fbwpx
ക്യൂരിയസ് കേസ് ഓഫ് ജാക്ക് ദി റിപ്പര്‍; ആരാണ് ലണ്ടന്‍ നഗരത്തെ ഭീതിയിലാഴ്ത്തിയ ദി വൈറ്റ് ചാപ്പല്‍ മര്‍ഡറര്‍?
logo

നസീബ ജബീൻ

Last Updated : 26 Feb, 2025 11:02 AM

കാലത്തിന്റെ കണ്ണുവെട്ടിച്ച് ഒരു കുറ്റവാളിക്കും രക്ഷപ്പെടാനാകില്ല എന്നത് ഒരിക്കല്‍ കൂടി തെളിയിക്കപ്പെടുകയാണ്. അതേ, ജാക്ക് ദി റിപ്പര്‍ ആരാണെന്ന സത്യം ലോകം അറിഞ്ഞു കഴിഞ്ഞു

WORLD


ലണ്ടനിലെ മാഡം ത്യൂസാദ് മ്യൂസിയത്തില്‍ സന്ദര്‍ശകര്‍ക്ക് കാണാനായി സെലിബ്രിറ്റികളുടെ മഴുക് പ്രതിമകള്‍ മാത്രമല്ല ഉള്ളത്.. അവിടെ ചേംബര്‍ ഓഫ് ഹൊറേര്‍സ് എന്നൊരു മുറിയുണ്ട്. ലോകത്ത് നടന്ന ഞെട്ടിക്കുന്ന കുറ്റകൃത്യങ്ങളെ കുറിച്ചുള്ള വിവരണങ്ങളാണ് ഭയപ്പെടുത്തുന്ന ആ മുറിക്കുള്ളില്‍ ഉള്ളത്. അവിടെ ഒരുകാലത്ത് ലണ്ടന്‍ എന്ന നഗരത്തെ മുഴുവന്‍ ഭയത്തിന്റേയും ഭീതിയുടെയും മുള്‍മുനയില്‍ നിര്‍ത്തിയ ഒരു മനുഷ്യനെ കുറിച്ചുള്ള വിവരണങ്ങളുണ്ട്... ലൈംഗിക തൊഴിലാളികളായ സ്ത്രീകളെ മാത്രം തിരഞ്ഞുപിടിച്ച് നമുക്ക് സങ്കല്‍പ്പിക്കാന്‍ പോലും ആകാത്ത രീതിയില്‍ പൈശാചികമായി കൊല്ലുന്ന മനുഷ്യന്‍... അതേ... ജാക്ക് ദി റിപ്പര്‍

ജാക്ക് ദി റിപ്പര്‍ എന്ന അജ്ഞാതനായ പിശാച് ലണ്ടന്‍ അടക്കിവാണ നരക കാലം കഴിഞ്ഞിട്ട് 137 വര്‍ഷങ്ങള്‍ പിന്നിട്ടു. പക്ഷെ, ഇന്നും ആ സീരിയല്‍ കില്ലര്‍ ആരായിരുന്നുവെന്നോ എന്തിനായിരുന്നു ആ കൊലപാതകങ്ങള്‍ എന്നോ വ്യക്തമായിട്ടില്ല... ഈ കാലത്തും ജാക്ക് ദി റിപ്പറിനെ കുറിച്ചും അയാള്‍ ആരാണെന്നുമുള്ള അന്വേഷണങ്ങളും വാര്‍ത്തകളില്‍ ഇടംപിടക്കാറുണ്ട്. കാലത്തിന്റെ കണ്ണുവെട്ടിച്ച് ഒരു കുറ്റവാളിക്കും രക്ഷപ്പെടാനാകില്ല എന്നത് ഒരിക്കല്‍ കൂടി തെളിയിക്കപ്പെടുകയാണ്. അതേ, ജാക്ക് ദി റിപ്പര്‍ ആരാണെന്ന സത്യം ലോകം അറിഞ്ഞു കഴിഞ്ഞു.

ജാക്ക് ദി റിപ്പര്‍... ദി സ്റ്റോറി അണ്‍ഫോള്‍ഡ്സ്...

ജാക്ക് ദി റിപ്പര്‍ ആരാണെന്നതിനെ കുറിച്ച് അവസാനം പറയാം, അതിന് മുമ്പ് അയാള്‍ ചെയ്തുകൂട്ടിയ മഹാപാതകങ്ങളെ കുറിച്ചും അതിനെ കുറിച്ചുള്ള പല പല തിയറികളെ കുറിച്ചും പറഞ്ഞു പോകാം... ലണ്ടന്‍ നഗരത്തെ നരകമാക്കി മാറ്റിയ സീരിയല്‍ കില്ലര്‍ക്ക് മാധ്യമങ്ങള്‍ നല്‍കിയ പേരാണ് ജാക്ക് ദി റിപ്പര്‍. ലെതര്‍ ഏപ്രണ്‍, ദി വൈറ്റ് ചാപ്പല്‍ മര്‍ഡറര്‍ എന്നൊക്കെ അയാള്‍ക്ക് വിളിപ്പേരുണ്ട്. ജാക്ക് ദി റിപ്പര്‍ തുറന്നുവിട്ടത് ജീര്‍ണിക്കുന്ന കുറച്ചധികം സത്യങ്ങളായിരുന്നു... ഒരു മനുഷ്യന് മറ്റൊരു മനുഷ്യനെ ഇങ്ങനെ ക്രൂരമായി കൊല ചെയ്യാനാകുമോ? അപരനോടുള്ള അകാരണമായ വെറുപ്പിന് പിന്നിലെ സൈക്കോളജി എന്താകും? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് പുറമേയായിരുന്നു പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന കാലത്തുള്ള ലണ്ടനിലെ ഈസ്റ്റ് എന്‍ഡിന്റെ സാമൂഹിക സാഹചര്യം. റിപ്പറിന്റെ കൊലകള്‍ക്കും ഈസ്റ്റ് എന്‍ഡിലെ ജീവിത നിലവാരത്തിനും വലിയ ബന്ധമുണ്ട്.


കാതറിന്‍ എഡോവ്സ് എന്ന ലൈംഗിക തൊഴിലാളിയായിരുന്നു റിപ്പറിന്റെ നാലാമത്തെ ഇര. 1888 സെപ്റ്റംബര്‍ 30 നാണ് കാതറിനെ ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍ തെരുവില്‍ കണ്ടെത്തുന്നത്. അതേ രാത്രി റിപ്പര്‍ മറ്റൊരു സ്ത്രീയെ കൂടി കൊന്നു. കൊലപാതകം നടന്ന സ്ഥലത്തു നിന്ന് പൊലീസിന് ഒരു ഷാള്‍ ലഭിച്ചിരുന്നു. അതായിരുന്നു റിപ്പറിനെ കുറിച്ച് സൂചനകള്‍ തരുന്ന ആകെ തെളിവ്. ഈ ഷാള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞ് 2007 ല്‍ ലേലം വെക്കുകയാണുണ്ടായത്. റസല്‍ എഡ്വേര്‍ഡ് എന്ന എഴുത്തുകാരനായിരുന്നു ആ ഷാള്‍ അന്ന് ലേലത്തില്‍ സ്വന്തമാക്കിയത്. കൊലപാതകിയുടെ രക്തത്തിന്റേയും ശുക്ലത്തിന്റേയും അംശങ്ങള്‍ വര്‍ഷങ്ങള്‍ക്കിപ്പുറവും ആ ഷാളിലുണ്ടെന്ന് അവകാശപ്പെട്ട റസല്‍ അത് ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കാന്‍ തീരുമാനിച്ചു.... പിന്നീട് എന്ത് സംഭവിച്ചു എന്നതിനെ കുറിച്ച് പറയുന്നതിന് മുമ്പ് നെയിമിംഗ് ജാക്ക് ദി റിപ്പര്‍: ദി ഡെഫിനിറ്റീവ് റിവീല്‍ എന്ന റസ്സലിന്റെ പുസ്തകത്തില്‍ പറയുന്ന കാര്യങ്ങളിലേക്ക് പോകാം.. റിപ്പറിന്റെ കൊലപാതകങ്ങളെ കുറിച്ച് താന്‍ നടത്തിയ അന്വേഷണങ്ങളും കണ്ടെത്തലുകളുമാണ് റസല്‍ ഈ പുസ്തകത്തില്‍ പറയുന്നത്. അതില്‍ നേരത്തേ പറഞ്ഞ, ലണ്ടന്റെ ഇരുണ്ട യാഥാര്‍ത്ഥ്യങ്ങളെ കുറിച്ചുള്ള സൂചനകളുണ്ട്...


ALSO READ: ജുവാനിറ്റയുടെ കഥ അഥവാ സൂര്യന്റെ കന്യക 


ജനങ്ങള്‍ തിങ്ങി നിറഞ്ഞ് താമസിക്കുന്ന മദ്യശാലകളും കശാപ്പുശാലകളും കൊള്ളയും കൊള്ളിവെപ്പും വ്യാപകമായി നടക്കുന്ന മലീമസമായ ഇരുണ്ട നഗരം... അതായിരുന്നു ആയിരത്തി എണ്ണൂറുകളിലെ ഈസ്റ്റ് എന്‍ഡ്. വ്യാവസായിക വിപ്ലവ കാലത്ത് നിരവധി ബ്രൂവറികളും കശാപ്പുശാലകളും പഞ്ചസാര ശുദ്ധീകരണശാലകളും ഇവിടെ പ്രവര്‍ത്തിച്ചിരുന്നതിനാല്‍ തന്നെ അനേകായിരം കുടിയേറ്റ തൊഴിലാളികളും ഇവിടെ എത്തി. 1800 കളുടെ മധ്യത്തില്‍ ഒരു ജീവിതം തേടി ഇവിടെ വന്നവരില്‍ ഐറിഷ് ഉരുളക്കിഴങ്ങ് ക്ഷാമത്തിന്റെ ഇരകളും കിഴക്കന്‍ ജൂത അഭയാര്‍ത്ഥികളുമെല്ലാം ഉള്‍പ്പെടും.

1881 മാര്‍ച്ചില്‍ സര്‍ അലക്സാണ്ടര്‍ രണ്ടാമന്റെ വധത്തിന് പിന്നാലെ ജൂതന്മാര്‍ക്കെതിരെ വ്യാപകമായ അക്രമങ്ങളുണ്ടായി. കൊലപാതകത്തിന് ഉത്തരവാദികള്‍ ജൂതന്മാരാണെന്ന പ്രചരണമായിരുന്നു കാരണം. കിഴക്കന്‍ യൂറോപ്പില്‍ ആകമാനം ഉണ്ടായ ആക്രമണത്തെ തുടര്‍ന്ന് റഷ്യയിലേയും ജര്‍മനിയിലേയും ജൂതന്മാര്‍ ലണ്ടനിലെ ഈസ്റ്റ് എന്‍ഡില്‍ അഭയം തേടി. 1887 ആയപ്പോഴേക്കും ലണ്ടനും വൈറ്റ്ചാപ്പലിന്റെ ഈസ്റ്റ് എന്‍ഡ് പരിസരത്തുമായി 28,000 ലേറെ ജൂത കുടിയേറ്റക്കാര്‍ താമസിച്ചിരുന്നു.

പല ദേശങ്ങളിലുള്ളവര്‍ അഭയം തേടിയെത്തിയതില്‍ ഈസ്റ്റ് വുഡില്‍ നേരത്തേ ഉണ്ടായിരുന്നവര്‍ക്കുള്ള അമര്‍ശവും വിദ്വേശവും പല സംസ്‌കാരങ്ങളിലുള്ള പലജാതി മനുഷ്യര്‍ തിങ്ങിപ്പാര്‍ത്ത് ജീവിക്കുമ്പോള്‍ ഉണ്ടാകുന്ന അസ്വാരസ്യങ്ങളും തര്‍ക്കങ്ങളുമെല്ലാം പലപ്പോഴും വലിയ കുറ്റകൃത്യങ്ങളിലേക്കും നയിച്ചു. ജനന നിരക്കും മരണ നിരക്കും ഏറ്റവും കൂടുതലുള്ള വിവാഹ നിരക്ക് ഏറ്റവും കുറവുള്ള നഗരമായി ഈസ്റ്റ് എന്‍ഡ് മാറി. ഒപ്പം ടൈഫോയിഡ്, കോളറ, ലൈംഗിക രോഗങ്ങള്‍ തുടങ്ങി എണ്ണമറ്റ രോഗങ്ങളും .... നേരം ഇരുട്ടിയാല്‍ വൈറ്റ്ചാപ്പലിലെ തെരുവുകളില്‍ എന്തും സംഭവിക്കാമെന്ന അവസ്ഥ. ജീവിക്കാന്‍ വേണ്ടി എന്തും ചെയ്യുന്ന മനുഷ്യര്‍. പുരുഷന്മാര്‍ കിട്ടുന്ന എന്ത് ജോലിയും ചെയ്യും. സ്ത്രീകളാകട്ടെ ഒരു ദിവസത്തെ ജീവിതവൃത്തിക്കായി പൂക്കള്‍ മുതല്‍ സ്വന്തം ശരീരം വരെ വില്‍ക്കുന്നു.. അരാജകത്വം മാത്രം വാണിരുന്ന ഇരുണ്ട നഗരം എന്ന് വിശേഷിപ്പിക്കാം. ഈങ്ങനെയായിരുന്ന ഈസ്റ്റ് എന്‍ഡിലാണ് ജാക്ക് ദി റിപ്പര്‍ പിറവിയെടുത്തത്.


1888 ഏപ്രില്‍ മുതല്‍ 1891 ആഗസ്റ്റ് വരെയുള്ള കണക്കുകള്‍ പ്രകാരം ഏകദേശം 11 കൊലപാതകങ്ങളുടെ പട്ടികയാണ് ദി വൈറ്റ്ചാപ്പല്‍ മര്‍ഡേഴ്സ് എന്ന പേരില്‍ പൊലീസ് ഫയലില്‍ സൂക്ഷിച്ചിരിക്കുന്നത്. ലണ്ടനിലെ തെരുവുകളിലെ വേശ്യകളെയാണ് സാധാരണയായി റിപ്പര്‍ ആക്രമിച്ചിരുന്നത്. കഴുത്ത് മുതല്‍ അടിഭാഗം വരെ മുറിച്ച് ശരീരം വികൃതമാക്കിയായിരുന്നു കൊലപാതകം. കൊല്ലപ്പെട്ട പലരുടെയും ആന്തരികാവയവങ്ങള്‍ പോലും പുറത്തെടുത്തിരുന്നു...

കാനോനിക്കല്‍ ഫൈവ്


റിപ്പര്‍ കൊലപ്പെടുത്തിയ അഞ്ച് സ്ത്രീകള്‍... മേരി ആന്‍ നിക്കോള്‍സ്, ആനി ചാപ്മാന്‍, എലിസബത്ത് സ്ട്രൈഡ്, കാതറിന്‍ എഡോസ്, മേരി ജെയിന്‍ കെല്ലി... കനോനിക്കല്‍ ഫൈവ് എന്നറിയപ്പെടുന്ന ഈ അഞ്ച് സ്ത്രീകളുടെ ജീവിതത്തിനും കൊലപാതകങ്ങളിലും സാദൃശ്യങ്ങള്‍ ഏറെയായിരുന്നു. റിപ്പറിന്റെ ഇരകളായ സ്ത്രീകളെല്ലാവരും ഭര്‍ത്താക്കന്മാരില്‍ നിന്ന് വേര്‍പെട്ട് കഴിയുന്നവരും ജീവിക്കാന്‍ കഷ്ടപ്പെടുന്നവരും മദ്യപാനത്തിന് അടിമകളുമായിരുന്നു.

1888 ആഗസ്റ്റ് 31-നാണ് വൈറ്റ്ചാപ്പലിലെ ബക്‌സ് റോയിലെ ഗേറ്റ്വേയില്‍ നിന്നും വെട്ടിമുറിച്ച് വികലമാക്കപ്പെട്ട നിലയില്‍ മേരി ആന്‍ നിക്കോള്‍സിന്റെ മൃതദേഹം കണ്ടെത്തുന്നത്. തിരിച്ചറിയാനാകാത്ത വിധം കീറിമുറിച്ച മൃതദേഹം ആരുടേതാണെന്ന് കണ്ടെത്താന്‍ തന്നെ സമയമെടുത്തു. ഭര്‍ത്താവില്‍ നിന്നും മക്കളില്‍ നിന്നും അകന്നു കഴിഞ്ഞിരുന്ന മേരി മദ്യത്തിനും മയക്കുമരുന്നിനും അടിമയായിരുന്നു. കിടക്കാന്‍ സ്ഥലമില്ലാത്ത ഒരു നേരത്തെ ഭക്ഷണത്തിന് വകയില്ലാത്ത മദ്യത്തിന് അടിമയായ മേരി ഈസ്റ്റ് എന്‍ഡിലെ സാമൂഹിക സാഹചര്യത്തില്‍ സ്വാഭാവികമായും എത്തിപ്പെട്ടത് വേശ്യാവൃത്തിയിലായിരുന്നു. കൊല്ലപ്പെടുന്ന ദിവസം പുലര്‍ച്ചെ മേരിയെ കണ്ടിരുന്നതായി അവരുടെ സുഹൃത്ത് പിന്നീട് വെളിപ്പെടുത്തി. അമിതമായി മദ്യപിച്ച നിലയില്‍ സന്തോഷവതിയായ കണ്ട മേരി താന്‍ ഒരുപാട് പണം സമ്പാദിച്ചുവെന്നും അതെല്ലാം ചെലവാക്കി തീര്‍ത്തുവെന്നുമായിരുന്നു പറഞ്ഞിരുന്നത്. കൂട്ടുകാരിയെ ജീവിതത്തില്‍ അവസാനമായി കാണുകയാണെന്ന് അന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും സുഹൃത്ത് പറഞ്ഞു. 2.30 ന് അവസാനമായി കണ്ട മേരിയെ പുലര്‍ച്ചെ 3.45 ഓടെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.


മേരിയുടെ കൊലപാതകം നടന്ന് ഒരാഴ്ചയ്ക്കുള്ളില്‍ ആനി ചാപ്പ്മാന്‍ എന്ന സ്ത്രീ കൊല്ലപ്പെട്ടു. മേരിയുടേതിന് സമാനമായ ജീവിതമായിരുന്നു ആനിയുടേതും. കൊല്ലപ്പെട്ടതും സമാന സാഹചര്യങ്ങളില്‍, മൃതദേഹങ്ങളില്‍ കണ്ടെത്തിയ മുറിവുകളിലും സാദൃശ്യം.


ആനിക്കു പിന്നാലെ എലിസബത്ത് സ്ട്രൈഡ്... എലിസബത്തിന്റെ കൊലപാതകത്തോടെയാണ് ജാക്ക് റിപ്പറിനെ കുറിച്ചുള്ള തെളിവുകള്‍ ലഭിക്കുന്നത്. ആ സമയത്തിനുള്ളില്‍ കുറ്റവാളി മൂന്ന് കൊലപാതകങ്ങള്‍ നടത്തിക്കഴിഞ്ഞിരുന്നു. കൊല്ലപ്പെട്ട ദിവസം രാത്രി ഡട്ട്ഫീല്‍ഡ് യാഡിന് സമീപം ഒരു പുരുഷനൊപ്പം സൗഹൃദത്തില്‍ സംസാരിച്ച് അടുത്തിടപഴകുന്ന എലിസബത്തിനെ കണ്ടവരുണ്ട്. പിറ്റേ ദിവസം പുലര്‍ച്ചെ എലിസബത്തിന്റെ മൃതദേഹം കണ്ടെത്തി.

ആരായിരുന്നു എലിസബത്തിനൊപ്പം കണ്ട പുരുഷന്‍? കറുത്ത ജാക്കറ്റും പ്രത്യേക രീതിയിലുള്ള തൊപ്പിയും ധരിച്ച കറുത്ത നിറമുള്ള അഞ്ചടിയിലധികം ഉയരവും കുറ്റിമീശയുമുള്ള ഒരാള്‍.. പക്ഷേ അയാള്‍ ആരാണെന്ന് ആര്‍ക്കുമറിയില്ല.


എലിസബത്തിന്റെ കൊലപാതകിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയതിനിടയില്‍ തന്നെ അയാള്‍ തന്റെ അടുത്ത ഇരയേയും കൊന്നു. ലൈംഗിക തൊഴിലാളിയായ കാതറിന്‍ എഡോവ്സ്. എലിസബത്തിന്റെ മൃതദേഹം കണ്ടെത്തുന്ന സമയത്ത് പൊലീസ് സ്റ്റേഷനിലായിരുന്നു കാതറിന്‍. കുടിച്ച് ബോധംകെട്ട് റോഡില്‍ കിടന്ന കാതറിനെ പൊലീസ് സ്റ്റേഷനില്‍ കൊണ്ടുവരികയായിരുന്നു. സ്റ്റേഷനില്‍ നിന്ന് ഇറങ്ങി എട്ടാമത്തെ മിനുട്ടില്‍ കാതറിന്‍ കൊല്ലപ്പെട്ടു.


മേരി കെല്ലി, ജാക്ക് ദി റിപ്പറിന്റെ അഞ്ചാമത്തെ ഇര.. വെറും ഇരുപത്തിയഞ്ച് വയസ്സ് മാത്രം പ്രായമുള്ള ലൈംഗിക തൊഴിലാളി. വികൃതമാക്കപ്പെട്ട നിലയിലാണ് മേരി കെല്ലിയുടെ മൃതദേഹവും ജനങ്ങള്‍ കണ്ടെത്തിയത്. കെല്ലിയുടെ മൃതദേഹം പരിശോധിച്ച ഡോക്ടര്‍മാര്‍ പറയുന്നത്, കൊലയാളിക്ക് ശരീര ഘടനയെ കുറിച്ചുള്ള അടിസ്ഥാന അറിവ് പോലും ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ്. ഒരു കശാപ്പുകാരന്റെയോ ചത്ത മൃഗങ്ങളെ കൊത്തിയെടുക്കാന്‍ ശീലിച്ച ഒരാളുടേയോ അറിവു പോലും അയാള്‍ക്കുണ്ടാകില്ല എന്ന്... അത്രയ്ക്ക് നികൃഷ്ടമായിട്ടായിരുന്നു ആ മനുഷ്യ ശരീരത്തെ അയാള്‍ വെട്ടിനുറുക്കിയത്.



ആരാണ് ജാക്ക് ദി റിപ്പര്‍?


ഇനി വീണ്ടും ആ പഴയ ചോദ്യത്തിലേക്ക് വരാം. ആരാണ് ജാക്ക് ദി റിപ്പര്‍? അയാളെ കണ്ടെത്തുന്നതിനായി കാതറിന്‍ എഡോവ്സിന്റെ മൃതദേഹത്തിനരികില്‍ നിന്ന് കിട്ടിയ ഷോള്‍ 2007 ല്‍ ലേലത്തില്‍ സ്വന്തമാക്കിയ എഡ്വേര്‍ഡ് റസ്സല്‍ എന്ന എഴുത്തുകാരനെ കേള്‍ക്കണം. നൂറ് വര്‍ഷം മുമ്പ് നടന്ന സീരിയല്‍ കൊലയുടെ ചുരുളഴിക്കാന്‍ ഇറങ്ങിത്തിരിച്ച എഴുത്തുകാരന്‍. അദ്ദേഹത്തിന്റെ നെയിമിംഗ് ജാക്ക് ദി റിപ്പര്‍: ദി ഡെഫിനിറ്റീവ് റിവീല്‍ എന്ന പുസ്തകമാണ് ലണ്ടന്‍ ജനതയേയും പൊലീസിനേയും കുഴക്കിയ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തിയത്.

പല തീയറികളുമുണ്ടായിരുന്നു വൈറ്റ് ചാപ്പലിലെ ആ കൊലപാതകി ആരാണെന്നതിനെ കുറിച്ച്, അയാളൊരു ജൂതനാണെന്നും രക്ഷപ്പെട്ട ഭ്രാന്തനാണെന്നും, അതല്ല ഭ്രാന്തനായ മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണെന്നും എന്തിന് രാജകുടുംബത്തിലെ അംഗമാണെന്നു പോലും തീയറികള്‍ വന്നു. സംശയിക്കുന്നവരുടെ ലിസ്റ്റില്‍ പല പേരുകളുമുണ്ടായിരുന്നു, ഒരു സ്ത്രീയുടെ നേരെ കത്തിവീശിയ ജര്‍മന്‍ ഹെയര്‍ ഡ്രസര്‍ ചാള്‍സ് ലുഡ് വിഗ്, സഞ്ചാരിയായ സ്വീഡിഷ് വംശജന്‍ നിക്കനാര്‍ ബെനെലിയസ്, അങ്ങനെ പല പേരുകള്‍... പക്ഷേ, ഇവരാരും കൊലയാളിയാണെന്ന് കണ്ടെത്താനുള്ള ഒരു തെളിവു പോലും ലഭിച്ചില്ല.

മറ്റൊരു തീയറി, കൊലപാതകി എന്തുകൊണ്ട് ഒരു സ്ത്രീ ആയിക്കൂടാ എന്നതായിരുന്നു, ജാക്ക് ദി റിപ്പര്‍ അല്ല, ജില്‍ ദി റിപ്പര്‍ ആകും സീരിയല്‍ കില്ലര്‍ എന്ന്. ഈ തീയറിയെ പിന്തുണക്കുന്നവര്‍ അതിനെ സാധൂകരിക്കാന്‍ തെളിവുകളും നിരത്തി, നിയമവിരുദ്ധമായി അബോര്‍ഷന്‍ ചെയ്ത് കൊടുക്കുന്ന ഒരു നഴ്സ് ആകാം, അങ്ങനെയൊരാളെ സമീപിച്ച് ഈസ്റ്റ് എന്‍ഡിലെ നിരവധി സ്ത്രീകളും എത്തും.. അങ്ങനെ.

കൗതുകകരമായ മറ്റൊരു തീയറി, സിഫിലിസ് ബാധിച്ച പ്രിന്‍സ് എഡ്ഡി എന്നറിയപ്പെടുന്ന പ്രിന്‍സ് ആല്‍ബര്‍ട്ട് വിക്ടര്‍ എഡ്വേര്‍ഡ് എന്ന രാജകുടുംബാംഗം ഈസ്റ്റ് എന്‍ഡിലെ വേശ്യകളെ കൊല്ലാന്‍ പോയി എന്നതാണ്... അങ്ങനെ പല കഥകള്‍... പല വാദങ്ങള്‍...

അതില്‍ നിന്നെല്ലാം വേറിട്ടു നില്‍ക്കുന്നതായിരുന്നു ആരോണ്‍ മര്‍ഡോക് കോസ്മെന്‍സ്‌കി എന്നയാളുടെ പേര്. 2007 ല്‍ റസല്‍ ആ ഷാള്‍ സ്വന്തമാക്കിയതു മുതില്‍ കോസ്മെന്‍സ്‌കിയുടെ പേര് റിപ്പറുമായി ബന്ധപ്പെട്ട് ഉയരുന്നുണ്ട്.

1865ല്‍ മധ്യ പോളണ്ടിലെ കാലിഷ് പ്രവിശ്യയിലാണ് കോസ്മിന്‍സ്‌കി ജനിച്ചത്. കഷ്ടിച്ച് 10 വയസ്സുള്ളപ്പോള്‍, അയാള്‍ക്ക് പിതാവിനെ നഷ്ടപ്പെട്ടു. പിന്നീട് അവരുടെ കുടുംബം ഇംഗ്ലണ്ടിലേക്ക് പലായനം ചെയ്തു, പുതിയ ഇംഗ്ലീഷ് പേരുകള്‍ സ്വീകരിച്ചു.


1888 ആയപ്പോഴേക്കും ജൂത കുടിയേറ്റക്കാരുടെ മാത്രമല്ല, സെമിറ്റിക് വിരുദ്ധ വിദ്വേഷത്തിന്റെ കേന്ദ്രമായും ഈസ്റ്റ് എന്‍ഡ് മാറിയിരുന്നു. തൊഴിലില്ലാത്ത ബ്രിട്ടീഷുകാരുടെ അവസരങ്ങള്‍ കുറഞ്ഞ വേതനം വാങ്ങി ജൂതന്മാര്‍ തട്ടിയെടുക്കുന്നുവെന്നതായിരുന്നു പ്രധാന പ്രശ്നം. കുടിയേറ്റക്കാരോട് ശത്രുതാപരമായ മനോഭാവം വളര്‍ന്നു, കോസ്മിന്‍സ്‌കിയുള്‍പ്പെടെ പല കുടിയേറ്റ കുടുംബങ്ങളുടേയും ജീവിതം ദുസ്സഹമായി. കടുത്ത സാമൂഹിക സാഹചര്യങ്ങള്‍ കോസ്മിന്‍സ്‌കിയെ തികഞ്ഞ സാമൂഹ്യവിരുദ്ധനും കുറ്റവാളിയുമാക്കി മാറ്റിയെന്നാണ് റസലിന്റെ തിയറി. വെറും തിയറി മാത്രമായിരുന്നില്ല അത്, അതിനെ സാധൂകരിക്കാന്‍ നൂറ് വര്‍ഷങ്ങള്‍ക്കിപ്പുറമുള്ള കോസ്മിന്‍സ്‌കിയുടെ കുടുംബ പരമ്പരകളിലേക്ക് വരെ റസ്സല്‍ എന്ന എഴുത്തുകാരന്‍ അന്വേഷിച്ചിറങ്ങി.

ഈ അന്വേഷണത്തിനായി റസ്സലിനൊപ്പം ഡോ. ജാരി ലുഹലൈനനുമുണ്ടായിരുന്നു. അവര്‍ക്ക് ആകെയുണ്ടായിരുന്ന തുമ്പ് റസ്സല്‍ ലേലത്തില്‍ സ്വന്തമാക്കിയ ഷാളായിരുന്നു. ഷാളിലുണ്ടായിരുന്ന രക്തക്കറ മൂന്ന് തലമുറയ്ക്കിപ്പുറമുള്ള കാതറിന്‍ എഡോസിന്റെ സന്തതി പരമ്പരയിലുള്ള കാരെന്‍ മില്ലറുമായി മാച്ച് ചെയ്തു. ഷാള്‍ കാതറിന്റേതാണെന്ന് അതോടെ തെളിഞ്ഞു. ഇനി ആരോണ്‍ കോസ്മെന്‍സ്‌കിയുടെ പങ്ക് കണ്ടെത്തേണ്ട ദൗത്യമായിരുന്നു മുന്നിലുണ്ടായിരുന്നത്. റിപ്പറിന്റെ ഡിഎന്‍എ സാമ്പിളും ഷാളില്‍ നിന്ന് കണ്ടെത്തിയിരുന്നു. കോസ്മെന്‍സ്‌കിയുടെ കുടുംബ പരമ്പരയില്‍ ഇക്കാലത്ത് ജീവിച്ചിരിക്കുന്നവരുടെ ഡിഎന്‍എയുമായി ഇത് യോജിച്ച് നോക്കണമായിരുന്നു. അതിന് ആദ്യം അയാളുടെ കുടുംബ പരമ്പരയെ കണ്ടെത്തണമായിരുന്നു. ശ്രമകരമായ ആ കടമ്പയും റസ്സലും ജാരിയും കടന്നു.
ഒടുവില്‍ അവര്‍ ആരോണ്‍ കോസ്മിന്‍സ്‌കിയുടെ സഹോദരി മറ്റില്‍ഡ ലുബ്‌നോവ്‌സ്‌കിയുടെ പിന്‍ഗാമിയെ കണ്ടെത്തി, അവര്‍ പരിശോധനയ്ക്ക് വിധേയയാകാന്‍ സമ്മതിച്ചു.

അമ്പരപ്പിക്കുന്നതും ആഹ്ലാദിപ്പിക്കുന്നതുമായിരുന്നു ആ പരിശോധനാ ഫലം. ഡിഎന്‍എ സാമ്പിള്‍ നൂറ് ശതമാനം പോസിറ്റീവ്.. 2013 ല്‍ ഡിഎന്‍എ ഫലത്തിന്റെ ബലത്തില്‍ ജാക്ക് ദി റിപ്പര്‍ ആരോണ്‍ കോസ്മിന്‍സ്‌കി തന്നെയാണെന്ന് റസ്സല്‍ ഉറപ്പിച്ച് പറയുന്നു. അങ്ങനെ നൂറ് 125 വര്‍ഷങ്ങള്‍ക്കു ശേഷം ജാക്ക് ദി റിപ്പര്‍ ആരാണെന്ന സത്യം റസ്സല്‍ എന്ന എഴുത്തുകാരന്‍ ലോകത്തിന് മുന്നില്‍ കൊണ്ടു നിര്‍ത്തി.

അഴിയാത്ത കുരുക്ക്

ആരോണ്‍ കിമോന്‍സ്‌കി എന്ന മനുഷ്യനാണോ പതിനൊന്നോളം സ്ത്രീകളെ ഇഞ്ചിഞ്ചായി കൊലപ്പെടുത്തിയ സീരിയല്‍ കില്ലര്‍? ഒരു ഷാളിന്റെ മാത്രം പിന്‍ബലത്തില്‍ എങ്ങനെ അത് പറയാനാകും? ഇനി കിമോന്‍സ്‌കി തന്നെയാണെങ്കില്‍ അയാള്‍ക്ക് തനിച്ച് ഈ രീതിയില്‍ കൊല ചെയ്യാന്‍ കഴിയുമോ? സഹായത്തിന് ആരെങ്കിലും ഉണ്ടാകില്ലേ? ചോദ്യങ്ങള്‍ ഇനിയും അനവധിയാണ്. കാത്തിരിക്കാം കാലത്തിന്റെ ഒഴുക്കില്‍ ഇതിനെല്ലാമുള്ള ഉത്തരങ്ങള്‍ കിട്ടുമോ എന്ന്.

KERALA
തിരുവനന്തപുരത്ത് പത്ത് വയസുകാരി ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ
Also Read
user
Share This

Popular

NATIONAL
WORLD
ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ല; ത്രിഭാഷ നയത്തിനെതിരെ ടിവികെ പോരാടും; പാര്‍ട്ടിയുടെ ഒന്നാം വാര്‍ഷികത്തില്‍ വിജയ്