നിന്ന് പിടികൂടിയത്. മലയാളികൾക്ക് പുറമെ ഇതര സംസ്ഥാനക്കാരും കൊച്ചിയിലേക്ക് കഞ്ചാവ് എത്തിക്കുന്ന കരിയർമാരായി പ്രവർത്തിക്കുന്നതായും കണ്ടെത്തലുണ്ട്.