പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു. എന്നാല്‍ ഇതുവരെയും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല.
മകന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കണമെന്നും ആവശ്യവുമായി വൃദ്ധ ദമ്പതികള്‍. ഇതിനായി പത്തനംതിട്ട തുമ്പമണ്‍ സ്വദേശികളായ ഡാനിയേലും സൂസമ്മയും മുട്ടാത്ത വാതിലുകള്‍ ഇല്ല. 2024 ഫെബ്രുവരിയിലാണ് ബിജോ സി. ഡാനിയേല്‍ മരിച്ചത്. മരിക്കുമ്പോള്‍ മുംബൈ ഭാരതീയ ആരോഗ്യനിധി ആശുപത്രിയില്‍ നഴ്സായി ജോലിചെയ്ത് വരികയായിരുന്നു ബിജോ.
മുംബൈയിലുള്ള ഭാരതീയ ആരോഗ്യനിധി ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്തുവരികെ 2024 ഫെബ്രുവരി 25 ഞായറാഴ്ചയാണ് ബിജോ മരണപ്പെടുന്നത്. ഹൃദയാഘാതം വന്ന് മരിച്ചെന്ന വാര്‍ത്തയാണ് വീട്ടുകാര്‍ അറിഞ്ഞത്. തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു. എന്നാല്‍ ഇതുവരെയും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് മാതാപിതാക്കളുടെ ആരോപണം.
ബിജോയുടെ ശരീരമാസകാലം മുറിവുകള്‍ ഉണ്ടായിരുന്നു. കയര്‍ ഉപയോഗിച്ച് കെട്ടിയതിന് സമാനമായ പാടുകളും ശരീരത്തില്‍ ഉണ്ടായിരുന്നതായി മാതാപിതാക്കള്‍ പറയുന്നു. മോശം ആരോഗ്യ അവസ്ഥയിലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്നതിനായി പരമാവധി ശ്രമിച്ചുവെന്നും എന്നാല്‍ ഫലമുണ്ടായില്ലെന്നുമാണ് പരാതി.
ജില്ലാ പൊലീസ് മേധാവി മുതല്‍ മുഖ്യമന്ത്രിക്ക് വരെ പരാതി നല്‍കി. എന്നാല്‍ ഇതുവരെയും പ്രശ്‌നത്തിന് പരിഹാരമായില്ല. മുട്ടാവുന്ന എല്ലാ വാതിലുകളും മുട്ടിയെന്നും മകന്റെ മരണത്തിന്റെ യഥാര്‍ത്ഥ കാരണം അറിയണമെന്നുമാണ് ഈ വൃദ്ധ ദമ്പതികളുടെ ആവശ്യം.