ബിജെപി തനിക്ക് ഒരിക്കലും ഒരു ഓപ്ഷനല്ല. പാര്‍ട്ടിയില്‍ നിന്നും മാറി സ്വതന്ത്രനായി നില്‍ക്കാനുള്ള ഓപ്ഷന്‍ എപ്പോഴും ഉണ്ടാവാം.
ശശി തരൂരുമായുള്ള വര്‍ത്തമാനം മലയാളം പോഡ്കാസ്റ്റിന്റെ പൂര്‍ണരൂപം പുറത്തുവിട്ട് ഇന്ത്യന്‍ എക്‌സ്പ്രസ്. കോണ്‍ഗ്രസ് ക്ഷണിച്ചതുകൊണ്ടാണ് രാഷ്ട്രീയത്തിലേക്ക് വന്നതെന്നും തന്നെ ആവശ്യമുണ്ടെങ്കില്‍ പാര്‍ട്ടിക്ക് ഉപയോഗിക്കാമെന്നും ശശി തരൂര്‍ പറഞ്ഞിരുന്നു. എന്നാല്‍ ബിജെപിയില്‍ ചേരുന്ന കാര്യം മനസില്‍ ഇല്ലെന്നും ശശി തരൂര്‍ പറഞ്ഞു. പാര്‍ലമെന്റിലേക്ക് മത്സരിക്കാനല്ല, കേരളത്തില്‍ കൂടുതല്‍ പ്രധാന്യം നല്‍കാനാണ് ആഗ്രഹിക്കുന്നതെന്നും അഭിമുഖത്തില്‍ പറയുന്നു.
'ശശി തരൂര്‍ എന്ന വ്യക്തിയുടെ ജനപ്രീതി പാര്‍ട്ടിക്ക് ആവശ്യമുണ്ടെങ്കില്‍ പാര്‍ട്ടിക്ക് ഉപയോഗിക്കാം. ഇല്ലെങ്കില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല. ഇതല്ലെങ്കില്‍ എനിക്ക് സമയം ചെലവഴിക്കാന്‍ മറ്റേതെങ്കിലും വഴികള്‍ ഇല്ലെന്ന് കരുതരുത്. എഴുത്തുകള്‍, പുസ്തകങ്ങള്‍, പ്രഭാഷണങ്ങള്‍ എന്നിവയെല്ലാമുണ്ട്. ഈ രാജ്യത്തിന് സേവനം ചെയ്യാനാണ് തിരിച്ചുവന്നത്. പാര്‍ട്ടി ആവശ്യപ്പെട്ടപ്പോള്‍ ഒരു സംശയവും ഇല്ലാതെയാണ് ഇതിലേക്ക് വന്നത്. എനിക്ക് ഒറ്റ കണ്ടീഷനേ ഉണ്ടായിരുന്നുള്ളു. അത് തിരുവനന്തപുരത്ത് മത്സരിക്കല്‍ ആയിരുന്നു,' ശശി തരൂര്‍ പറഞ്ഞു.
ബിജെപി തനിക്ക് ഒരിക്കലും ഒരു ഓപ്ഷനല്ല. പാര്‍ട്ടിയില്‍ നിന്നും മാറി സ്വതന്ത്രനായി നില്‍ക്കാനുള്ള ഓപ്ഷന്‍ എപ്പോഴും ഉണ്ടാവാം. പക്ഷെ നാളെ ഒരു ബിജെപി നേതാവിനോ സിപിഎം നേതാവിനോ എന്നെ വന്ന് കാണുന്നതിന് എന്താണ് പ്രശ്‌നം? നമ്മള്‍ എല്ലാവരും ജനാധിപത്യത്തില്‍ പ്രവര്‍ത്തിക്കുന്നവരല്ലേ എന്നും ശശി തരൂര്‍ ചോദിച്ചു. അവര്‍ എതിരാളികള്‍ ആണ്. ശത്രുക്കള്‍ അല്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ എക്‌സ്പ്രസിലെ ലേഖനം വിവാദമായതിന് പിന്നാലെയായിരുന്നു ശശി തരൂരിന്റെ വര്‍ത്തമാനം എന്ന മലയാളം പോഡ്കാസ്റ്റ് യൂട്യൂബിലൂടെ പുറത്തുവിട്ടത്. പിന്നാലെ തരൂരിന്റെ പേര് പരാമര്‍ശിച്ചും പരാമര്‍ശിക്കാതെയും കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരണവുമായി രംഗത്തെത്തി. എന്നാല്‍ വിവാദ പരാമര്‍ശങ്ങളില്‍ ശശി തരൂരിനെതിരെ ഉടന്‍ നടപടി ഒന്നും എടുക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് ഹൈക്കമാന്‍ഡ്. തരൂര്‍ വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കേണ്ടതില്ലെന്നും തീരുമാനമായി.
കേരളത്തിലെ നേതാക്കളോടും വിഷയത്തില്‍ തുടര്‍പ്രതികരണങ്ങള്‍ വേണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി നിര്‍ദേശം നല്‍കിയിരുന്നു. വിമര്‍ശനം ഉന്നയിച്ചത് കൊണ്ട് ഒരാളെയും സൈഡ് ലൈന്‍ ചെയ്യില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും പറഞ്ഞു. നന്മയുള്ള വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യും. കേരളത്തിലെ നേതൃത്വത്തിലും ഐക്യം ഊട്ടി ഉറപ്പിക്കുമെന്നും താന്‍ ഒരു പക്ഷത്തിന്റെയും ഭാഗം അല്ലെന്നും വേണുഗോപാല്‍ പറഞ്ഞു.
സംസ്ഥാനത്ത് കോണ്‍ഗ്രസ് സ്ഥിരം വോട്ട് ബാങ്കിന് അപ്പുറത്തേക്കും ജനങ്ങളെ ആകര്‍ഷിക്കാന്‍ തയ്യാറാകണം. സ്വതന്ത്ര സംഘടനകള്‍ നടത്തിയ അഭിപ്രായ വോട്ടിങ്ങുകളില്‍ സംസ്ഥാനത്തെ മറ്റ് കോണ്‍ഗ്രസ് നേതാക്കളേക്കാളും നേതൃത്വ പദവിയിലേക്ക് തന്റെ പേരാണ് ഉയര്‍ന്ന് കേള്‍ക്കുന്നതെന്നും തരൂര്‍ പോഡ്കാസ്റ്റില്‍ പറഞ്ഞു.
ALSO READ: തരൂരിനെതിരെ ഉടൻ നടപടിയില്ല; സംസ്ഥാന നേതാക്കൾ തുടർപ്രതികരണങ്ങൾ നടത്തരുതെന്ന് ഹൈക്കമാൻഡ്
കേരളത്തില്‍ ഒരുകാലത്തും കോണ്‍ഗ്രസിന് നേതൃക്ഷാമമുണ്ടായിട്ടില്ലെന്നായിരുന്നു കെ. മുരളീധരന്റെ പ്രതികരണം. ശശി തരൂരിന്റെ മനസില്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ പരിഹരിച്ച് കൂടെ നിര്‍ത്തണമെന്നും അദ്ദേഹത്തിന്റെ സേവനം കോണ്‍ഗ്രസിന് ആവശ്യമാണെന്നും കെ. മുരളീധരന്‍ അറിയിച്ചു. കേരളത്തില്‍ ഇപ്പോള്‍ ചില രാജദാസന്മാര്‍ ഇറങ്ങിയിരിക്കുന്നുവെന്നും രാജകൊട്ടാരത്തിലെ വിദൂഷകന്മാരെപ്പോലെയാണ് ചിലരെന്നുമായിരുന്നു കെ.സി. വേണുഗോപാലിന്റെ പ്രതികരണം. തരൂരിന്റെ പേര് പരാമര്‍ശിക്കാതെയായിരുന്നു വേണുഗോപാലിന്റെ മറുപടി. മുഖ്യമന്ത്രിക്ക് സ്തുതിപാടുന്ന മന്ത്രിമാരെയാണ് ഉദ്ദേശിച്ചതെന്നും പ്രസംഗം ദുര്‍വ്യാഖ്യാനം ചെയ്തുവെന്നായിരുന്നു ഹൈക്കമാന്‍ഡ് നിര്‍ദേശത്തിന് പിന്നാലെ വേണുഗോപാല്‍ പറഞ്ഞു.
മറുവശത്ത് തരൂരിനെ പ്രശംസിക്കുന്ന സമീപനമാണ് സിപിഎം സ്വീകരിച്ചത്. കോണ്‍ഗ്രസ് വിട്ടാല്‍ ശശി തരൂര്‍ അനാഥമാകില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം തോമസ് ഐസക് പറഞ്ഞു. തരൂര്‍ ഇത്രയും കാലം കോണ്‍ഗ്രസില്‍ തുടര്‍ന്നത് അത്ഭുതമെന്നും സിപിഎം കേന്ദ്ര കമ്മിറ്റിയംഗം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, തരൂരിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുമോ എന്ന ചോദ്യത്തിന് അതൊന്നും ഇപ്പോള്‍ പറയേണ്ട കാര്യമല്ലെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മറുപടി. സ്വന്തം നിലയില്‍ കാര്യങ്ങള്‍ പറയാന്‍ കഴിവുള്ള നേതാവാണ് തരൂര്‍ എന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.
കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയിലെ ഒരു നേതാവ് ഇത്തരത്തില്‍ പറയുമ്പോള്‍ തള്ളിക്കളയേണ്ട കാര്യമില്ലെന്നും തരൂരിനെ അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്യരുതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. ഇത്തരത്തില്‍ ഒരു സമീപനം സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് വന്ന സാഹചര്യത്തില്‍ കൂടിയാണ് തുടര്‍ പ്രതികരണങ്ങളഅ ഒഴിവാക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.